sections
MORE

ഗോൾ പോസ്റ്റിലൊരു ബസ്! ഖത്തറിനെ പൂട്ടിയത് പാർക്കിങ് ദ് ബസ് പ്രതിരോധ തന്ത്രം

parking
ഇന്ത്യയ്ക്കെതിരെ ഖത്തർ താരങ്ങൾ തൊടുത്ത 11 ഗോൾഷോട്ടുകളുടെ രേഖാചിത്രം. ഒന്നുപോലും ലക്ഷ്യം കണ്ടില്ല
SHARE

ക്രൊയേഷ്യയുടെ വീറും വാശിയും ഇന്ത്യയ്ക്കു പരിചയപ്പെടുത്തുന്ന കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ തന്ത്രങ്ങളിലൂടെ, യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ കണ്ടുശീലിച്ചൊരു പ്രതിരോധ അടവ് കൂടി ഇന്ത്യൻ ഫുട്ബോളിൽ വിജയകരമായി പരീക്ഷിക്കപ്പെട്ടു– പാർക്കിങ് ദ് ബസ്.

കരുത്തരായ എതിരാളികളെ പൂട്ടാൻ ചെറുടീമുകൾ പയറ്റുന്ന പ്രതിരോധക്കളിയാണ് പാർക്ക് ദ് ബസ്. എതിർ ഗോളിനു മുന്നിൽ ഒരു ബസ് കൊണ്ടുവന്നിടുന്ന പ്രതീതിയിൽ പ്രതിരോധക്കാരുടെ വൻമതിൽ ഒരുക്കുന്നതിലൂടെയാണ് ഈ പേരു വീണത്.

എതിരാളികളെ ഒരു തരത്തിലും സ്കോർ ചെയ്യാൻ അനുവദിക്കാത്ത കടുകട്ടി പ്രതിരോധമാണു ബസ് പാർക്കിങ്.4–5–1 എന്ന മട്ടിലുള്ളൊരു ഫോർമേഷനിൽ നാലു കളിക്കാർ വീതം നിരക്കുന്ന ഇരട്ട പ്രതിരോധനിരയുമായാണു സാധാരണ ടീമുകൾ ഈ ഡിഫൻസ് തന്ത്രം പയറ്റുക. ഫൈനൽ തേഡ് ഏരിയയിലെ ‘ആൾക്കൂട്ടത്തിൽ’ തട്ടി എതിർ ടീമിന്റെ മുന്നേറ്റനിര വശംകെടും. 

എതിരാളികൾ പന്തുമായി സ്വന്തം ഹാഫിലെത്തുമ്പോൾ സെൻട്രൽ ഡിഫൻസിലെ രണ്ടു പേർക്കും ഇടതു – വലതു നോക്കുന്ന രണ്ടു താരങ്ങൾക്കും പുറമേ മധ്യനിരക്കാർ കൂടി പ്രതിരോധത്തിലെ കണ്ണികളായി മാറും. വിങ് ബാക്കുകൾ കൂടി മധ്യഭാഗത്തു കേന്ദ്രീകരിക്കുകയും വിങ്ങർമാർ ഫുൾ ബായ്ക്കുകളായി നിരക്കുകയും ചെയ്യുന്നതോടെയാണു പ്രതിരോധപ്പൂട്ട് മുറുകുന്നത്. 

ഖത്തറിനെതിരെ ചില സമയങ്ങളിൽ 9–1 എന്ന ഫോർമേഷനിലാണ് ഇന്ത്യൻ താരങ്ങൾ കളത്തിൽ നിരന്നത്; അതായത് മുന്നേറ്റത്തിൽ ഒരു കളിക്കാരനെ മാത്രം നിർത്തി ശേഷിച്ചവരെല്ലാം പ്രതിരോധത്തിൽ! 

റഷ്യ ലോകകപ്പിൽ അർജന്റീനയുടെ കണക്കുകൂട്ടൽ തെറ്റിച്ച ഐസ്‌ലൻഡിന്റെ പ്രകടനത്തിലൂടെയാണ് അടുത്തകാലത്ത് ഇതിനു മുൻപു ‘ബസ് സർവീസ്’ ശ്രദ്ധ നേടിയത്.

ഖത്തറിനെതിരെ ഈ വർഷം ഗോൾ വഴങ്ങാതെ കളി അവസാനിപ്പിക്കാൻ സാധിച്ചതു നാലേ നാലു ടീമുകൾക്കാണ്. കോപ്പ അമേരിക്ക ഉയർത്തിയ ബ്രസീൽ, ലയണൽ മെസ്സിയുടെ അർജന്റീന, ഹാമിഷ് റോഡ്രിഗസിന്റെ കൊളംബിയ. ഇപ്പോഴിതാ ഇന്ത്യയും!

 ദോഹ സ്റ്റേഡിയത്തിൽ ജയിക്കാനിറങ്ങിയ ആതിഥേയർ അതിൽ പരാജയപ്പെട്ടു. ഇന്ത്യ കളിച്ചതു തോൽക്കാതിരിക്കാനായിരുന്നു. അതിൽ അവർ വിജയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA