ADVERTISEMENT

സ്റ്റോക്ഹോം ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാസ്മരികത കാണാൻ കാത്തിരുന്നവരെ അമ്പരിപ്പിച്ച് മറ്റൊരു പോർച്ചുഗീസ് താരം. ഇന്റർനാഷനൽ ചാംപ്യൻസ് കപ്പ് സൗഹ‍‍ൃദ ഫുട്ബോളിൽ, ഇറ്റാലിയൻ ക്ലബ് യുവെന്റസും സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മഡ്രിഡുമായുള്ള മത്സരത്തിലാണ് കൗമാരതാരം ജോവ ഫെലിക്സ് ഒരു ഗോൾ നേടിയും ഒന്നിനു വഴിയൊരുക്കിയും ആരാധകശ്രദ്ധ നേടിയത്.

ഫ്രഞ്ച് താരം കിലിയൻ എംബപെയ്ക്കു ശേഷമുള്ള ഏറ്റവും വലിയ കൈമാറ്റത്തുക (1012 കോടി രൂപ) എന്ന റെക്കോർഡുമായി പോർച്ചുഗലിലെ ബെൻഫിക്കയിൽനിന്ന് അത്‌ലറ്റിക്കോയിലെത്തിയ ജോവയുടെ മികവിൽ ക്ലബ് യുവെന്റസിനെ 2–1നു തോൽപിക്കുകയും ചെയ്തു. 24–ാം മിനിറ്റിൽ ജോവ ഒരുക്കി നൽകിയ അവസരം മുതലെടുത്ത് തോമസ് ലെമാർ അത്‌ലറ്റിക്കോയുടെ ആദ്യഗോൾ നേടി. പിന്നാലെ യുവെ മിഡ്ഫീൽഡർ സാമി ഖെദീര ഗോൾ മടക്കി. എന്നാൽ, 33–ാം മിനിറ്റിൽ ജോവ നേടിയ ഗോളിൽ അത്‌ലറ്റിക്കോ വിജയമുറപ്പിച്ചു.

ജോവയുടെ പ്രകടനത്തെ അത്‌ലറ്റിക്കോ കോച്ച് ഡിയേഗോ സിമിയോണി വാനോളം പുകഴ്ത്തുകയും ചെയ്തു. അത്‌ലറ്റിക്കോ മഡ്രിഡിന്റെ 5 പ്രീ സീസൺ മത്സരങ്ങളിൽ ഇറങ്ങിയ ജോവ ഫെലിക്സ് 3 ഗോൾ നേടി. 4 ഗോളുകൾക്ക് വഴിയൊരുക്കി. യുവെന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിയിൽ നിറംമങ്ങി. 71–ാം മിനിറ്റിൽ പകരമിറങ്ങിയ മാരിയോ മാൻസൂകിച്ചിനും കാര്യമായൊന്നും ചെയ്യാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com