sections
MORE

ലിവർപൂളിനു പിന്നാലെ ടോട്ടനവും പറയുന്നു; ഫുട്ബോളിൽ അസാധ്യമായിട്ടൊന്നുമില്ല

tottenham-celebration
പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റീനോയുടെ നേതൃത്വത്തിൽ ടോട്ടനം താരങ്ങളുടെ വിജയാഘോഷം.
SHARE

ബാർസിലോനയ്ക്കെതിരെ ലിവർപൂളിന്റെ ഉജ്വല വിജയത്തിനു പിറ്റേന്ന് ചാംപ്യൻസ് ലീഗിൽ വീണ്ടുമൊരു ഉശിരൻ തിരിച്ചുവരവ്. സ്വന്തം സ്റ്റേഡിയത്തിൽ സെമിഫൈനൽ ആദ്യപാദം 0–1നു തോറ്റ ടോട്ടനം ഹോട്സ്പർ രണ്ടാം പാദത്തിൽ അയാക്സിനെ 3–2നു വീഴ്ത്തി ഫൈനലിലേക്കു ടിക്കറ്റെടുത്തു. മൽസരത്തിന്റെ ആദ്യപകുതിയിൽ 2–0നു പിന്നിലായ ടോട്ടനം പിന്നീട് ബ്രസീലിയൻ താരം ലൂക്കാസ് മൗറയുടെ ഹാട്രിക്കിലാണ് അവിസ്മരണീയ വിജയത്തിലെത്തിയത്. ഇരുപാദങ്ങളിലുമായി സ്കോർ 3–3 സമനിലയായെങ്കിലും അയാക്സിന്റെ മൈതാനത്ത് മൂന്ന് എവേ ഗോളുകൾ നേടിയതാണ് ടോട്ടനമിനെ തുണച്ചത്. ജൂൺ ഒന്നിന് മഡ്രിഡിൽ നടക്കുന്ന ഓൾ ഇംഗ്ലിഷ് ഫൈനലിൽ ടോട്ടനം ലിവർപൂളിനെ നേരിടും.

ആംസ്റ്റർഡാം ∙ ലിവർപൂളിന്റേത് മരണക്കിണർ അഭ്യസമായിരുന്നെങ്കിൽ ടോട്ടനമിന്റേത് ഒരു കൺകെട്ടു വിദ്യയായിരുന്നു! ആദ്യ പകുതിയിൽ അയാക്സ് 2–0നു മുന്നിലെത്തിയ ശേഷം ‘അയാക്സ്–ലിവർപൂൾ’ ഫൈനൽ എന്നു സ്റ്റാറ്റസിട്ട് ഉറങ്ങാൻ കിടന്നവരെല്ലാം രാവിലെ എഴുന്നേറ്റ് നൂറുവട്ടം കണ്ണുതിരുമ്മിക്കാണും; എന്താണ് സംഭവിച്ചത്?

moura-erickson
ഹാട്രിക് നേടിയ ലൂക്കാസ് മൗറയ്ക്ക് ക്രിസ്റ്റ്യൻ എറിക്സന്റെ അഭിനന്ദനം.

ടോട്ടനം പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയ്ക്കു വരെ അതു ശരിക്കു മനസ്സിലായില്ല. കരയണോ ചിരിക്കണോ എന്നറിയാതെ കളിക്കാർക്കൊപ്പം പോച്ചെറ്റിനോ കണ്ണീർ വാർത്തപ്പോൾ ഒരാൾ മാത്രം മൈതാനത്തു നിന്ന് ഒരു കൈയിൽ പന്തും മറുകൈ കൊണ്ട് തന്റെ കഷണ്ടിത്തലയും തടവി ടണലിലേക്കു മടങ്ങി – രണ്ടാം പകുതിയിലെ മിന്നൽ ഹാട്രിക്കോടെ അയാക്സിന്റെ കഥ കഴിച്ച ടോട്ടനമിന്റെ ബ്രസീലിയൻ താരം ലൂക്കാസ് മൗറ. മൽസരശേഷം വിജയഗോൾ വീണ്ടും കണ്ടപ്പോൾ മൗറയും വിതുമ്പി. ദൈവമേ, എന്താണു ഞാൻ ചെയ്തു കൂട്ടിയത്!

