ADVERTISEMENT

കീവ്∙ ഫുട്ബോൾ കരിയറിലെ 700–ാം ഗോളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രം കുറിച്ച മത്സരത്തിൽ യുക്രെയ്നെതിരെ പോർച്ചുഗലിന് തോൽവി. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആതിഥേയർ ജയിച്ചുകയറിയത്. ഇതോടെ അവർ യൂറോ കപ്പിന് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് യുക്രെയ്ൻ ഇരു ഗോളുകളും നേടിയത്. യാരെംചുക് (ആറ്), യാർമോളെങ്കോ (27) എന്നിവരാണ് സ്കോറർമാർ. രണ്ടാം പകുതിയിൽ പെനൽറ്റിയിൽനിന്നാണ് റൊണാൾഡോ പോർച്ചുഗലിന്റെ ആശ്വാസ ഗോൾ നേടിയത്.

പെനൽറ്റിക്കു കാരണമായ ഫൗളിനു പിന്നാലെ യുക്രെയ്ൻ താരം സ്റ്റെപാനെങ്കോ ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും ആളെണ്ണം കുറഞ്ഞ എതിരാളികൾക്കെതിരെ സമനില ഗോൾ കണ്ടെത്താൻ പോർച്ചുഗലിനായില്ല. യുക്രെയ്‌നോടു തോറ്റതോടെ യൂറോ കപ്പ് യോഗ്യത ഉറപ്പിക്കാൻ നിലവിലെ ചാംപ്യൻമാരായ പോർച്ചുഗൽ ഇനിയും കാത്തിരിക്കണം.

മറ്റു മത്സരങ്ങളിൽ ഇംഗ്ലണ്ട് ബൾഗേറിയയെയും (6–0), കൊസോവോ മോണ്ടെനെഗ്രോയെയും (2–0), സെർബിയ ലിത്വാനിയയെയും (2–1), ഐസ്‌ലൻഡ് അൻഡോറയെയും (2–0), അൽബേനിയ മോൾഡോവയെയും (4–0) തോൽപ്പിച്ചു. അതേസമയം, ലോക ചാംപ്യൻമാരായ ഫ്രാൻസിനെ തുർക്കി സമനിലയിൽ (1-1) തളച്ചു.

∙ 700–ാം ഗോളിന്റെ നിറവിൽ റോണോ

മത്സരം ടീം തോറ്റെങ്കിലും കരിയറിലെ 700–ാം ഗോൾ കണ്ടെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേട്ടം പോർച്ചുഗൽ ആരാധകർക്ക് ആവേശമേകി. 973 മൽസരങ്ങളിൽനിന്നാണ് റൊണാൾഡോ നാഴികക്കല്ലു പിന്നിട്ടത്. ഇതിൽ 458 മത്സരങ്ങളിലും കുറഞ്ഞത് ഒരു ഗോളെങ്കിലും നേടാൻ റൊണാൾഡോയ്ക്കായി. പോർച്ചുഗൽ ജഴ്സിയിൽ 95–ാം ഗോൾ നേടിയ റൊണാൾഡോ, രാജ്യത്തിനായി ഗോൾ നേടിയ താരങ്ങളിൽ ഒന്നാമതുള്ള ഇറാന്റെ അലി ദേയിയോട് ഒരു പടി കൂടി അടുത്തു.

English Summary: Euro Cup 2020 Qualifiers, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com