ADVERTISEMENT

ഫിഫ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ 3–ാം മത്സരത്തിൽ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു സമനില മാത്രം. ആദ്യ പകുതിയിൽ സാദ് ഉദിന്റെ (42’) ഗോളിൽ പിന്നിലായ ഇന്ത്യ കളി അവസാനിക്കാൻ 2 മിനിറ്റുള്ളപ്പോൾ പ്രതിരോധനിരതാരം ആദിൽ ഖാന്റെ ഹെഡർ ഗോളിലാണ് സമനില പിടിച്ചത്. 2 പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് ഇയിൽ 4–ാം സ്ഥാനത്തു തുടരുന്നു. ഖത്തർ, ഒമാൻ, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ആദ്യ 3 സ്ഥാനങ്ങളിൽ. ബംഗ്ലദേശാണ് അവസാന സ്ഥാനത്ത്. നവംബർ 14ന് തജിക്കിസ്ഥാനിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൊൽക്കത്ത ∙ പ്രതീക്ഷകളുടെ അമിത ഭാരം ഇന്ത്യയെ അലസരാക്കി. ഫിഫ റാങ്കിങ്ങിൽ 187–ാം സ്ഥാനക്കാരായ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു നാണംകെട്ട സമനില. സന്ദർശകരുടെ ടീമിൽ കൊള്ളാവുന്ന ഒരു സ്ട്രൈക്കർ ഇല്ലാതിരുന്നതു കൊണ്ടാണ്, 104–ാം സ്ഥാനക്കാരായ ഇന്ത്യ തോൽവിയിൽനിന്നു രക്ഷപ്പെട്ടത്!

42–ാം മിനിറ്റിൽ നേടിയ ഗോളോടെ ബംഗ്ലദേശ് വിങ്ങർ നിശ്ശബ്ദമാക്കിയ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന് ഇന്ത്യൻ പ്രതിരോധനിരതാരം ആദിൽ ഖാനാണ് ഒടുവിൽ ജീവൻ വയ്പിച്ചത്. മത്സരം അവസാനിക്കാൻ 2 മിനിറ്റ് ശേഷിക്കെ ആദിൽ നേടിയ ഗോളിൽ ഇന്ത്യയ്ക്കു സമനില.

മികച്ച ഗോൾവ്യത്യാസത്തിൽ ജയിക്കാമെന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ ഇന്ത്യ ബംഗ്ലദേശിന്റെ കടുകട്ടി പ്രതിരോധത്തിനു മുന്നിൽ പകച്ചുപോയി. മത്സരത്തിന്റെ ആദ്യാവസാനം മുൻതൂക്കം നിലനിർത്താനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും ഇന്ത്യയ്ക്കു തിരിച്ചടിയായി. ഇതിനിടെ ലീഡ് ഉയർത്താനുള്ള പല അവസരങ്ങൾ ബംഗ്ലദേശും പാഴാക്കി. ഇന്ത്യൻ നിരയിൽ മലയാളികളായ അനസ് എടത്തൊടിക, ആഷിക് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവർ പ്ലേയിങ് ഇലവനിൽ ഇറങ്ങി.

india-vs-bangladesh-football
കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ, ബംഗ്ലദേശ് ഫിഫ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ നിന്ന്.

ഓ സന്ധു!

കഴിഞ്ഞ മത്സരത്തിൽ ഖത്തറിന്റെ ഒരു ഡസൻ ഗോൾ ഷോട്ടുകൾ തടുത്തുനിർത്തിയ ഗോളി ഗുർപ്രീത് സിങ് സന്ധുവിന്റെ നിമിഷനേരത്തെ അശ്രദ്ധയാണ് ബംഗ്ലദേശിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയത്. ബോക്സിനുള്ളിലേക്ക് ഉയർന്നു വന്ന ഫ്രീകിക്ക് സന്ധുവിന്റെ സകല കണക്കുകൂട്ടലും തെറ്റിച്ചു. ഉയർന്നു ചാടിയ സന്ധുവിന് പന്തിന്റെ ദിശ നിർണയിക്കാനായില്ല. സന്ധുവിന്റെ വിരലുകളിൽതട്ടിയ പന്ത് ബോക്സിനു മുന്നിൽ സ്വതന്ത്രനായി നിന്ന ബംഗ്ലതാരം സാദ് വലയിലേക്കു ഹെഡ് ചെയ്തു (1–0).

