ADVERTISEMENT

ബകു (അസർബൈജാൻ) ∙ വിടവാങ്ങൽ മത്സരം ഏദൻ ഹസാഡ് ഇരട്ടഗോളോടെ ഒപ്പുവച്ചു. ഏഴു വർഷം തന്നെ സ്നേഹിച്ച നീലപ്പടയുടെ ആരാധകർക്ക് മറ്റെന്തു പകരം നൽകാൻ! ക്ലബിനു വേണ്ടിയുള്ള തന്റെ അവസാന മൽസരമെന്ന് ഏറെക്കുറെ ഉറപ്പായ യൂറോപ്പ ലീഗ് ഫുട്ബോൾ ഫൈനലിൽ‌ ഹസാഡിന്റെ ഇരട്ടഗോളിൽ ചെൽസി ആർസനലിനെ 4–1നു തോൽപിച്ചു. ഒളിവർ ജിരൂദ്, പെഡ്രോ എന്നിവരാണ് ചെൽസിയുടെ മറ്റു ഗോളുകൾ നേടിയത്. അലക്സ് ഇവോബി ആർസനലിന്റെ ആശ്വാസഗോൾ നേടി. രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. കഴിഞ്ഞ ഏഴു വർഷത്തിനിടെ ചെൽസിയുടെ മൂന്നാം യൂറോപ്യൻ കിരീടമാണിത്. 2012ൽ ചാംപ്യൻസ് ലീഗ്, 2013ൽ യൂറോപ്പ ലീഗ് എന്നിവയാണ് മറ്റുള്ളവ.

ലണ്ടനിൽനിന്ന് ആയിരത്തിയഞ്ഞൂറോളം മൈലുകൾ അകലെ അസർബൈജാൻ തലസ്ഥാനത്തു നടന്ന കളിയുടെ ആദ്യ പകുതിയിൽ ഇരുടീമിനും ഗോൾ നേടാനായില്ല. ആർസനൽ ഗോൾകീപ്പർ പീറ്റർ ചെക്കിനു നേരെയുള്ള പരീക്ഷണങ്ങൾക്കു ശേഷം ചെൽസി 49–ാം മിനിറ്റിൽ അക്കൗണ്ട് തുറന്നു. മുൻ ആർസനൽ താരം ഒളിവർ ജിരൂദിന്റെ ആംഗിൾ ഹെഡർ മുൻ ചെൽസി താരം ചെക്കിനെ മറികടന്നു. പത്തു മിനിറ്റിനു ശേഷം ഹസാഡിന്റെ പാസിൽ നിന്ന് പന്തു തിരിച്ചു വിട്ട് പെഡ്രോ ലീഡുയർത്തി.

65–ാം മിനിറ്റിൽ ഹസാഡിനെ ബോക്സിൽ വീഴ്ത്തിയതിന് ചെൽസിക്കു പെനൽറ്റി. ബൽജിയൻ താരത്തിന്റെ കിക്ക് ചെക്കിനെ നിസ്സഹായനാക്കി. പിന്നാലെ ഇവോബിയുടെ സുന്ദരമായ ഹാഫ്‌വോളി ഗോളിൽ ആർസനൽ നേരിയ പ്രതീക്ഷയുണർത്തി. എന്നാൽ 72–ാം മിനിറ്റിൽ ഹസാഡ് തന്നെ അതു തീർത്തു. ജിരൂദുമൊത്തുള്ള മുന്നേറ്റത്തിനൊടുവിൽ ഹസാഡിന്റെ ബൂട്ടിൽ നിന്ന് ചെൽസിയുടെ നാലാം ഗോൾ. നീലപ്പടയ്ക്കു വേണ്ടി താരത്തിന്റെ അവസാന ഗോൾ. 89–ാം മിനിറ്റിൽ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ കണ്ണീരോടെയാണ് ഹസാഡ് കളം വിട്ടത്.

∙ ഫുട്ബോൾ പരിശീലകനായി മൗറീഷ്യോ സാറിയുടെ ആദ്യ മേജർ കിരീടമാണിത്. 29 വർഷം നീണ്ട പരിശീലക കരിയറിൽ 19 ടീമുകളെ പരിശീലിപ്പിച്ചെങ്കിലും സാറിക്ക് പ്രധാന കിരീടങ്ങളൊന്നും നേടാനായില്ല. അറുപതുകാരനായ സാറി അടുത്ത സീസണിൽ ചെൽസിയിൽ തുടരുമോയെന്ന കാര്യത്തിൽ ഈ കിരീടനേട്ടത്തോടെയും ഉറപ്പില്ല.

∙ ലോകകപ്പ്, യൂറോകപ്പ്, ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവയെല്ലാം നേടുന്ന ആദ്യ ഫുട്ബോൾ താരമായി സ്പാനിഷ് താരം പെഡ്രോ. ലാ ലിഗ, ഇംഗ്ലിഷ് പ്രീമിയർ ലീഗ് തുടങ്ങിയ ആഭ്യന്തര കിരീടങ്ങൾ വേറെയും.

ഗുഡ്‌ബൈ പറയാനുള്ള സമയം ഇതാണെന്നു തോന്നുന്നു. എന്റെ തീരുമാനം ഞാൻ ആദ്യമേ എടുത്തു കഴിഞ്ഞു. ഇനി രണ്ടു ക്ലബുകളുമാണ് തീരുമാനത്തിലെത്തേണ്ടത്.ഏദൻ ഹസാഡ് (അടുത്ത സീസണിൽ റയൽ മഡ്രിഡുമായി കരാർ ഒപ്പു വയ്ക്കാനിരിക്കുകയാണ് ഹസാഡ്)

English Summary: Europa League Final - Chelsea FC Vs Arsenal FC, Live Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com