ADVERTISEMENT

സാവോ പോളോ∙ കോപ്പ അമേരിക്ക ഫുട്ബോളിനു പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ വീണ്ടും വിവാദക്കുരുക്കിൽ. ഫുട്ബോൾ സൂപ്പർതാരത്തിനെതിരെ മാനഭംഗ ആരോപണമാണ് ഇക്കുറി ഉയർന്നിരിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ താരമായ നെയ്മർ പാരീസിലെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയതായി ബ്രസീലിൽനിന്നുള്ള യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. രാജ്യാന്തര മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അതേസമയം, നെയ്മറിന്റെ ഫുട്ബോൾ ഭാവി നശിപ്പിക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി പിതാവും നെയ്മറിന്റെ ഏജന്റുമായ നെയ്മർ ദോസ് സാന്റോസ് രംഗത്തെത്തി.

കളത്തിലെ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ നിരന്തരം അച്ചടക്ക നടപടിക്കു വിധേയനാകുന്ന പശ്ചാത്തലത്തിൽ കോപ്പ അമേരിക്ക ഫുട്ബോളിനുള്ള ബ്രസീൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നെയ്മറിനെ നീക്കിയിരുന്നു. പിഎസ്ജിയിൽ നെയ്മറുടെ സഹതാരമായ പ്രതിരോധനിര താരം ഡാനി ആൽവസിനെയാണ് പകരം നായകനായി പരിശീലകൻ ടിറ്റെ നിയമിച്ചത്. ഇതിനു പിന്നാലെയാണ് സൂപ്പർതാരത്തിനെതിരെ മാനഭംഗ ആരോപണം ഉയർന്നിരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് മറ്റൊരു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെയും സമാനമായ ആരോപണം ഉയർന്നിരുന്നു.

മേയ് 15ന് രാത്രി പാരീസിലെ ഒരു ഹോട്ടലിൽവച്ച് നെയ്മർ തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നെയ്മറിനെ താൻ പരിചയപ്പെടുന്നത്. മെസേജുകൾ അയക്കുമായിരുന്നു. ഒരിക്കൽ തന്നോട് പാരീസിലേക്ക് വരാൻ ആവശ്യപ്പെട്ടു. നെയ്‌മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്കുള്ള വിമാന ടിക്കറ്റും ഹോട്ടലി‍ൽ റൂമും ബുക്ക് ചെയ്തു തന്നു. അവിടേക്ക് മദ്യപിച്ചാണ് നെയ്മർ എത്തിയത്. കുറച്ചു സമയം സംസാരിച്ചിരുന്നു. പിന്നീട് നെയ്മർ അക്രമാസക്തനാകുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സാവോ പോളോ പൊലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിലെ രേഖകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നത്.

സംഭവത്തിനു പിന്നാലെ മാനസികമായി തകര്‍ന്നുപോയ യുവതി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പാരീസ് വിട്ടതെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പൊലീസ് അറിയിച്ചിട്ടുണ്ട്. നിലവിൽ ബ്രസീലിലുള്ള നെയ്മർ ഇപ്പോൾ കോപ്പ അമേരിക്കയ്‌ക്കായി തയ്യാറെടുക്കുകയാണ്. ആരോപണത്തോട് നെയ്മര്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, നെയ്മറിന്റെ പിതാവും താരത്തിന്‍റെ ഏജന്‍റുമായ നെയ്‌മര്‍ ദോസ് സാന്‍റോസ് മകനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. നെയ്മറിനെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് യുവതിയുെട ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യം തെളിയിക്കുന്നതിന് യുവതിയുമായി നെയ്മർ നടത്തിയ വാട്സാപ്പ് ചാറ്റ് പരസ്യമാക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Brazilian football star Neymar accused of raping woman in Paris hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com