തിരിച്ചടിച്ച് ആദിൽ

രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ഇന്ത്യൻ മുന്നേറ്റനിരയും മധ്യനിരയും ആർത്തിരമ്പിയെങ്കിലും ആക്രമണങ്ങളിൽ മുൻ മത്സരങ്ങളിലെ മൂർച്ച തെളിഞ്ഞു കണ്ടില്ല. അപ്രതീക്ഷിത ഗോൾ വീണതിന്റെ സമ്മർദം വലതു വിങ്ങിൽ ഉദാന്ത സിങ്ങിന്റെ വേഗത്തെയും ബോക്സിനുള്ളിൽ ഛേത്രിയുടെ കണിശതയെയും ബാധിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഛേത്രി കയ്യും മെയ്യും മറന്നു കളിച്ചെങ്കിലും ഗോൾ മാത്രം വീണില്ല. മുന്നേറ്റനിരയുടെയും മധ്യനിരയുടെയും ഒത്തിണക്കം നഷ്ടമായതോടെ പരാജയം ഉറപ്പിച്ച ഇന്ത്യയ്ക്ക് സെറ്റ് പീസ് ഗോളാണ് ഒടുവിൽ തുണയായത്.

ബ്രണ്ടൻ ഫെർണാണ്ടെസിന്റെ കോർ‌ണർ, ബോക്സിനുള്ളിൽ ഉയർന്നു ചാടി ഹെഡ് ചെയ്ത ആദിൽ (88’) ഗോൾ മടക്കി. ഛേത്രിയുടെ കരുത്തുറ്റ ഗോൾഷോട്ട് ബംഗ്ലദേശ് പ്രതിരോധനിര താരത്തിന്റെ ശരീരത്തിൽ തട്ടി പുറത്തുപോയതിനു ലഭിച്ച കോർണർ കിക്കാണു ഗോളിനു വഴിയൊരുക്കിയത്. സമനില നേടിയ ഇന്ത്യ പിന്നീട് ഇൻജറി സമയത്തിന്റെ 5 മിനിറ്റും ബംഗ്ല ഗോൾമുഖം വിറപ്പിച്ചെങ്കിലും വിജയഗോൾ നേടാനായില്ല.

പിഴച്ചത് പ്രതിരോധം

വ്യക്തമായ ഗെയിം പ്ലാനിന്റെ അഭാവമാണു ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു തിരിച്ചടിയായത്. ഫിഫ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ബംഗ്ലദേശിനെ ഇന്ത്യ വിലകുറച്ചു കണ്ടു. ബംഗ്ലദേശ് സ്ട്രൈക്കർമാരെ മാൻ ടു മാൻ മാർക്കിങ്ങിലൂടെ വട്ടം പിടിക്കുന്നതിനു പകരം പെനൽറ്റി ബോക്സ് സുരക്ഷിതമാക്കുന്നതിനാണ് ഇന്ത്യൻ പ്രതിരോധനിര മുൻഗണന നൽകിയത്. അനസും ആദിൽ ഖാനും കയറിക്കളിച്ചപ്പോൾ പ്രതിരോധത്തിൽ ഉണ്ടായ വിള്ളൽ മുതലെടുത്ത ബംഗ്ല സ്ട്രൈക്കർമാർ പലതവണ ഗോളിനരികിലെത്തി.

മുന്നേറ്റനിരയിൽ അവസരം ലഭിച്ച മൻവീർ സിങ് നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും നായകൻ സുനിൽ ഛേത്രിയിലായി.കുറിയ പാസുകളിലൂടെ ബോക്സിനുള്ളിൽ ഛേത്രിക്ക് ഒപ്പം നിൽക്കാൻ മൻവീർ ശ്രമിച്ചതേയില്ല. ദിശാബോധമില്ലാത്ത ഇന്ത്യയുടെ പല ആക്രമണങ്ങളും ഒടുവിൽ ഛേത്രിയെ ദേഷ്യം പിടിപ്പിച്ചു. ഇതിനിടെ ഹൈബോൾ തന്ത്രം പയറ്റിഏതാനും ഗോൾ അവസരങ്ങൾ ഒരുക്കിയെങ്കിലും ഹെഡറുകൾ ലക്ഷ്യം തെറ്റി.

തുടക്കം മുതൽ ഇന്ത്യയുടെ കളി മോശമായിരുന്നു. മുന്നേറ്റനിരയ്ക്കു കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. ഇതുപോലെയുള്ള ഗോളുകൾ വഴങ്ങിയാൽ ഒരുകാലത്തും കളി ജയിക്കാനാവില്ല. ഗോളടിക്കാൻ കഴി‍ഞ്ഞില്ലെങ്കിൽ കളിച്ചിട്ടു കാര്യമില്ല. - ഇഗോർ സ്റ്റിമാച്ച്, ഇന്ത്യൻ കോച്ച്

English Summary: 2022 World Cup Qualifiers: Match between India, Bangladesh ends in a draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com