ADVERTISEMENT

ഉരുക്കിൽ തീർത്ത ടീമാണ് ജംഷഡ്പുർ എഫ്സി. രണ്ടു സീസൺ മുൻപ് ടാറ്റ സ്റ്റീലിന്റെ ഉടമസ്ഥതയിൽ രൂപം കൊണ്ട ടീമിന്റെ സ്വഭാവവും ഉരുക്കു പോലെ ഉറപ്പുള്ളതു തന്നെ– എതിർ ടീമുകളെ ജയിക്കാൻ വിടില്ല! എന്നാൽ ഗോളടിച്ചാലേ തങ്ങൾക്കും കളി ജയിക്കാനാവൂ എന്ന കാര്യവും ജംഷഡ്പുർ മറന്നു.

രണ്ടു വട്ടവും പ്ലേഓഫിലേക്കുള്ള അവരുടെ വഴി മുടക്കിയത് തോൽവികളല്ല; സമനിലകളാണ്.  സ്പാനിഷ് പരിശീലകൻ അന്റോണിയോ ഐറിയോൻഡോയുടെ പരിശീലനത്തിൽ ഇറങ്ങുന്ന ടീമിന് അതു കൊണ്ടു തന്നെ ഇത്തവണ പടിപടിയായിട്ടാണ് ലക്ഷ്യങ്ങൾ. ആദ്യം മത്സരങ്ങൾ ജയിക്കണം, പിന്നെ പ്ലേ ഓഫ് കടക്കണം, ഒടുവിൽ കിരീടം നേടണം! 

ചൂളയും ഖനിക്കാരും 

ഐഎസ്എല്ലിൽ സ്വന്തം ഉടമസ്ഥതയിൽ സ്റ്റേഡിയമുള്ള ആദ്യ ടീമാണ് ജംഷഡ്പുർ എഫ്സി. ജെആർഡി ടാറ്റ എന്ന അവരുടെ സ്റ്റേഡിയം അറിയപ്പെടുന്നത് ദ് ഫർണസ് അഥവാ ചൂള എന്നാണ്. ടീമിന്റെ ആരാധക സംഘത്തിന്റെ പേര് ‘റെഡ് മൈനേഴ്സ്’ എന്നും.

1987ൽ രൂപീകൃതമായ ടാറ്റ ഫുട്ബോൾ അക്കാദമിയാണ് ജംഷഡ്പുരിന്റെ ഫുട്ബോൾ നഴ്സറി. എന്നാൽ ക്ലബ് രൂപം കൊണ്ട ശേഷം അവർ ആദ്യമായി ടീമിലെടുത്ത കളിക്കാരൻ ഒരു മലയാളിയാണ്– അനസ് എടത്തൊടിക. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കു പ്രിയങ്കരനായ സ്റ്റീവ് കൊപ്പലായിരുന്നു ആദ്യ സീസണിൽ പരിശീലകൻ. ഇത്തവണയും ജംഷഡ്പുരിന് മലയാളി ബന്ധമുണ്ട്– മിഡ്ഫീൽഡർ സി.കെ. വിനീത്. 

സ്പാനിഷ്,  ഇന്ത്യൻ കളിക്കൂട്ട് 

സ്പാനിഷ്, ഇന്ത്യൻ താരങ്ങളെ ഒന്നിച്ച് ഉരുക്കി വാർത്തതാണ് നിലവിൽ ജംഷഡ്പുർ എഫ്സി. ക്യാപ്റ്റൻ ടിറി ഉൾപ്പടെ ടീമിലെ അഞ്ചു പേർ സ്പെയിൻകാരാണ്. 

ബ്രസീലുകാരൻ മിഡ്ഫീൽ‍ഡർ മെമോ മാത്രമാണ് മറ്റൊരു വിദേശി. ബാക്കിയുള്ളവരെല്ലാം ഇന്ത്യൻ താരങ്ങൾ. മുപ്പത്തിരണ്ടുകാരൻ ഗോൾകീപ്പർ സുബ്രത പാൽ മുതൽ പതിനെട്ടുകാരൻ മിഡ്ഫീൽഡർ അമർജിത് സിങ് കയാം വരെ അക്കൂട്ടത്തിലുണ്ട്.  

ഇന്ത്യൻ ആരോസിൽനിന്ന് അനികേത് ജാദവ്, അമർജിത് സിങ് കിയാം, ജിതേന്ദ്ര സിങ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് കീഗൻ പെരേര, ഗ്രീക്ക് ക്ലബുകളിൽ നിന്ന് പിറ്റി, നോയ അക്കോസ്റ്റ, അത്‌ലറ്റിക്കോ മഡ്രിഡിൽ നിന്ന് സെർജിയോ കാസ്റ്റെൽ, ചെന്നൈയിനിൽ നിന്ന് സി.കെ. വിനീത് എന്നിവരാണ് സീസണിലെ പ്രധാന സൈനിങ്ങുകൾ. 

സുബ്രത പാൽ 

2017–18 സീസണിൽ ഐഎസ്എല്ലിലെ മികച്ച ഗോൾകീപ്പറായിരുന്നു സുബ്രത. ഗുർപ്രീത് സിങ് സന്ധു വരും മുൻപ് ഇന്ത്യൻ ദേശീയ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന സുബ്രതയിൽ ജംഷഡ്പൂരിന് ഏറെ പ്രതീക്ഷയുണ്ട്.

സ്പൈഡർമാൻ സേവുകൾക്കു പുറമെ ഡിഫൻസിനെ ഏകോപിപിക്കുന്നതിലും സുബ്രതയ്ക്കു മികവുണ്ട്.

അന്റോണിയോ ഐറിയോൻഡോ (സ്പെയിൻ)

സ്പാനിഷ് ക്ലബുകളിൽ കളിച്ചും കളിപ്പിച്ചും പരിചയമുള്ള ഐറിയോൻഡോ ജനിച്ചത് റഷ്യൻ തലസ്ഥാനമായ മോസ്കോയിലാണ്.

സ്പാനിഷ് ലോവർ ലീഗുകളിൽ കളിച്ച അദ്ദേഹം 28–ാം വയസ്സിൽ വിരമിച്ചതിനു ശേഷം പരിശീലകനായി. ഒരു ഡസനിലേറെ ക്ലബുകളെ പരിശീലിപ്പിച്ച പരിചയമുണ്ട് ഈ അറുപത്തഞ്ചുകാരന്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം  പുൾഗയും മുൻ ഇന്ത്യൻ താരം സ്റ്റീവൻ ഡയസുമാണ് ഐറിയോൻഡോയുടെ അസിസ്റ്റന്റുമാർ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com