ADVERTISEMENT

ലണ്ടൻ∙ ബൽജിയം സൂപ്പർ സ്ട്രൈക്കർ റൊമേലു ലുക്കാകു ഇറ്റാലിയൻ ഫുട്ബോളിൽ! ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് 7.4 കോടി പൗണ്ടിന് (ഏകദേശം 632 കോടി രൂപ) ഇന്റർമിലാനാണു ലുക്കാകുവിനെ സ്വന്തമാക്കിയത്. ഇരുപത്തിയഞ്ചുകാരനായ ലുക്കാകുവുമായി 5 വർഷത്തേക്കാണ് കരാർ. ഇറ്റാലിയൻ ലീഗിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൈമാറ്റത്തുകയാണിത്. ക്രിസ്റ്റാനോ റൊണാൾഡോ (846 കോടി), ഗോൺസാലോ ഹിഗ്വെയ്ൻ (641 കോടി) എന്നിവർ മാത്രമാണു ലുക്കാകുവിനു മുന്നിലുള്ളത്.

കൈമാറ്റം ഔദ്യാഗികമായതിനു പിന്നാലെ, ഇന്റർമിലാനിൽ കളിക്കാൻ മാത്രമാണു താൻ ആഗ്രഹിച്ചിരുന്നതെന്നു ലുക്കാകുവും പ്രതികരിച്ചു. ലുക്കാകുവിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട്, സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഇന്റർ മിലാൻ നടത്തിവന്ന ചർച്ചയാണു ഇംഗ്ലിഷ് ട്രാൻസ്ഥർ വിപണി അവസാനിക്കുന്നതിനു തൊട്ടുമുൻപു ഫലം കണ്ടത്. പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യറുമായുള്ള ലുക്കാകുവിന്റെ അഭിപ്രായ ഭിന്നതയും നീക്കത്തിനു സഹായകമായി. സോൾഷ്യർ പരിശീലകനായ ശേഷം ഫസ്റ്റ് ഇലവൻ സ്ഥാനം നിലനിർത്താൻ സാധിക്കാത്തതിൽ ലുക്കാകു അമർഷത്തിലായിരുന്നു.

2017ൽ എവർട്ടനിൽനിന്നു യുണൈറ്റഡിലെത്തിയ ലുക്കാകു ആദ്യ 10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 11 ഗോൾ നേടിയാണു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രിയങ്കരനായത്. എന്നാൽ പിന്നീടുള്ള 56 മത്സരങ്ങളിൽ 17 ഗോൾ മാത്രമാണു ലുക്കാകുവിനു നേടാനായത്.

ലോതാരോ മാർട്ടിനെസ്, ഇവാൻ പെരിസിച്ച് എന്നിവർ അടങ്ങുന്ന ഇന്റർ മിലാൻ മുന്നേറ്റനിരയ്ക്ക് ലുക്കാകുവിനെപ്പോലൊരു ക്ലിനിക്കൽ സ്ട്രൈക്കർ കൂടുതൽ കരുത്തേകുമെന്നാണു ഇന്റർ കോച്ച് അന്റോണിയോ കോന്റെയുടെ വിലയിരുത്തൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ പകിട്ടിലെത്തുന്ന യുവെന്റസിനെതിരെ ഇക്കുറി ഇന്റർ മിലാൻ രണ്ടും കൽപ്പിച്ചാണ്. മുൻ അത്‌ലറ്റിക്കോ മഡ്രിഡ് ക്യാപ്റ്റനും ഡിഫൻഡറുമായ ഡിയേഗോ ഗോഡിനെയും ഇന്റർ നേരത്തേ ടീമിൽ എടുത്തിരുന്നു.

ഇന്നലത്തെ പ്രധാന കൈമാറ്റങ്ങൾ

∙ ജാവോ കാൻസെലോ - യുവെന്റസിൽനിന്ന് മാ‍ഞ്ചസ്റ്റർ സിറ്റിയിലേക്ക് (513 കോടി)
∙ ഡാനിലോ - മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് യുവെന്റസിലേക്ക് (292 കോടി)
∙ ഇസ്മായില സാർ – റെനേയിൽനിന്ന് വാറ്റ്ഫഡിലേക്ക് (273 കോടി)

∙ ലോ സെൽസോ – റയൽ ബെറ്റിസിൽനിന്ന് ടോട്ടനത്തിലേക്ക് (474 കോടി)
∙ *ഡേവിഡ് ലൂയിസ് – ചെൽസിയിൽനിന്ന് ആർസനലിലേക്ക് (69 കോടി)
∙ കീറോൺ ടിയേർനി – സെൽറ്റിക്കിൽനിന്ന് ആർസനലിലേക്ക് (213 കോടി)

∙ *അലക്സ് ഇവോബി – ആർസനലിൽനിന്ന് എവർട്ടനിലേക്ക് (325 കോടി)
∙ റയാൻ സെസെഗ്നൻ – ഫുൾഹാമിൽനിന്ന് ടോട്ടനത്തിലേക്ക് (213 കോടി)

(* ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല)

English Summary: Latest Football Transfer News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com