ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ നിർബന്ധത്തെ തുടർന്ന് മലയാളി താരം അനസ് എടത്തൊടിക ദേശീയ ടീമിലേക്കു മടങ്ങിയെത്തുന്നു. ഈ വർഷമാദ്യം എഎഫ്സി ഏഷ്യൻ കപ്പിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യ തോറ്റു പുറത്തായതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളിൽനിന്ന് അനസ് വിരമിച്ചിരുന്നു. ഈ തീരുമാനം പിൻവലിച്ചാണ് മലപ്പുറം അരീക്കോടു സ്വദേശിയായ അനസിന്റെ മടങ്ങിവരവ്. ഇന്റർകോണ്ടിനന്റൽ കപ്പിനുള്ള 35 അംഗ ഇന്ത്യൻ ടീമിൽ പരിശീലകൻ മുപ്പത്തിരണ്ടുകാരനായ അനസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂർണമെന്റിനു മുന്നോടിയായി മുംബൈയിൽ ജൂൺ 25ന് ആരംഭിക്കുന്ന ടീം ക്യാംപിൽ അനസുമുണ്ടാകും.

പുതിയ പരിശീലകൻ തന്നിലർപ്പിച്ച വിശ്വാസമാണ് വിരമിക്കൽ തീരുമാനം പിൻവലിക്കാൻ കാരണമെന്ന് അനസ് വ്യക്തമാക്കി. ‘എന്നിലുള്ള വിശ്വാസം പരിശീലകൻ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ആ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള എന്റെ ഊഴമാണ്. ദേശീയ ടീമിന്റെ സഹപരിശീലകൻ വെങ്കടേഷ് ഷൺമുഖൻ ഇക്കാര്യം അറിയച്ചപ്പോൾ നിഷേധിക്കാൻ കഴിഞ്ഞില്ല’ – അനസ് പറഞ്ഞു.

‘ദേശീയ ടീം ജഴ്സിയിൽ കളിക്കുമ്പോൾ എനിക്കു ലഭിച്ച ആദരമാണ് ഒരിക്കൽക്കൂടി ഈ വെല്ലുവിളി ഏറ്റെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. നിലവിൽ ടീം ക്യാംപിൽ ചേരുന്നതിനാണ് മുൻഗണന. ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുമോ എന്നത് മനസിലില്ല. ഇക്കാര്യത്തിൽ എന്തു സംഭവിച്ചാലും ഇരുകയ്യും നീട്ടി സ്വീകരിക്കും. ഒരു വർഷം മുൻപ് ഫുട്ബോളിനുണ്ടായിരുന്ന അതേ ആവേശം ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് ഈ വെല്ലുവിളി സ്വീകരിക്കുന്നതും’ – അനസ് പ്രതികരിച്ചു.

‘ഓരോ പരിശീലകന്റെയും രീതി വ്യത്യസ്തമായിരിക്കും. അവർ കളിയെ കാണുന്ന രീതിപോലും വ്യത്യാസപ്പെട്ടിരിക്കും. പുതിയ പരിശീലകനു കീഴിൽ നമ്മുടെ തുടക്കം മികച്ചതായിരുന്നു. സഹതാരങ്ങളുമായി ഞാൻ സംസാരിച്ചപ്പോഴും സ്റ്റിമാച്ചിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് അവർ പങ്കുവച്ചത്’ – അനസ് കൂട്ടിച്ചേർത്തു.

മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൈനു കീഴിൽ ഇന്ത്യയ്ക്കായി 19 മൽസരങ്ങളിലാണ് അനസ് കളിച്ചത്. ഫുട്ബോൾ കരിയറിൽ ഏറെ വൈകി 30–ാം വയസ്സിലാണ് അനസ് ആദ്യമായി ദേശീയ ടീം ജഴ്സിയണിഞ്ഞത്. 2017 മാർച്ചിൽ കംബോഡിയയ്ക്കെതിരെ 3–2 നു ജയിച്ച മൽസരത്തിലായിരുന്നു അരങ്ങേറ്റം. ടീമിലെത്താൻ വൈകിയെങ്കിലും അവിടുന്നങ്ങോട്ട് സന്ദേശ് ജിങ്കാനൊപ്പം പ്രതിരോധത്തിൽ മികച്ച സഖ്യം രൂപപ്പെടുത്താൻ അനസിനു കഴിഞ്ഞു. ടീമിലെത്തിയതു മുതൽ സെന്റർ ബാക്ക് സ്ഥാനത്തേക്കുള്ള ആദ്യ പരിഗണനയും അനസിനായിരുന്നു.

അനസിനു പുറമെ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, ജോബി ജസ്റ്റിൻ എന്നിവരും 35 അംഗ ടീമിലുണ്ട്. ഇവരിൽ സഹൽ അബ്ദുൽ സമദ് ഇക്കഴിഞ്ഞ കിങ്സ് കപ്പിൽ ഇന്ത്യയ്ക്കായി കളിച്ചിരുന്നു. ജോബി ജസ്റ്റിന് അവസാന ടീമിൽ ഇടംപിടിക്കാനായില്ല. ആഷിഖ് കുരുണിയൻ പരുക്കിനെ തുടർന്ന് ടീമിലേക്കു പരിഗണിക്കപ്പെട്ടുമില്ല.

English Summary: Anas Edathodika comes out of international retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com