ADVERTISEMENT

മഡ്രിഡ് ∙ അരലക്ഷം ആരാധകരുടെ ആർപ്പുവിളികൾക്കിടെ സൂപ്പർതാരം ഏദൻ ഹസാഡ് റയൽ മഡ്രിഡിൽ അവതരിച്ചു. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂവിൽ നടന്ന ചടങ്ങിലാണു ഹസാഡിനെ ഔദ്യോഗികമായി ആരാധകർക്കു മുന്നിൽ അവതരിപ്പിച്ചത്. ചെൽസിയിൽനിന്ന് ഏകദേശം 10 കോടി യൂറോ (784 കോടി രൂപ) നൽകിയാണു ബെൽജിയൻ താരത്തെ റയൽ സ്വന്തമാക്കിയത്. 5 വർഷത്തേക്കാണു കരാർ.

കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം യാഥാർഥ്യമായതിൽ സന്തോഷമുണ്ടെന്ന് ഇരുപത്തെട്ടുകാരനായ ഹസാഡ് പറഞ്ഞു. കുടുംബാംഗങ്ങൾക്കൊപ്പമാണു ഹസാഡ് റയലിന്റെ മൈതാനത്ത് എത്തിയത്. ഹസാഡിനു റയലിനെ സ്വന്തം വീടുപോലെ കരുതാമെന്നു കരാറിൽ ഒപ്പുവച്ച ശേഷം ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് പറഞ്ഞു. ഔദ്യോഗിക നടപടിക്രമങ്ങൾക്കൊടുവി‍ൽ റയൽ ജഴ്സിയിൽ താരം ഗ്രൗണ്ടിലിറങ്ങുകയും ചെയ്തു.

ചടങ്ങിനെത്തിയ ആരാധകരുടെ എണ്ണമെടുത്താൽ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കും കക്കായ്ക്കും പിന്നിലാണു ഹസാഡിന്റെ സ്ഥാനം. 2009 ജൂണിൽ കക്കായെ അവതരിപ്പിച്ചപ്പോൾ 55,000 കാണികളെത്തി. 2009 ജൂലൈയിൽ റൊണാൾഡോയെ അവതരിപ്പിച്ചപ്പോൾ സാക്ഷ്യം വഹിക്കാനെത്തിയത് 80,000 പേരാണ്.

അതിനിടെ, പതിനെട്ടുകാരൻ ജാപ്പനീസ് മിഡ്ഫീൽഡർ തകേഫുസ കുബോയെ റയൽ ടീമിലെത്തിച്ചു. ഏകദേശം 20 ലക്ഷം യൂറോ (16 കോടി രൂപ) നൽകിയാണു യുവതാരത്തെ റയൽ വാങ്ങിയത്. കോപ്പ അമേരിക്കയ്ക്കുള്ള ജപ്പാൻ ടീമിനൊപ്പം ഇപ്പോൾ ബ്രസീലിലാണു താരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com