ADVERTISEMENT

വിൽന്യൂസ്∙ യൂറോകപ്പ് ഫുട്ബോൾ യോഗ്യതാ മൽസരത്തിൽ ഗോൾമഴ സൃഷ്ടിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടയോട്ടം. ഹാട്രിക് സഹിതം നാലു ഗോൾ നേടിയ റൊണാൾഡോയുടെ മികവിൽ പോർച്ചുഗൽ ലിത്വാനിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തു. വിൽന്യൂസിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിലാണ് റൊണാൾഡോയുടെ വിസ്മയ പ്രകടനം. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിക്കുകയായിരുന്നു. ഏഴ് (പെനൽറ്റി), 61, 65, 76 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. പോർച്ചുഗലിന്റെ അഞ്ചാം ഗോൾ ഇൻജുറി സമയത്ത് റയൽ ബെറ്റിസ് താരം വില്യം കാർവാലോ നേടി. ലിത്വാനിയയുടെ ആശ്വാസഗോൾ വൈട്ടോട്ടസ് ആൻഡ്രിയൂസ്കേവിസ്യൂസ് (28) സ്വന്തമാക്കി.

ഇതോടെ, യൂറോകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. റിപ്പബ്ലിക് ഓഫ് അയർലൻഡിനായി 23 ഗോളുകൾ നേടിയ റോബി കീനിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തം പേരിലാക്കിയത്. രാജ്യാന്തര ഫുട്ബോളിൽ ഇതോടെ റൊണാൾഡോയുടെ ഗോൾനേട്ടം 93 ആയി ഉയരുകയും ചെയ്തു. ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ നേടിയ താരങ്ങളിൽ ഒന്നാമതുള്ള ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോർഡിന് 16 ഗോളുകൾ മാത്രം പിന്നിലാണ് റൊണാൾഡോ.

ഇതിഹാസ താരം ഫെറങ്ക് പുഷ്കാസിനെ ഉൾപ്പെടെ പിന്തള്ളിയ റൊണാൾഡോയാണ് നിലവിൽ യൂറോപ്പിൽനിന്ന് ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ നേടിയ താരം. നിലവിലെ യൂറോകപ്പ്, നേഷൻ ലീഗ് ചാംപ്യൻമാരായ പോർച്ചുഗലിനായി റൊണാള്‍ഡോയുടെ ബൂട്ടിൽനിന്നു പിറക്കുന്ന എട്ടാമത്തെ ഹാട്രിക് കൂടിയാണ് ലിത്വാനിയയ്ക്ക് എതിരെ കണ്ടത്. 2016ൽ അൻഡോറയ്ക്കെതിരെയും റൊണാൾഡോ നാലു ഗോൾ നേടിയിട്ടുണ്ട്.

വിജയത്തോടെ ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ രണ്ടാമതെത്തി. അഞ്ചു കളികളിൽനിന്ന് 13 പോയിന്റുമായി യുക്രെയിനാണ് മുന്നിൽ. പോർച്ചുഗലിന് നാലു കളികളിൽനിന്ന് എട്ടു പോയിന്റായി. അഞ്ചു കളികളിൽനിന്ന് ഏഴു പോയിന്റുമായി സെർബിയ ഏഴാമതുണ്ട്. മറ്റു മൽസരങ്ങളിൽ ഇംഗ്ലണ്ട് കൊസോവയെയും (5–3), ചെക്ക് റിപ്പബ്ലിക്ക് മോണ്ടനെഗ്രോയെയും (3–0), സെർബിയ ലക്സംബർഗിനെയും (3–1), ഐസ്‌ലൻ‍് അൽബേനിയയെയും (4–2), ഫ്രാൻസ് അൻഡോറയെയും (3–0), തുർക്കി മോൽഡോവയെയും (4–0) തോൽപ്പിച്ചു.

English Summary: Cristiano Ronaldo scored four goals as Portugal beat Lithuania in Euro 2020 qualifying.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com