ADVERTISEMENT

മഡ്രിഡ് ∙ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ, റയൽ മഡ്രിഡിന്റെയും ഹസാഡിന്റെയും ആഗ്രഹം സഫലമായി. ബൽജിയൻ വിങ്ങർ ഏദൻ ഹസാഡ് അടുത്ത സീസൺ മുതൽ സ്പാനിഷ് ക്ലബ്ബിനായി കളിക്കും. ചെൽസി താരമായ ഹസാഡിനെ വിട്ടുകിട്ടുന്നതിനു 100 ദശലക്ഷം യൂറോ (ഏകദേശം 786 കോടി രൂപ) റയൽ നൽകുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ചു വർഷത്തേക്കാണ് കരാർ.

2020ൽ ഫ്രീ ഏജന്റായി മാറുന്ന ഹസാഡിനായി ക്ലബ്ബിന്റെ ചരിത്രത്തിലെ റെക്കോർഡ് ട്രാൻസ്ഫർ തുകയാണ് റയൽ നൽകുന്നത്. 2013ൽ ഗാരെത് ബെയ്‌ലിനെ ടോട്ടനം ഹോട്സ്പറിൽ നിന്നു ടീമിലെത്തിച്ചപ്പോഴും ഇത്രയും തുക റയൽ നൽകിയിരുന്നു. വ്യാഴാഴ്ച ഹസാഡിനെ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂവിൽ ആരാധകർക്കു മുന്നിൽ അവതരിപ്പിക്കും.

തന്റെ ഫെയ്സ്‌ബുക് പേജിലൂടെ ഹസാഡ് ചെൽസി ആരാധകരോടുള്ള വിടവാങ്ങൽ കുറിപ്പ് പുറത്തു വിട്ടു. ‘എന്റെ ചെൽസി കുടുംബത്തിനും കൂട്ടുകാർക്കും– ഞാൻ റയൽ മഡ്രിഡിൽ ചേരുന്നു. ഫുട്ബോൾ താരമായതു മുതൽ എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. പക്ഷേ ഇക്കാര്യത്തിൽ കഴിഞ്ഞ കുറച്ചു കാലമായി വാർത്തകൾ പുറത്തു വന്നപ്പോഴും ചെൽസിക്കു വേണ്ടി ഞാൻ നൂറു ശതമാനം അർപ്പിച്ചാണ് കളിച്ചത്. അടുത്ത സീസണിലും ചെൽസിയുടെ മത്സരഫലങ്ങളറിയാൻ എനിക്കു കൗതുകമുണ്ടാകും. ചാംപ്യൻസ് ലീഗിൽ പരസ്പരം കണ്ടുമുട്ടാമെന്നു പ്രതീക്ഷിക്കുന്നു..’

ചെൽസിയെ യൂറോപ്പ ജേതാക്കളാക്കിയ ശേഷമാണ് ഹസാഡ് ക്ലബ് വിടുന്നത്. ഫൈനലിൽ ആർസനലിനെതിരെ രണ്ടു ഗോളുകൾ ഹസാഡിന്റെ ബൂട്ടിൽ നിന്നായിരുന്നു.

English Summary: Real Madrid and Chelsea agree Belgian international's transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com