ADVERTISEMENT

ലണ്ടൻ∙ അവിശ്വസനീയം, അസാധ്യം! നിഘണ്ടുവിലെ ഈ രണ്ടു ‘കടുകട്ടി’ വാക്കുകൾക്ക് ഇനി ഇനി പഴയ കാഠിന്യമില്ല; കുറഞ്ഞപക്ഷം ഫുട്ബോൾ മൈതാനത്തെങ്കിലും. കാൽപ്പന്തുകളിയിൽ അസാധ്യമെന്നൊന്നില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഇംഗ്ലിഷ് വമ്പൻമാരായ ലിവർപൂൾ തുടർച്ചയായ രണ്ടാം സീസണിലും യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ ആവേശം ആകാശം തൊട്ട രാവിൽ, ആദ്യപാദത്തിലെ മൂന്നു ഗോൾ കടത്തിനൊപ്പം ഒന്നുകൂടി ബാർസിലോനയുടെ വലയിലേക്ക് അടിച്ചുകയറ്റിയാണ് ലിവർപൂളിന്റെ വിജയാരവം. ചാംപ്യൻസ് ലീഗ് യൂറോപ്യൻ കപ്പായിരുന്ന കാലത്ത് 1986ൽ ഗോഥൻബർഗിനെതിരെ ബാർസിലോന മൂന്നു ഗോൾ കടം വീട്ടി ജയിച്ചുകയറിയ ശേഷം ഇത്തരമൊരു വിജയം ഇതാദ്യം.

പകരക്കാരായെത്തി പകരം വയ്ക്കാനില്ലാത്ത ഇരട്ടഗോളുകളുമായി തിളങ്ങിയ ബൽജിയം താരം ഡിവോക് ഒറിജി (7, 79), ഹോളണ്ട് താരം ജോർജിനോ വിനാൽഡം (54, 56) എന്നിവരുടെ പ്രകടനമാണ് ലിവർപൂളിന് വിജയമുറപ്പാക്കിയത്. ഇതോടെ, ആദ്യപാദത്തിലെ മൂന്നു ഗോൾ കടം വീട്ടിയ ലിവർപൂൾ ഇരുപാദങ്ങളിലുമായി 4–3ന്റെ ലീഡു നേടി ഫൈനലിലെത്തി. ടോട്ടനം ഹോട്സ്പർ – അയാക്സ് ആംസ്റ്റർഡാം സെമി വിജയികളുമായാണ് ലിവർപൂളിന്റെ കലാശപ്പോരാട്ടം. ടോട്ടനത്തിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിനു ജയിച്ച അയാക്സ് ഫൈനൽ സാധ്യതകളിൽ ഒരടി മുന്നിലാണ്.

∙ പകരക്കാരില്ലാത്ത പകരക്കാർ!

പകരം വയ്ക്കാനില്ലാത്ത രണ്ടു പകരക്കാരുടെ ദിനമായിരുന്നു ഇന്ന്. മൽസരത്തിന്റെ ഗതി നിർണയിച്ച നാലു ഗോളും പിറന്നത് രണ്ടു പകരക്കാരുടെ ബൂട്ടിൽനിന്ന്. സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലാ, റോബർട്ടോ ഫിർമീനോ എന്നിവർക്കു പരുക്കേറ്റതുകൊണ്ടു മാത്രം ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ച ഡിവോക് ഒറിജിയാണ് ആദ്യത്തെയാൾ. ഏഴാം മിനിറ്റിൽ ഗോളടിക്കു തുടക്കമിട്ടതും 79–ാം മിനിറ്റിൽ ഗോളടി അവസാനിപ്പിച്ചതും ഒറിജി തന്നെ. ആദ്യ പകുതിയിൽ ബാർസിലോനയുടെ യുറഗ്വായ് താരം ലൂയി സ്വാരസിന്റെ ഫൗളേറ്റു മൈതാനം വിട്ട ആൻഡി റോബർട്സനു പകരക്കാരനായി എത്തി ഇരട്ട ഗോൾ േനടിയ ഹോളണ്ട് താരം ജോർജിനോ വിനാൽ‌ഡമാണ് രണ്ടാമൻ. വെറും 122 സെക്കൻഡിന്റെ ഇടവേളയിൽ വിനാൽഡം നേടിയ ഇരട്ടഗോളാണ് അക്ഷരാർഥത്തിൽ മൽസരം ലിവർപൂളിനു സമ്മാനിച്ചത്.

wijnaldum-goal-vs-barcelona
ബാർസയ്‌ക്കെതിരെ ലിവർപൂളിന്റെ മൂന്നാം ഗോൾ നേടുന്ന വിനാൽഡം.