∙ ടോട്ടനമിന്റെ സ്വപ്നം

ഒരു ചാംപ്യൻസ് ലീഗ് ഫൈനൽ എന്നത് ടോട്ടനം ആരാധകരുടെ വിദൂര സ്വപ്നങ്ങളിൽ പോലുമുണ്ടായിക്കാണില്ല. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ സമീപകാലത്ത് സ്ഥിരമായി ടോപ് ഫൈവിൽ ഇടം പിടിച്ച് ചാംപ്യൻസ് ലീഗ് കളിക്കാറുണ്ടെങ്കിലും ഇതിനു മുൻപ് ക്വാർട്ടർ‌ ഫൈനലിനപ്പുറം പോയ ചരിത്രം അവർക്കില്ല. കഴിഞ്ഞ സീസണിൽ പുതിയ താരങ്ങളെ ടീമിലെടുത്തിട്ടില്ല, കഴിഞ്ഞ കുറച്ചു കാലമായി ഹോം മൈതാനങ്ങൾ മാറിമാറി കളിക്കുന്നു, ഇംഗ്ലണ്ടിനു പുറത്ത് വലിയൊരു ഫാൻ ബേസില്ല.

ajax-goal-celebration
ഗോൾനേട്ടം ആഘോഷിക്കുന്ന അയാക്സ് താരങ്ങൾ.

താരപരിവേഷമുള്ള പരിശീലകനോ അധികം കളിക്കാരോ ഇല്ല. ഇതിനെല്ലാം പുറമെ ചാംപ്യൻസ് ലീഗിന്റെ നിർണായക ഘട്ടമായപ്പോഴേക്കും സൂപ്പർ താരം ഹാരി കെയ്ൻ പരുക്കേറ്റ് പുറത്തുമായി. എന്നിട്ടും ടോട്ടനം ഇപ്പോൾ യൂറോപ്പിന്റെ ചക്രവർത്തിപ്പട്ടത്തിന് ഒരടി അകലെ.

∙ അയാക്സിന്റെ സ്വപ്നഭംഗം

അയാക്സിനു സ്വയം സഹതപിക്കാം. ഇരുപാദങ്ങളിലുമായുള്ള 180 മിനിറ്റിൽ 150 മിനിറ്റും അവരായിരുന്നു മുന്നിൽ. ആദ്യപാദത്തിൽ ടോട്ടനമിന്റെ മൈതാനത്ത് 1–0 ജയം. രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ ആദ്യ പകുതി പിന്നിട്ടപ്പോൾ രണ്ടു ഗോളുകൾക്കു മുന്നിൽ. ഇടവേളയ്ക്കു പിരിയുമ്പോൾ ഇരുപാദങ്ങളിലുമായി അയാക്സ് 3–0നു മുന്നിൽ.

എന്നാൽ അയാക്സ് രണ്ടര മണിക്കൂറിൽ കെട്ടിപ്പൊക്കിയ സ്വപ്നം ലൂക്കാസ് മൗറ അര മണിക്കൂറിൽ ഒരു തിരമാല കണക്കെ തൂത്തുവാരി. 55, 59 മിനിറ്റുകളിൽ ആദ്യ രണ്ടു ഗോളുകൾ. 96–ാം മിനിറ്റിൽ, കളി തീരാൻ നിമിഷം മാത്രം ശേഷിക്കെ ബോക്സിൽ കിട്ടിയ പന്തിനെ ഇടംവലം നോക്കാതെ മൗറ വീണ്ടും ഗോളിലേക്കു വിട്ടു. അയാക്സ് ഗോളി ആന്ദ്രെ ഒനാന കയ്യെത്തിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. സ്റ്റേഡിയത്തിലെ അയാക്സ് ആരാധകരുടെ ശ്വാസം നിലച്ചു. ഒരു പ്രതീക്ഷയുമില്ലാതെ ആംസ്റ്റർഡാമിലെത്തിയ ടോട്ടനം ആരാധകർ പരസ്പരം കെട്ടിപ്പുണർന്നു.

എന്റെ കളിക്കാർ സൂപ്പർ ഹീറോകളാണ്. മഹാൽഭുതമാണ് അവരിവിടെ കാണിച്ചത്. എന്റെ വികാരവിചാരങ്ങൾ വിവരിക്കാൻ വാക്കുകളില്ല. ഫുട്ബോൾ നൽകുന്ന ഇത്തരം വൈകാരിക മുഹൂർത്തങ്ങളല്ലാതെ മറ്റെന്താണു ജീവിതം..?മൗറീഷ്യോ പോച്ചെറ്റിനോ (ടോട്ടനം പരിശീലകൻ)

ajax-sad-moments-2
അവസാന നിമിഷത്തിൽ ഗോൾ വഴങ്ങി മൽസരം കൈവിട്ട അയാക്സ് താരങ്ങളുടെ നിരാശ.

English Summary: Tottenham Hotspur Vs Ajax Amsterdam UEFA Champions League Semi Final Second Leg, Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA