ADVERTISEMENT

ഗ്വിമാറെസ് (പോർച്ചുഗൽ)∙ ചെറിയ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ഫുട്ബോളിലേക്ക് ‘ഓറഞ്ച് വസന്തം’ മടങ്ങിയെത്തുന്നതിന്റെ സൂചനകൾ സമ്മാനിച്ച് ഹോളണ്ട് യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ. ആവേശം അധിക സമയത്തേക്കു നീണ്ട സെമിപോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഹോളണ്ടിന്റെ ഫൈനൽ പ്രവേശം. മത്തിയാസ് ഡി ലൈറ്റ് (73), കൈൽ വാൽക്കർ (97, സെൽഫ് ഗോൾ), ക്വിൻസി പ്രോമെസ് (114) എന്നിവരാണ് ഹോളണ്ടിന്റെ ഗോൾ നേടിയത്. ഇംഗ്ലണ്ടിന്റെ ആശ്വാസഗോൾ 32–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് മാർക്കസ് റാഷ്ഫോർഡ് നേടി.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലാണ് ഹോളണ്ടിന്റെ എതിരാളികൾ. ആദ്യ സെമിയിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് പോർച്ചുഗലും ഫൈനലിൽ കടന്നത്.

ആദ്യപകുതിയിൽ മാർക്കസ് റാഷ്ഫോർഡ് നേടിയ ഗോളിൽ ലീഡെടുത്ത ഇംഗ്ലണ്ടിനെ പിന്നിൽനിന്നും തിരിച്ചടിച്ചാണ് ഓറഞ്ച് പട വീഴ്ത്തിയത്. 32–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നാണ് റാഷ്ഫോർഡ് ഇംഗ്ലണ്ടിന് ലീ‍ഡ് സമ്മാനിച്ചത്. സ്വന്തം ബോക്സിനുള്ളിൽ റാഷ്ഫോർഡിനെ മത്തിയാസ് ഡിലൈറ്റ് ഫൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. പിന്നീട് 72–ാം മിനിറ്റ് വരെ ലീഡ് നിലനിർത്തി മുന്നേറിയ ഇംഗ്ലണ്ടിനെതിരെ 73–ാം മിനിറ്റിലാണ് ഹോളണ്ട് സമനില ഗോൾ കണ്ടെത്തിയത്.

കോർണറിൽനിന്നെത്തിയ പന്തിനെ ബുള്ളറ്റ് ഹെഡറിലൂടെ വലയിലെത്തിച്ച് ഡിലൈറ്റ് തന്നെ ആദ്യഗോളിനു കാരണമായ ഫൗളിനു പ്രായശ്ചിത്തം ചെയ്തു. മുഴുവൻ സമയം അവസാനിക്കുന്നതിനു തൊട്ടുമുൻപ് പകരക്കാരൻ താരം ജെസ്സെ ലിങ്ഗാർഡ് ഇംഗ്ലണ്ടിനായി വല കുലുക്കിയെങ്കിലും ‘വാർ’ പരിശോധനയിൽ ഇത് ഓഫ്സൈ‍ഡാണെന്നു തെളിഞ്ഞത് വിനയായി

അധികസമയത്ത് തകർപ്പൻ പ്രകടനം പുറത്തെടുത്ത ഹോളണ്ട് രണ്ടു ഗോൾകൂടി നേടി ഫൈനലിലേക്കു ടിക്കറ്റെടുത്തു. 97–ാം മിനിറ്റിൽ പ്രതിരോധത്തിലെ കരുത്തൻ കൈൽ വാൽക്കർ വഴങ്ങിയ സെൽഫ് ഗോളാണ് ഇംഗ്ലണ്ടിനെ തിരിച്ചടിച്ചത്. 114–ാം മിനിറ്റിൽ ക്വിൻസി പ്രോമെസും ലക്ഷ്യം കണ്ടതോടെ 3–1ന്റെ ആധികാരിക വിജയത്തോടെ ഹോളണ്ട് ഫൈനലിലേക്ക്.

English Summary: England suffered more semi-final disappointment as they produced a defensive horror show to crash out of the Nations League to the impressive Netherlands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com