സലാ–ഫിർമീനോ ദ്വയത്തിന്റെ പരുക്കുമൂലം ആദ്യ ഇലവനിൽ അവസരം ലഭിച്ച സ്വിറ്റ്സർലൻഡ് താരം ഷെർദാൻ ഷാക്കിരിയും തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞു. ജെറമി വിനാൽഡം നേടിയ മൂന്നാം ഗോളിനു വഴിയൊരുക്കിയതും ഷാക്കിരി തന്നെ. സൂപ്പർ താരങ്ങളായ സലായും ഫിർമീനോയും പുറത്തിരുന്നത് ലിവർപൂളിന്റെ അവശേഷിക്കുന്ന സാധ്യതകളിൽക്കൂടി കരിനിഴൽ വീഴ്ത്തിയെങ്കിലും പകരക്കാർ പകരം വയ്ക്കാനില്ലാത്ത പ്രകടനം പുറത്തെടുത്തതോടെ ലിവർപൂൾ അനായാസം ഫൈനലിലേക്കു കുതിച്ചു. മറുവശത്ത് ബാർസ കിതച്ചു പുറത്തേക്കും. പോസ്റ്റിനു മുന്നിൽ അസാമാന്യ വിരുതുമായി നിലയുറപ്പിച്ച ബ്രസീലിയൻ ഗോൾകീപ്പർ ബക്കർ അലിസന്റെ രക്ഷപ്പെടുത്തലുകളും ലിവർപൂൾ വിജയത്തിൽ നിർണായകമായി.

∙ ബാർസയെ വീഴ്ത്തിയ ക്ലോപ്

ബാർസിലോന – ലിവർപൂൾ മൽസരം യൂർഗൻ ക്ലോപ്പിന്റെ തലയും ലയണൽ മെസ്സിയുടെ കാലുകളും തമ്മിലുള്ള പോരാട്ടമാകുമെന്ന വിലയിരുത്തൽ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതാണ് സെമി പോരാട്ടം. നൂകാംപിൽ നടന്ന ആദ്യപാദത്തിൽ ക്ലോപ്പിന്റെ തന്ത്രങ്ങൾക്കു മേൽ മെസ്സിയുടെ പ്രതിഭ വിജയം നേടിയെങ്കിൽ അന്തിമ വിജയം ക്ലോപ്പിനൊപ്പം നിന്നു. ടീമിന്റെ നെടുന്തൂണുകളായ മുഹമ്മദ് സലാ, റോബർട്ടോ ഫിർമീനോ എന്നിവരുടെ അഭാവത്തിൽ ലിവർപൂൾ നേടിയ വിജയം ക്ലോപ്പിന്റെ തന്ത്രങ്ങളുടെ കൂടി വിജയമാണ്.

liverpool-celebration
മൽസരശേഷം കാണികളുടെ അഭിവാദ്യം ചെയ്യുന്ന യൂർഗൻ ക്ലോപ്പും സംഘവും.

‘തോറ്റാലും അന്തസായി തോൽക്കണ’മെന്ന പാഠമോതിയാണ് നിർണായകമായ രണ്ടാം പാദത്തിൽ ക്ലോപ്പ് ചെമ്പടയെ ബാർസയ്ക്കു മുന്നിൽ അവതരിപ്പിച്ചത്. ഈ പോരാട്ടത്തിന് എല്ലാ ആവേശവും പകരാനുള്ള ക്ലോപ്പിന്റെ ആഹ്വാനം ശിരസ്സാ വഹിച്ച് ആൻഫീൽഡിനെ ചുമപ്പിച്ചെത്തിയ ആരാധകപ്പടയും കളിയിൽ നിർണായക സാന്നിധ്യമായി. ആദ്യ മിനിറ്റു മുതൽ ലിവർപൂൾ താരങ്ങളുടെ നീക്കങ്ങൾക്ക് കാതടപ്പിക്കുന്ന ആരവത്തോടെ അകമ്പടി സേവിച്ച ആരാധകർ, ബാർസയെ സമ്മർദ്ദത്തിലാക്കി. സ്വാഭാവിക പ്രകടനം പുറത്തെടുക്കാനാകാതെ ലയണൽ മെസ്സിയും സംഘവും പരുങ്ങിയതും ക്ലോപ്പിന്റെ ബുദ്ധിയിലുതിച്ച തന്ത്രങ്ങളുടെ ഫലം തന്നെ!

