ADVERTISEMENT

ലോക ഫുട്ബോളിലെ മൂന്നു നക്ഷത്രങ്ങൾ കഴിഞ്ഞ ദിവസം സജീവ ഫുട്ബോളിനോട് വിടപറഞ്ഞു. ബയൺ മ്യൂണിക്കിന്റെ വലതു വിങ്ങർ ആര്യൻ റോബൻ, ഇടതു വിങ്ങർ ഫ്രാങ്ക് റിബറി, മാഞ്ചസ്റ്റർ സിറ്റി സെന്റർ ബായ്ക്ക് വിൻസന്റ് കോംപനി എന്നിവർ. ഫുട്ബോളിന്റെ സൗന്ദര്യം മൈതാനത്തിന്റെ വിവിധ പക്ഷങ്ങളിൽ വരച്ചിട്ടവർ.

വലതുപക്ഷം – ആര്യൻ റോബൻ (35)

വലതു വിങ്ങിൽ നിന്ന്, തോളൊന്നു ചെരിച്ച് പെനൽറ്റി ബോക്സിലേക്കു കട്ട് ചെയ്തു കയറുന്ന ആര്യൻ റോബനെ അലിയാൻസ് അരീനയിലെ ആരാധകർ മറക്കില്ല.  നിരന്തരം പരുക്കുകളെത്തുടർന്ന് റോബന് ഒരു വിളിപ്പേരും വീണു– ദ് ഗ്ലാസ് മാൻ! 2009ൽ‌ റയൽ മഡ്രിഡിൽ നിന്നാണ് റോബൻ ബയണിലെത്തുന്നത്. 2013ൽ ചിരവൈരികളായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപിച്ച് ചാംപ്യൻസ് ലീഗ് ഫൈനൽ കിരീടം നേടിയതാണ് റോബന്റെ ബയൺ കരിയറിലെ സുവർണ നിമിഷം. 89–ാം മിനിറ്റിൽ റോബന്റെ ഗോളിനു വഴിയൊരുക്കിയത് ഇപ്പോൾ ഒപ്പം വിടപറഞ്ഞ ഫ്രാങ്ക് റിബറി തന്നെ.

‘റോബറി’ എന്ന ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ പ്രഖ്യാപനമായിരുന്നു അത്. എന്നാൽ റോബനും റിബറിയും തമ്മിലുള്ളത് സ്നേഹബന്ധം മാത്രമല്ല. തൊട്ടു മുൻ വർഷം ഫ്രീകിക്ക് ആരെടുക്കും എന്ന തർക്കത്തെത്തുടർന്ന് റോബനെ റിബറി ഇടിച്ചിരുന്നു. എന്നാൽ വിടപറയൽ മത്സരം ഇരുവരും ഗംഭീരമാക്കി. ഐൻട്രാക്റ്റിനെ 5–1നു തകർത്ത മൽസരത്തിൽ നാലാം ഗോൾ റിബെറിയുടെ ബൂട്ടിൽ നിന്ന്. അഞ്ചാം ഗോൾ റോബന്റെയും.

∙ ബയൺ മ്യൂണിക്കിനു വേണ്ടി 201 മത്സരങ്ങളിൽ 99 ഗോളുകളാണ് ആര്യൻ റോബൻ നേടിയത്.

മധ്യപക്ഷം – വിൻസന്റ് കോംപനി (33)

ക്യാപ്റ്റൻ എന്നു കേട്ടാൽ മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് വിൻസന്റ് കോംപനി എന്ന പേരേ മനസ്സിൽ വരൂ. എന്നാൽ പരുക്കിന്റെ പിടിയിലായതിനാൽ ഈ സീസണിൽ മിക്കപ്പോഴും ‘നോൺ–പ്ലെയിങ് ക്യാപ്റ്റൻ’ ആയിരുന്നു കോംപനി. എങ്കിലെന്ത്! ലെസ്റ്റർ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ സിറ്റി ജയവും പ്രീമിയർ ലീഗ് കിരീടവും കൈവിടുമെന്ന ഘട്ടത്തിൽ, ബോക്സിനു പുറത്തു നിന്നുള്ള ബുള്ളറ്റ് ഷോട്ടിൽ കോംപനി വല കിടുക്കിയപ്പോൾ ആരാധകർ ഉച്ചത്തിൽ പാടി: ഓ ക്യാപ്റ്റൻ, മൈ ക്യാപ്റ്റൻ! 11 വർഷം സിറ്റിക്കു കളിച്ചതിനു ശേഷമാണ് ബൽജിയൻ സെന്റർ ബായ്ക്കായ കോംപനിയുടെ വിടവാങ്ങൽ.

