ADVERTISEMENT

ലിവർപൂൾ ∙ ആൻഫീൽഡ്  സ്റ്റേഡിയം മാത്രമല്ല, ഒരു വികാരം കൂടിയാണ്. ‘ഇവിടെ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കാവേണ്ടി വരില്ലെന്ന’ ഗാനം ഇത്രയുമുയർന്നു കേട്ടൊരു ദിവസം മുൻപുണ്ടായിട്ടില്ല. മുഹമ്മദ് സലായും റോബർട്ടോ ഫിർമിനോയും ഇല്ലാത്തിന്റെ പേരിൽ ചിറകൊടിഞ്ഞ ലിവർപൂളിനെ അരലക്ഷത്തോളം ആരാധകർ ഏറ്റെടുത്തു. സെമി ആദ്യപാദത്തിൽ വഴങ്ങിയ 3 ഗോളിന്റെ കടം പലിശസഹിതം ലിവർപൂൾ തിരിച്ചടച്ചു. തുടർച്ചയായ രണ്ടാം വർഷവും ചെമ്പട ചാംപ്യൻസ് ലീഗ് ഫൈനലിൽ. മനസ്സിൽ പാതി ജേതാക്കളായി എത്തിയ ലയണൽ മെസ്സി, ലൂയി സ്വാരെസ്, ഫിലിപെ കുടീഞ്ഞോ തുടങ്ങിയ ലോകതാരങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല ഈ തോൽവി!

എന്തായാലും ഈ മൽസരത്തോടെ താരമായത് ലിവർപൂളിന്റെ നാലാം ഗോളിനു വഴിയൊരുക്കിയ കോർണർ കിക്കിന് ട്രെന്റ് അലക്സാണ്ടർ അർനോൾഡിനു പന്തിട്ടു കൊടുത്ത പതിനാലുകാരൻ ഓകലെയ് കാനോനിയറാണ്. ലിവർപൂൾ അക്കാദമിയിലെ താരമാണ് കാനോനിയർ. കോർണർ, ഫ്രീകിക്ക് തുടങ്ങിയവയുടെ സമയത്ത് ബാർസ താരങ്ങൾ അലസരാകാറുണ്ടെന്നു ലിവർപൂളിന്റെ മാച്ച് അനലിസ്റ്റുകൾ കണ്ടെത്തിയിരുന്നു.  ഇത്തരം സന്ദർഭങ്ങളിൽ വേഗം പന്ത് കൈമാറണമെന്നു ബോൾബോയ്സിനു നിർദേശം നൽകി. കോർണർ കിക്കെടുക്കാൻ അർനോൾഡിന് കാനോനിയർ വേഗം പന്തിട്ടു കൊടുത്തത് ഇതിനാലാണ്. ബാർസ താരങ്ങൾ തയാറെടുക്കും മുൻപേ എടുത്ത കോർണർ കിക്കിൽ ഡിവോക് ഒറിജി വിജയഗോൾ നേടുകയും ചെയ്തു.

∙ ഇസ്തംബൂൾ ചരിത്രം

2005ലെ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇസ്തംബൂളിൽ നടന്നതിന്റെ ഏറെക്കുറെ ആവർത്തനമായിരുന്നു ഇന്നലെ. എസി മിലാൻ – ലിവർപൂൾ ഫൈനലിൽ ആദ്യപകുതിയി‍ൽ മിലാൻ 3 ഗോളടിച്ചു. രണ്ടാം പകുതിയിൽ 3 എണ്ണം തിരിച്ചടിച്ച ലിവർപൂൾ ഷൂട്ടൗട്ടിൽ കളിയും കിരീടവും സ്വന്തമാക്കി. ഇത്തവണ, സെമി ആദ്യപാദത്തിൽ ബാർസ 3–0നു ലീഡെടുത്തു. രണ്ടാംപാദത്തിൽ കഴിഞ്ഞ രാത്രി ആരാധകരുടെ ആർപ്പുവിളികൾക്കും ഗാനാലാപനങ്ങൾക്കും നടുവിൽ ലിവർപൂൾ സർവം മറന്നു കളിച്ചു.

ബാർസ പ്രതിരോധനിരയിലെ പിഴവുകളും ബാർസ ഗോളി ടെർ സ്റ്റെഗാന്റെ ചോർന്ന കൈകളും ലിവർപൂളിന്റെ കുതിപ്പിനു കരുത്തുപകർന്നു. ഇസ്തംബൂളിലെ ചരിത്രവിജയത്തിനു നായകത്വം വഹിച്ച മുൻ ലിവർപൂൾ ക്യാപ്റ്റൻ സ്റ്റീവൻ ജെറാർദ് കളി കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. പരുക്കേറ്റ സ്ട്രൈക്കർ മുഹമ്മദ് സലായും കളി കാണാനെത്തിയിരുന്നു. 

∙ ആൻഫീൽഡ് ലഹരി

ലിവർപൂൾ ക്ലബ്ബിന്റെ പ്രശസ്തമായ  ഗീതം കിക്കോഫിനു മുൻപേ മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. ഫസ്റ്റ് വിസിലിനു തൊട്ടുമുൻപ് അത് ഉച്ചത്തിലായി. മുൻപൊരിക്കലും ഉയർന്നു കേൾക്കാത്തത്ര ശബ്ദത്തിൽ ആൻഫീൽഡ് പൊട്ടിത്തെറിച്ചു. ലിവർപൂളിന്റെ വികാരമാണ് ഈ സ്റ്റേഡിയം. ലിവർപൂൾ നഗരത്തിന്റെ ഭാഗമായ ആൻഫീൽഡിന്റെ സാമ്പത്തിക വളർച്ചയ്ക്കുപോലും കാരണം ഈ സ്റ്റേഡിയമാണ്.