∙ സമ്മർദ്ദത്തിനടിപ്പെട്ട് ബാർസ

‘ഒരു നിമിഷം ഞങ്ങൾ സ്കൂൾ കുട്ടികളെപ്പോലെയായിപ്പോയി!’ ലിവർപൂളിനെതിരായ നാലാം ഗോൾ വഴങ്ങിയതിനെക്കുറിച്ച് ബാർസ സൂപ്പർ താരം ലൂയി സ്വാരസിന്റെ കുമ്പസാരം. മൽസരത്തിലുടനീളം ലിവർപൂളിനു മുന്നിൽ ചൂളിനിന്ന ബാർസിലോന ചോദിച്ചുവാങ്ങിയ തോൽവിയായി ഇത്. പന്തു കൈവശം വച്ച് നീക്കങ്ങൾ മെനയുന്ന ബാർസയുടെ തന്ത്രം ലിവർപൂൾ തുടക്കത്തിലെ പൊളിച്ചടിക്കിയതാണ് കളിയിൽ നിർണായകമായത്. തുടക്കം മുതലേ ബാർസ താരങ്ങളെ നിലത്തുനിർത്താതെ ഇരമ്പിയാർത്ത ലിവർപൂൾ താരങ്ങൾ ലക്ഷ്യം വ്യക്തമാക്കി.

ആരാധകരുടെ കാതടപ്പിക്കുന്ന ആരവത്തിനൊപ്പം ലിവർപൂളിന്റെ ‘ഹൈ പ്രസ്’ ഗെയിം കൂടിയായതോടെ ബാർസ സമ്മർദ്ദത്തിനടിപ്പെട്ടു എന്നതാണ് സത്യം. ഇത്തരം സാഹചര്യത്തിൽ പിടിച്ചുനിൽക്കാനോ തിരിച്ചടിക്കാനോ ഉള്ള ‘പ്ലാൻ ബി’ ഇല്ലാതെ പോയതും ബാർസയെ തിരിച്ചടിച്ചു. മെസ്സിയുടെയും സ്വാരസിന്റെയും ചില ഒറ്റപ്പെട്ട നീക്കങ്ങളിൽ ബാർസ ഉയർത്തിയ ഭീഷണി ഒതുങ്ങിപ്പോയതിനു കാരണവും മറ്റൊന്നില്ല.

lionel-messi-vs-liverpool
മൽസരത്തിനിടെ മെസ്സിയുടെ പ്രതികരണം.

കഴിഞ്ഞ സീസണിലും ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ ബാർസ പുറത്തായത് സമാനമായ രീതിയിൽത്തന്നെ. അന്ന് ആദ്യപാദത്തിൽ എഎസ് റോമയ്ക്കെതിരെ 4–1നു ജയിച്ച ബാർസ, രണ്ടാം പാദത്തിൽ റോമയുടെ തട്ടകത്തിൽ 3–0നു തോറ്റു. എവേ ഗോളിന്റെ ആനുകൂല്യത്തിൽ റോമ സെമിയിലേക്കു മുന്നേറുകയും ചെയ്തു.

∙ ഗോളുകൾ വന്ന വഴി

ഡിവോക് ഒറിജി (7–ാം മിനിറ്റ്): ബാർസിലോന ഡിഫൻഡർ ജോർഡി ആൽബയുടെ പിഴവിൽനിന്നായിരുന്നു ആ ഗോൾ. ഗോൾമേഖലയുടെ വലതുഭാഗത്ത് ലിവർപൂൾ താരം ജോർദാൻ ഹെൻഡേഴ്സണു പന്തു കിട്ടി. ഒരു ഡിഫൻഡറെ മറികടന്ന ഹെൻഡേഴ്സന്റെ കിക്ക് ബാർസ ഗോളി മാർക് ആന്ദ്രേ ടെർ സ്റ്റെഗാൻ തടഞ്ഞു. ഗോളിയുടെ കയ്യിൽത്തട്ടി തെറിച്ച പന്ത് ബോക്സിനുള്ളിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെനിന്ന ഡിവോക് ഒറിജിയുടെ കാലിൽ. വീണു കിടക്കുന്ന ബാർസ ഗോളി കാൺകെ ഒഴി‍ഞ്ഞ പോസ്റ്റിലേക്ക് അനായാസം ഒറിജി പന്തു തട്ടിയിട്ടു. (1–0).

eric-origi-first-goal
ലിവർപൂളിന്റെ ആദ്യഗോൾ നേടുന്ന ഡിവോക് ഒറിജി.