ഫെയ്സ്‌ബുക്കിലൂടെ പുറത്തു വിട്ട ആദ്യ കുറിപ്പിൽ കോംപനി സിറ്റി ആരാധകരോട് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു. രണ്ടാം കുറിപ്പിൽ തന്റെ അടുത്ത തട്ടകം വ്യക്തമാക്കി– ബൽജിയൻ ക്ലബ്ബായ ആൻഡെർലെക്റ്റിന്റെ പ്ലെയർ കം മാനേജർ. ബൽജിയൻ മൂന്നാം ഡിവിഷൻ ക്ലബായ എഫ്സി ബ്ലെയ്ഡിന്റെ ഉടമ കൂടിയാണ് കോംപനി. വിവാഹത്തിലും കോംപനി തന്റെ മാഞ്ചസ്റ്റർ പ്രേമം കൈവിട്ടില്ല. ആജീവനാന്ത മാഞ്ചസ്റ്റർ സിറ്റി ആരാധികയായ കാർല ഹിഗ്സിനെയാണ് കോംപനി 2011ൽ ജീവിതപങ്കാളിയാക്കിയത്. 2018ൽ  ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ബൽജിയൻ ടീമിലെ  താരം കൂടിയായിരുന്നു കോംപനി.

∙ ഇംഗ്ലിഷ് ഫുട്ബോളിലെ മൂന്നു മേജർ കിരീടങ്ങളും (പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ്) ഒരേ സീസണിൽ നേടുന്ന ആദ്യ ക്യാപ്റ്റനാണ് കോംപനി.

ഇടതുപക്ഷം: ഫ്രാങ്ക് റിബറി (36)

പ്രായം പോലെ ബയൺ മ്യൂണിക്കിലും റോബനെക്കാൾ മൂപ്പുണ്ട് റിബറിക്ക്. 2008ൽ മ്യൂണിക്കിലെത്തിയ റിബെറി ആ വർഷം ഡബിൾ കിരീടനേട്ടങ്ങളിലും പങ്കാളിയായി. ‘ഫ്രഞ്ച് ഫുട്ബോളിന്റെ മുത്ത്’ എന്ന് ഇതിഹാസ താരം സിനദിൻ സിദാൻ വിശേഷിപ്പിച്ചെങ്കിലും ഫ്രാൻസ് ജഴ്സിയെക്കാളേറെ റിബെറി മിന്നിയത് ബയൺ കുപ്പായത്തിലാണ്. 2013ൽ ബയണിന്റെ ചാംപ്യൻസ് ലീഗ് നേട്ടത്തിനു പിന്നാലെ ബലോൻ ദ് ഓർ പുരസ്കാരപട്ടികയിൽ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒപ്പം ഇടം പിടിച്ചു റിബറി.

ഫ്രഞ്ച് ഫുട്ബോളർ ഓഫ് ദി ഇയർ, ജർമൻ ഫുട്ബോളർ ഓഫ് ദി ഇയർ എന്നി രണ്ടു പുരസ്കാരങ്ങളും നേടിയ അപൂർവ നേട്ടവുമുണ്ട് റിബറിക്ക്. വലതു വിങ്ങിലാണ് കളിച്ചു തുടങ്ങിയതെങ്കിലും ബയണിലെത്തിയപ്പോൾ റിബറി പക്ഷം മാറി. റിബറിയുടെ സാഹസങ്ങൾ ഫുട്ബോളിൽ മാത്രമൊതുങ്ങുന്നില്ല. ഫ്രഞ്ച് ക്ലബ് മാർസെയിലായിരിക്കെ മൈതാനത്ത് ട്രാക്ടറോടിച്ചത്, ബയണിന്റെ പ്രീ–സീസൺ പര്യടനത്തിനിടെ ടീം ബസ്  ഇടിപ്പിച്ചത് എന്നിവയെല്ലാം. ജർമൻ താരം സെർജി നാബ്രിയും ഫ്രഞ്ച് താരം കിങ്സ്‌ലി കോമനുമാകും ബയണിൽ റോബന്റെയും റിബറിയുടെയും സ്ഥാനങ്ങൾ ഇനി ഏറ്റെടുക്കുക.

∙ ഏറ്റവും കൂടുതൽ ബുന്ദസ്‌ലിഗ കിരീടം നേടിയ താരമാണ് ഫ്രാങ്ക് റിബറി– ഒൻപതു തവണ.

English Summary: Arjen Robben, Frank Ribbery, Vincent Kompany Quits their respective Clubs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com