ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ശക്തമായ തിരിച്ചുവരവു ലക്ഷ്യമിടുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ‘ബ്രസീലിയൻ കരുത്തും’. പുതിയ സീസണിലേക്ക് ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രസീലിൽനിന്നുള്ള സെന്റർ ബാക്ക് ജയ്റോ റോഡ്രിഗസിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. 190 സെന്റിമീറ്റർ ഉയരമുള്ള ഇരുപത്താറുകാരനായ ജയ്റോ, ജപ്പാനിലെ രണ്ടാം ഡിവിഷൻ ലീഗിൽനിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

പുതിയ സീസണിലേക്കായി ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്ന രണ്ടാമത്തെ പ്രതിരോധനിരക്കാരനാണ് റോഡ്രിഗസ്. ഡൽഹി ഡൈനാമോസ് താരമായിരുന്ന ഡച്ച് താരം ജിയാനി സ്യൂവർലൂണിനെയും ബ്ലാസ്റ്റേഴ്സ് നേരത്തെ ടീമിലെത്തിച്ചിരുന്നു. ഇവർക്കൊപ്പം സന്ദേശ് ജിങ്കാൻ കൂടി ചേരുന്നതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടുപ്പമേറിയതാകും എന്ന പ്രതീക്ഷയിലാണ് ടീം അധികൃതർ. 6.3 അടി ഉയരമുള്ള ജയ്റോയും 6.2 അടി ഉയരക്കാരനായ ജിങ്കാനും ചേരുന്നതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഭേദിക്കാൻ എതിരാളികൾ ബുദ്ധിമുട്ടും.

ജയ്റോയ്ക്ക് എട്ടു സീസണുകളിലായി ആറു രാജ്യങ്ങളിലെ ഫുട്ബോൾ ലീഗുകളില്‍ കളിച്ചുള്ള പരിചയമുണ്ട്. ബ്രസീലിലെ അമേരിക്ക ഫുട്ബോൾ ക്ലബ്ബിനായി കളിച്ച് 2011ലാണ് ജയ്റോയുടെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. ബൾഗേറിയൻ ഒന്നാം ഡിവിഷൻ ക്ലബ്ബായ ബോട്ടേവ് റാത്‌സ, പോർച്ചുഗീസ് ക്ലബ്ബായ ട്രോഫെൻസ് ക്ലബ്, അസർബൈജാൻ ക്ലബ്ബ് നേഫ്ച്ചി ബാകു, ഇറാനിലെ സെപ്പാഹാൻ ക്ലബ് എന്നിവയ്ക്കായും കളിച്ചു. ജപ്പാൻ രണ്ടാം ഡിവിഷനിലെ മൊൻടേഡിയോയിൽനിന്നാണ് ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽനിന്ന് എൽകോ ഷട്ടോരിയെ കൊണ്ടുവന്ന ശേഷം കഴിഞ്ഞ സീസണുകളിൽ ടീമിന്റെ മുന്നേറ്റത്തിന് പ്രതിബന്ധമായ ഓരോ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റ്. മുൻനിരയിൽ ബർത്തലോമിയോ ഓഗ്‌ബച്ചെയെ കൊണ്ടുവന്ന ബ്ലാസ്റ്റേഴ്സ്, മധ്യനിരയിൽ മാരിയോ ആർക്വസ്, സെർജിയോ സിഡോൻഷ, മുസ്തഫ നിങ് എന്നിവരെയും എത്തിച്ചുകഴിഞ്ഞു. ഇവർക്കൊപ്പം കഴിവുറ്റ ഇന്ത്യൻ താരങ്ങളും ചേരുന്നതോടെ വരും സീസണിൽ മികച്ച പ്രകടനമാണ് ടീം ലക്ഷ്യമിടുന്നത്.

English Summary: Indian Football Transfers: Kerala Blasters sign centre-back Jairo Rodrigues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com