ADVERTISEMENT

തൃശൂർ ∙ സ്കൂൾ വിദ്യാർഥികളുടെ കായികവികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച സ്വപ്ന പദ്ധതികളിൽ പലതും ലക്ഷ്യമില്ലാതെ അലയുന്നു. ഫുട്ബോളിലെ ‘കിക്കോഫ്’ പദ്ധതി മാത്രമാണ് മികച്ച രീതിയിൽ മുന്നേറുന്നത്. കിക്കോഫിലൂടെ പദ്ധതികൾക്ക് തുടക്കമായെങ്കിലും സംസ്ഥാന കായിക–യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മറ്റു പ്രൊജക്ടുകളെല്ലാം പാതിവഴിയിലാണ്. ഏയ്സ് (ടെന്നിസ്), ഹൂപ്സ് (ബാസ്കറ്റ്ബോൾ), സ്പ്ലാഷ് (നീന്തൽ) എന്നീ പദ്ധതികളൊന്നും ട്രാക്കിലായിട്ടില്ല. നടത്തിപ്പു ചുമതല സർക്കാരിനാണെങ്കിലും നിർവഹണത്തിന് സ്വകാര്യ ഏജൻസികളെയാണ് ഏൽപിച്ചിരിക്കുന്നത്.

2017ൽ കൊച്ചി കൂടി വേദിയായ അണ്ടർ– 17 ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തെത്തുടർന്നാണ് കിക്കോഫും മറ്റു പദ്ധതികളും പ്രഖ്യാപിച്ചത്. പ്രളയമാണ് പദ്ധതി വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. താരങ്ങളുടെ തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ വകുപ്പുമായി കൂടി ബന്ധപ്പെട്ടായതിനാൽ കാലതാമസത്തിന് അതും കാരണമെന്ന് അനൗദ്യോഗിക വിശദീകരണം. ഒരു വർഷത്തേക്കാണ് പദ്ധതികൾ. നീട്ടണോയെന്ന് പിന്നീട് തീരുമാനിക്കും. ടെൻഡർ മാതൃക പിന്തുടർന്നാണ് ഏജൻസികളെ തിരഞ്ഞെടുത്തതെന്ന് അധികൃതർ പറയുന്നു.

∙ ഹൂപ്സ് (ബാസ്കറ്റ്ബോൾ)

തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നടപ്പാക്കാൻ ഉദ്ദേശം. പുണെയിലെ കിൻഡർ സ്പോർട്സാണ് നടത്തിപ്പ് ഏജൻസി. സെന്ററുകളുടെ തിരഞ്ഞെടുപ്പ് മാത്രമേ പൂർത്തിയായിട്ടുള്ളൂ. താരങ്ങളുടെ സിലക്ഷൻ ഒന്നുമായിട്ടില്ല. 

∙ എയ്സ് (ടെന്നിസ്)

നടത്തിപ്പ് ഏജൻസിയെ പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

∙ സ്പ്ലാഷ് (നീന്തൽ)

കാസർകോട്, വയനാട്, തൃശൂർ, ഇടുക്കി, പാലക്കാട് ജില്ലകളിൽ നടത്താൻ ഉദ്ദേശം. തുടങ്ങിയത് തൃശൂരിൽ മാത്രം. 5 മാസം കൊണ്ട് ഓരോ സെന്ററിലും 1200 കുട്ടികളെ അടിസ്ഥാന നീന്തൽ പഠിപ്പിക്കുകയെന്നത് ലക്ഷ്യം. തൃശൂരിൽ 300 കുട്ടികളുടെ പഠനം പൂർത്തിയായി. 8–12 ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് പദ്ധതി. നടത്തിപ്പു ചുമതല സെപ്റ്റിന് (സ്പോർട്സ് ആൻഡ് എജ്യുക്കേഷൻ പ്രമോഷൻ ട്രസ്റ്റ്).

∙ കിക്കോഫ്  (ഫുട്ബോൾ)

പ്രഖ്യാപനത്തോടെത്തന്നെ ആരംഭിച്ച് സജീവമായി നടക്കുന്ന ഏക പദ്ധതി. എല്ലാ ജില്ലകളിലുമായി 19 സെന്റർ. ആഴ്ചയിൽ 2 ദിവസം പരിശീലനം. കിറ്റും ഭക്ഷണവും അടക്കം എല്ലാം സൗജന്യം. ഓരോ സെന്ററിലും 25 പേർ. പദ്ധതി ഒരു വർഷത്തേക്കു കൂടി നീട്ടിയേക്കും. സെന്ററുകൾക്കായി കിക്കോഫ് കപ്പ് ചാംപ്യൻഷിപ് അടക്കം പരിഗണനയിൽ. പെൺകുട്ടികൾക്കും കിക്കോഫ് ആരംഭിക്കാൻ ശ്രമം. നടത്തിപ്പു ചുമതല സെപ്റ്റിനു തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com