ജോർജിനോ വിനാ‍ൽഡം (54–ാം മിനിറ്റ്): പകരക്കാരൻ വിനാൽഡത്തിന്റെ അതിമനോഹര ഗോൾ. മധ്യനിരയിൽനിന്ന് ബാർസയുടെ നീക്കം പൊളിച്ചു കിട്ടിയ പന്തുമായി ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ കുതിപ്പ്. വലതു വിങ്ങിൽനിന്ന് അർനോൾഡിന്റെ ക്രോസ് ബാർസ താരത്തിന്റെ ദേഹത്തു തട്ടി ചെരിഞ്ഞു ബോക്സിലേക്ക്. ബോക്സിൽ 3 ബാർസ ഡിഫൻഡർമാരുടെ നടുവിൽ നിന്ന വിനാൽഡത്തിന്റെ ഡയറക്ട് കിക്ക് തടയാനോങ്ങിയ ടെർ സ്റ്റെഗാന്റെ കയ്യിൽ തട്ടി പന്തു വലയിൽ.

ജോർജിനോ വിനാ‍ൽഡം (56 –ാം മിനിറ്റ്): വീണ്ടും വിനാൽഡം. മുൻപത്തെ ഗോൾ നേടി 122 സെക്കൻഡിനകം അടുത്തത്. ബാർസയുടെ ഗോൾമുഖം വരെയെത്തി മടങ്ങിയ നീക്കത്തിന്റെ ബാക്കിയായിരുന്നു അത്. ഇടതുവിങ്ങിൽ ബോക്സിന് അരികെനിന്ന് ജയിംസ് മിൽനർ ഉയർത്തി വിട്ട ക്രോസ്, ബാർസ ഡിഫൻഡർമാർക്കു നടുവിൽനിന്ന് ഉയർന്നുചാടിയ വിനാൽഡം തലയെത്തിച്ചു തൊട്ടു. ഗോൾപോസ്റ്റിന്റെ ഇടത്തേക്കോണിൽ പന്തു ഗോൾവലയിൽ.

wijnaldum-celebration
ഗോൾനേട്ടം ആഘോഷിക്കുന്ന ജെറമി വിനാൽഡം.

ഡിവോക് ഒറിജി (79–ാം മിനിറ്റ്): ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ അവസരോചിത ബുദ്ധി പ്രകടമായ ഗോൾ. ബാർസിലോന കളിക്കാർ ഗ്രൗണ്ടിൽ ഉറങ്ങുകയായിരുന്നോ എന്നു സംശയിക്കും ഈ ഗോൾ കണ്ടാൽ. കോർണർ കിക്ക് എടുക്കാനായി പന്ത് വച്ച ശേഷം ട്രെന്റ് അർനോൾഡ് തിരിഞ്ഞു നടന്നു. ഈ സമയം കിക്കെടുക്കാൻ ഷെർദാൻ ഷാഖീരി നടന്നു വരുന്നതു കണ്ട ബാർസ താരങ്ങൾ അൽപനേരത്തേക്ക് ആലസ്യത്തിലായി. ഇതുമനസ്സിലാക്കിയ അർനോൾഡ്, നിമിഷാർധം കൊണ്ടു വെട്ടിത്തിരിഞ്ഞ് കിക്കെടുത്തു. ഗോൾമേഖലയിൽ മാർക്ക് ചെയ്യപ്പെടാതെനിന്ന ഒറിജി അനായാസം പന്തു വലയിലേക്കു വിട്ടു. സമീപത്തുണ്ടായിരുന്നത് ഗോളിയും ബാർസ ഡിഫൻഡർ പീക്കേയും മാത്രം!

English Summary: Liverpool complete historic comeback to beat Barcelona, advance to UCL final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com