ADVERTISEMENT

റോം ∙ സ്പെയിനിലെ ടീമുകൾക്കുണ്ടായിരുന്ന ‘ക്രിസ്റ്റ്യാനോ പേടി’ ഇറ്റലിയിലേക്കും പടർന്നു പിടിച്ചു! യൂറോ യോഗ്യതാ മത്സരത്തിൽ ലിത്വാനിയയ്ക്കെതിരെ 4 ഗോളടിച്ചതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ വീണ്ടും യുവെന്റസ് ജഴ്സിയിൽ കളിക്കാനിറങ്ങുന്നു.  സെരി എ സീസണിലെ 3–ാം മത്സരത്തിൽ  ഇന്ന് യുവെയുടെ എതിരാളികൾ ഫിയൊറന്റീന.

ന്യൂമോണിയ ബാധിച്ച് വിശ്രമത്തിലായിരുന്ന പരിശീലകൻ മൗറീഷ്യോ സാറിയും ഇന്ന് യുവെയ്ക്കായി ലീഗിൽ അരങ്ങേറും. പാർമയ്ക്കും മുൻ ക്ലബ് നാപ്പോളിക്കുമെതിരെയുള്ള മത്സരങ്ങൾ സാറിക്ക് അസുഖം മൂലം നഷ്ടമായിരുന്നു. പുതിയ പരിശീലകൻ വിൻസെൻസോ മോണ്ടെല്ലയുടെ പരിശീലനത്തിൽ പ്രതീക്ഷയിലാണ് ഫിയൊറന്റീനയും. ബയൺ മ്യൂണിക്കിൽ നിന്ന് ടീമിലെത്തിയ ഫ്രഞ്ച് വിങ്ങർ ഫ്രാങ്ക് റിബെറി ക്ലബ്ബിനു വേണ്ടി ഇറങ്ങും.

ആരാധക ദിനങ്ങൾ

ഫിയൊറന്റീനയ്ക്കെതിരെയും ക്രിസ്റ്റ്യാനോ ഫോം തുടർന്നാൽ യുവെയ്ക്ക് സെരി എ തുടക്കം ഗംഭീരമാക്കി ആത്മവിശ്വാസത്തോടെ ബുധനാഴ്ച ചാംപ്യൻസ് ലീഗ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങാം. എതിരാളികൾ സ്പെയിനിൽ ക്രിസ്റ്റ്യാനോയുടെ സ്ഥിരം ഇരകളായിരുന്ന അത്‌ലറ്റിക്കോ മഡ്രിഡ്!  23ന് ഫിഫ ദ് ബെസ്റ്റ് പുരസ്കാരങ്ങളും മിലാനിൽ നടക്കാനിരിക്കുന്നു; ക്രിസ്റ്റ്യാനോ, മെസ്സി എന്നിവരേക്കാൾ ഇത്തവണ സാധ്യത കൽപിക്കപ്പെടുന്നത് ലിവർപൂളിന്റെ ഡച്ച് താരം വിർജിൽ വാൻദെയ്ക്കിന് ആണെങ്കിലും.

പണി തീരാത്ത വീട്

കഴിഞ്ഞ വാരം സെൽഫ് ഗോളിൽ യുവെന്റസിനോടു തോറ്റ നാപ്പോളിയുടെ പരിശീലകൻ കാർലോ ആഞ്ചെലോട്ടി ദേഷ്യത്തിലാണ്. തോൽവിയല്ല കാരണം– ടീമിന്റെ ഹോം സ്റ്റേഡിയമായ സാൻ പാവ്‌ലോയിലെ പണി ഇതുവരെ തീർന്നിട്ടില്ല! സ്റ്റേഡിയം സജ്ജമാവാത്തതു മൂലം ലീഗിലെ ആദ്യ രണ്ടു കളികളും എവേ മൈതാനങ്ങളിലാണ് നാപ്പോളി കളിച്ചത്. ഒന്നു ജയിച്ചു, ഒന്നു തോറ്റു.

ലീഗ് മത്സരങ്ങളെക്കുറിച്ചോർത്തല്ല ആഞ്ചെലോട്ടിയുടെ ആശങ്ക. ചൊവ്വാഴ്ച നിലവിലെ ചാംപ്യൻമാരായ ലിവർപൂളിനെതിരെയുള്ള ചാംപ്യൻസ് ലീഗ് പോരാട്ടമാണ്. സ്റ്റേഡിയത്തിലെ ഡ്രസ്സിങ് റൂമുകളുടെ നിലവിലെ അവസ്ഥ കണ്ടതേ ആഞ്ചലോട്ടി ചൊടിച്ചു. എന്നാൽ മിനുക്കുപണികൾ പെട്ടെന്നു തീർക്കാം എന്ന് കരാറുകാർ ഉറപ്പു നൽകുന്നു. പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഇന്റർ മിലാൻ ഉഡിനേസിനെ സ്വന്തം ഗ്രൗണ്ടിൽ വരവേൽക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com