ADVERTISEMENT

അടുത്ത വർഷം യൂറോപ്പിലെ 12 വേദികളിലായി നടക്കുന്ന യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ പോരാട്ടങ്ങളിൽ, ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനും യൂറോ ജേതാക്കളായ പോർച്ചുഗലിനും തകർപ്പൻ ജയം. ബൽഗ്രേഡിൽ പോർച്ചുഗൽ 4–2നു സെർബിയെയും പാരിസിൽ ഫ്രാൻസ് 4–1ന് അൽബേനിയയെയും തോൽപിച്ചു. 

പോർച്ചുഗീസ് കാർണിവൽ 

വില്യം കാർവാലോ, ഗോൺസാലോ ഗ്യൂഡെസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ.... യൂറോപ്യൻ ചാംപ്യന്മാരുടെ മസിൽക്കരുത്തിൽ സെർബിയ നിഷ്പ്രഭം. ആറു ഗോളുകൾ ആവേശഭരിതമാക്കിയ യൂറോ ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ,  സെർബിയയ്ക്കെതിരെ നേടിയ 4–2 ജയത്തോടെ ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ രണ്ടാം സ്ഥാനം പിടിച്ചു.  3 കളിയിൽ 5 പോയിന്റ്. 

5 കളിയിൽ 13 പോയിന്റുള്ള യുക്രെയ്നാണു നിലവിൽ ഒന്നാമതെങ്കിലും കൂടുതൽ മത്സരങ്ങൾ കളിക്കാൻ ബാക്കിയുള്ള പോർച്ചുഗലിന് ആശങ്കകളില്ല. യുക്രെയ്ൻ 3–0ന് ലിത്വാനിയയെ  തോൽപിച്ചു.  

കിങ് കോമാൻ 

കിങ്സ്‌ലി കോമാൻ എന്ന ഇരുപത്തിമൂന്നുകാരൻ വിങ്ങറുടെ ഡബിൾ ഗോൾനേട്ടമാണ് ഫ്രാൻസിന്റെ വിജയത്തെക്കാൾ ഇപ്പോൾ ആഘോഷിക്കപ്പെടുന്നത്. അൽബേനിയയെ തോൽപിച്ച ഫ്രാൻസിനു വേണ്ടി ഒളിവർ ജിറൂദ്, അരങ്ങേറ്റക്കാരൻ ജൊനാഥൻ ഇകോൺ എന്നിവരും ഗോൾ നേടി. 

പോൾ പോഗ്ബയും കിലിയൻ എംബപെയും പരുക്കുമൂലം പുറത്തിരുന്ന മത്സരത്തിലാണ് കോമാന്റെ അപ്രതീക്ഷിത പ്രകടനം. കളിയുടെ അന്ത്യനിമിഷങ്ങളിൽ ഒരു പെനൽറ്റി ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും, 5 കളിയിൽ 12 പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണു ഫ്രാൻസ്. അൻഡോറയെ 1–0നു തോൽപിച്ച തുർക്കി ഗോൾവ്യത്യാസക്കണക്കിൽ രണ്ടാം സ്ഥാനത്തും. 

എട്ടാം മിനിറ്റിലും 68–ാം മിനിറ്റിലുമായിരുന്നു കോമാന്റെ ഗോളുകൾ. ജിറൂദ് (27), ഇരുപത്തിയൊന്നുകാരൻ ‘നാനിറ്റാമോ’ ഇകോൺ 85–ാം മിനിറ്റിലും ഗോളുകൾ നേടി. തികച്ചും ഏകപക്ഷീയമെന്നു വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ,     അന്റോയ്ൻ ഗ്രീസ്മാൻ പെനൽറ്റി നഷ്ടമാക്കുകയും ചെയ്തു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com