ADVERTISEMENT

മഡ്രിഡ് ∙ ബാർസിലോനയോ റയൽ മഡ്രിഡോ;  നെയ്മർ പാരിസിൽ‌ നിന്ന് വിമാനം കയറുന്നത് എങ്ങോട്ടാകും? 

ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്ന് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാനായി രണ്ട് സ്പാനിഷ് വമ്പൻമാരും രംഗത്തെത്തിയതോടെ ഇനി അരങ്ങു കൊഴുക്കുന്നത് സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ! 

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനവും മാഞ്ചസ്റ്റർ യുണൈറ്റ‍ഡിൽ നിന്ന് പോൾ പോഗ്ബയെ സ്വന്തമാക്കാനാവാതെ വന്നതോടെ റയൽ നെയ്മറിലേക്കു തന്നെ തിരിയുകയായിരുന്നു.

കണക്കുകൂട്ടി റയൽ

പോഗ്ബയെ റയലിൽ എത്തിക്കാൻ ഇനിയും സാധ്യതകളുണ്ടെങ്കിലും ഇപ്പോഴുള്ളതിനെക്കാൾ ബുദ്ധിമുട്ടേറും. ചെൽസിയിൽ നിന്ന് ഏദൻ ഹസാഡിനെ ടീമിലെത്തിച്ചെങ്കിലും ക്ലബ്ബിന്റെ മുഖമായി മാറാൻ താരപ്പകിട്ടുള്ള നെയ്മർ തന്നെ വേണമെന്ന് റയൽ കരുതുന്നു. 

നെയ്മറെ നൽകാൻ സന്നദ്ധമാണെന്ന് പിഎസ്ജി നേരത്തെ അറിയിച്ചിരുന്നു. പക്ഷേ 2017ൽ ബാർസയിൽ നിന്ന് നെയ്മറെ ടീമിലെത്തിച്ചപ്പോൾ നൽകിയ 222 ദശലക്ഷം തന്നെ വേണമെന്നാണ് അവരുടെ നിലപാട്. അല്ലെങ്കിൽ പകുതി തുകയും ബാക്കി താരങ്ങളും. ഇക്കാര്യത്തിൽ കണക്കുകൂട്ടൽ നടത്തുകയാണ് റയൽ എന്നാണു വാർത്തകൾ.

കരുതലോടെ ബാർസ

നെയ്മറെ ടീമിൽ തിരിച്ചെത്തിക്കാൻ താൽപര്യപ്പെടുന്ന ബാർസയ്ക്കു മുന്നറിയിപ്പു നൽകുന്നതാണ് റയലിന്റെ നീക്കം. ബാർസയിലേക്ക് തിരിച്ചു വരാൻ തനിക്കു താൽപര്യമുണ്ടെന്നു നെയ്മർ പലവട്ടം സൂചന നൽകിയിരുന്നു. നെയ്മർക്കു പകരം ഫിലിപ്പെ കുടീഞ്ഞോ അടക്കമുള്ള കളിക്കാരെ നൽകാം എന്നായിരുന്നു ബാർസയുടെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ പിഎസ്ജിയുമായി ഇതുവരെ ധാരണയിലെത്താനായില്ല. 

സെപ്റ്റംബർ രണ്ടിനു സ്പാനിഷ് ലീഗിലെ ട്രാൻസ്ഫർ ജാലകം അവസാനിക്കും. ഇതിനു മുൻപ് പിഎസ്ജിയുമായി കരാറിലെത്തിയാലേ റയലിനോ ബാർസയ്ക്കോ നെയ്മറെ സ്വന്തമാക്കാനാവൂ. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com