കഴിഞ്ഞ സീസണിൽ 15 ലക്ഷം പേരാണ് ആൻഫീൽഡിൽ കളി കാണാനെത്തിയത്. വരുമാനം 64 കോടി ഡോളർ. എതിർടീമിന്റെ ചങ്കുലയ്ക്കുന്ന ശബ്ദം മാത്രമല്ല ഇവിടെയുള്ളത്. കളിക്കാർ ഗ്രൗണ്ടിലേക്കു വരുന്ന ടണൽ നിറയെ ‘ഇത് ആൻഫീൽഡാണ്’ എന്നെഴുതിയിട്ടുണ്ട്. എതിർടീം എത്ര വമ്പന്മാരാണെങ്കിലും അവരെ മാനസികമായി തളർത്താൻ പറ്റുന്ന അന്തരീക്ഷമാണു ടണലിലേത്. ടണലിൽനിന്നു നേരെയെത്തുന്ന മൈതാനത്ത് കാതടിപ്പിക്കുന്ന ശബ്ദത്തിൽ മുഴങ്ങുന്നതു ചെമ്പടയുടെ പ്രിയഗാനം കൂടിയാകുമ്പോൾ, എതിർടീം മൈതാനത്ത് ഒറ്റയ്ക്കാവും!

ബാർസയുടെ കാര്യത്തിൽ സംഭവിച്ചതും ഇതു തന്നെ. മുൻപൊരിക്കലും ഞാൻ ഇങ്ങനെയൊരു രംഗം, ഇതുപോലെ ആസ്വദിച്ചിട്ടില്ല – ബിബിസി കമന്റേറ്ററായി രംഗത്തുണ്ടായിരുന്ന ഇംഗ്ലിഷ് ഇതിഹാസതാരം അലൻ ഷിയററുടെ വാക്കുകൾ. 

∙ മെസ്സി പൊട്ടിക്കരഞ്ഞു, തട്ടിക്കയറി

തോൽവിയിൽ മനംനൊന്ത ബാർസിലോന നായകൻ ലയണൽ മെസ്സി ഡ്രസിങ് റൂമിൽ പൊട്ടിക്കരഞ്ഞതായി റിപ്പോർട്ട്. ഏറെനേരത്തിനുശേഷമാണു മെസ്സി ശാന്തനായതെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കളിക്കു ശേഷമുള്ള ഉത്തേജക പരിശോധന വൈകിയതിനാൽ മെസ്സിക്ക് വിമാനത്താവളത്തിലേക്കുള്ള ടീം ബസ് നഷ്ടമായി. പിന്നീട് ഒറ്റയ്ക്ക് ലിവർപൂളിലെ ജോൺ ലെനൻ എയർപോർട്ടിലെത്തിയ മെസ്സി, രോഷാകുലരും നിരാശരുമായ ബാർസ ആരാധകർക്കു നേരെ തട്ടിക്കയറിയതായും റിപ്പോർട്ടുണ്ട്.

മെസ്സിക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയാതെ പോയ കളിയായിരുന്നു ലിവർപൂളിനെതിരായ രണ്ടാം പാദം. ലിവർപൂളിന്റെ ഹൈപ്രസിങ് ഗെയിമിനു മുന്നിൽ ബാർസയ്ക്കു നില തെറ്റി. പ്രത്യേകിച്ചും രണ്ടാംപകുതിയിൽ. ലാ ലിഗയിൽ കിരീടമുറപ്പിച്ച ശേഷമുള്ള കഴിഞ്ഞ കളിയിൽ പ്രമുഖരായ 11 കളിക്കാരെയും കോച്ച് വെൽവെർദെ വിശ്രമത്തിനു വിട്ടിരുന്നു. ആ കളി ബാർസ തോറ്റു. ആ കളിയിൽ പരുക്കേറ്റ് ഒസുമാനെ ഡെംബലെ പുറത്തായി. ഡെംബലെയെപ്പോലെ ഒരു താരം കളിക്കുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, ലിവർപൂളിന്റെ കഥ മറ്റൊന്നാകുമായിരുന്നു. അർജന്റീന ജഴ്സിയിൽ ഉറങ്ങിക്കളിക്കുന്നു എന്ന ആക്ഷേപം കേൾക്കാറുള്ള മെസ്സിയുടെ മറ്റൊരു പതിപ്പാണ് ആൻഫീൽഡിൽ എവേ ജഴ്സിയിൽ കണ്ടത്. 

∙ പൊട്ടിത്തെറിച്ച് സ്വാരെസ്

തോൽവിക്കു പിന്നാലെ സഹതാരങ്ങൾക്കു നേരേ പരോക്ഷ വിമർശനവുമായി ബാർസിലോന താരം ലൂയി സ്വാരെസ്. യൂത്ത് ടീമിനെപ്പോലെയാണു ബാർസ ഡിഫൻഡർമാർ കളിച്ചത് എന്നാണു മത്സരശേഷം സ്വാരെസ് പറഞ്ഞത്. ‘ വളെരെയധികം, വേദനയുണ്ട് നിരാശയും.. ഒരു മിനിറ്റിനിടെ രണ്ടു ഗോൾ വഴങ്ങുക എന്നത് സാധാരണഗതിയിൽ സാധ്യമല്ല. ഇനി നാലാം ഗോളിന്റെ കാര്യമെടുത്താലോ, യൂത്ത് ടീമിനെപ്പോലെയായിരുന്നു ഞങ്ങളുടെ പ്രതിരോധം. സ്വാരെസിന്റെ വാക്കുകൾ.

English Summary: Liverpool FC Vs Barcelona FC, UEFA Champions League 2019 Semi Final Second Leg at Anfield

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com