ADVERTISEMENT

‘‘കളി തുടങ്ങാൻ കാത്തിരിക്കുകയാണ്! നാളെ കളിക്കാനും റെഡി!’’ – മുംബൈ സിറ്റി എഫ്സി കോച്ച് ഹോർഹെ കോസ്റ്റയുടെ വാക്കുകളിൽ തിളയ്ക്കുന്നത് അക്ഷമ. കിരീടമില്ലാതെ 5 സീസൺ പിന്നിട്ടു. ഇത്തവണ കപ്പ് നേടുകയല്ലാതെ മറ്റൊരു മോഹം മുംബൈയ്ക്കില്ല.

 ആദ്യ പോരിൽ കേരള ബ്ലാസ്റ്റേഴ്സാണ് എതിരാളികൾ; 24 നു കൊച്ചിയിൽ.

പഴയ കോച്ച്, പഴയതും പുതിയതുമായ താരങ്ങൾ. മധ്യനിരയ്ക്കു ബലം കൂട്ടാനും മുന്നേറ്റ നിരയ്ക്കു കൂടുതൽ മൂർച്ച നൽകാനുമാണു ഹോർഹെ ശ്രമിച്ചത്. പോയ സീസണിൽ ടീമിന്റെ ടോപ് സ്കോററായിരുന്ന (12 ഗോൾ) മൊഡു സോഗൗവിനൊപ്പം തുനീസിയ സ്ട്രൈക്കർ അമീൻ ചെർമൈറ്റി കൂടി ചേരുമ്പോൾ എതിർ പ്രതിരോധം കീറിപ്പിളർക്കാനുള്ള ശേഷി ഇരട്ടിയാകുമെന്നാണു കോച്ചിന്റെ പ്രതീക്ഷ.

പരിചയ സമ്പന്നനായ ക്യാപ്റ്റൻ പൗളോ മച്ചാഡോ നയിക്കുന്ന മധ്യനിരയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നെത്തിയ ഇന്ത്യൻ താരം റൗളിൻ ബോർഹെസ് സംഭവമായേക്കും. മുഹമ്മദ് ലാർബിയാണു (തുനീസിയ) മറ്റൊരു പുതുമുഖം. ഗോവയിൽ വേരുകളുള്ള മുംബൈക്കാരൻ റെയ്നിയർ ഫെർണാണ്ടസും മധ്യനിരയിലെ യുദ്ധായുധമാകും.ഗോൾവല കാക്കാൻ അമരീന്ദർ സിങ്ങിന്റെ കരങ്ങളിൽത്തന്നെ വിശ്വാസമർപ്പിക്കുകയാണു മുംബൈ. പ്രതിരോധ നിരയിലെ കോംഗോ സൂപ്പർതാരം ആർനൾഡ് ഇസോകോ ക്ലബ് വിട്ടതു പ്രതിരോധത്തെ ക്ഷീണിപ്പിക്കാൻ സാധ്യതയേറെ.

ഈ ടീം കപ്പടിക്കുമോ?

കരുത്ത്

∙ കരുത്തുറ്റ മധ്യ, മുന്നേറ്റ നിരകളാണു ടീമിന്റെ ശക്തി. മുന്നേറ്റ നിരയിൽ മൊഡു സോഗൗ, അമീൻ ചെർമൈറ്റി ദ്വയം ഗോൾ വർഷം തീർത്തേക്കാം. പൗളോ മച്ചാഡോ നയിക്കുന്ന മധ്യനിര ഭാവനാ സമ്പന്നം.

∙ പഴയ കളിക്കാർക്കൊപ്പം പുതിയവരെയും കോർത്തിണക്കാനുള്ള കോച്ചിന്റെ ശ്രമം വിജയിച്ചാൽ ടീമിനു പ്ലേ ഓഫ് സാധ്യത അകലെയല്ല. ചിലപ്പോൾ, അതിനപ്പുറവും.

പോരായ്മ

∙ പ്രതിരോധം. കോംഗോ സൂപ്പർതാരം ആർനൾഡ് ഇസോകോയുടെ അസാന്നിധ്യം തിരിച്ചടി ആയേക്കാം. കഴിഞ്ഞ സീസണിൽ മുംബൈയുടെ പ്രത്യാക്രമണങ്ങൾക്കു തുടക്കമിടുന്നതിലും മുന്നേറ്റ നിരയിൽ മൊഡുവിനു പന്തെത്തിക്കുന്നതിലും ഇസോകോ മികച്ചുനിന്നു.

∙ പ്രതിരോധ നിരയിൽ ക്രൊയേഷ്യൻ താരം മാറ്റോ ഗർഗിച് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. ഇന്ത്യൻ യുവ താരങ്ങളിൽ പലരും അത്രയേറെ മൽസര പരിചയമുള്ളവരല്ല.

റൗളിൻ ബോർഹെസ്

ഇന്ത്യൻ താരം റൗളിൻ ബോർഹെസ് മധ്യനിരയ്ക്കു കരുത്താകും. ബോക്സ് ടു ബോക്സ് കളിക്കാൻ ഇഷ്ടപ്പെടുന്ന റൗളിനു വിവിധ പൊസിഷനുകളിൽ തിളങ്ങാൻ ശേഷിയുണ്ട്.

അമീൻ ചെർമൈറ്റി

തുനീസിയ സ്ട്രൈക്കർ അമീൻ ചെർമൈറ്റിയാണു  പുതിയ നക്ഷത്രം.   ജർമൻ ബുന്ദസ് ലിഗയിൽ ഹെർത്ത ബെർലിൻ ഉൾപ്പെടെയുള്ള ടീമുകൾക്കായി കളിച്ച അനുഭവസമ്പത്തുണ്ട്.

ഹോർഹെ കോസ്റ്റ (പോർച്ചുഗൽ)

തുടർച്ചയായ രണ്ടാം സീസണിലും ടീമിനെ പരിശീലിപ്പിക്കുന്ന  കോസ്റ്റയുടെ അനുഭവ സമ്പത്താണു ടീമിന്റെ ആത്മവിശ്വാസം. പോർച്ചുഗലിന്റെ മുൻ രാജ്യാന്തര താരമായ ഹോർഹെ 2 മാസം നീണ്ട പ്രീ സീസണു ശേഷമാണു ടീമിനെ കളത്തിലിറക്കുന്നത്. കളിക്കാരനെന്ന നിലയിൽ പോർച്ചുഗൽ ടീം എഫ്സി പോർട്ടോയെ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ച ചരിത്രമുള്ള ഹോർഹെയുടെ താരപരിവേഷം ടീമിനെ ഒത്തിണക്കുന്ന പ്രധാന കണ്ണിയാണ്.

പ്രീ സീസണിലെ പിഴവുകളാണു കഴിഞ്ഞ തവണ ലീഗിന്റെ ആദ്യ പകുതിയിലെ തിരിച്ചടികൾക്കു കാരണമെന്നു തുറന്നു സമ്മതിക്കുന്ന അദ്ദേഹം ഇക്കുറി വ്യത്യസ്തമായി കളിക്കുന്ന മുംബൈ ടീം എന്ന വാഗ്ദാനമാണു സമ്മാനിക്കുന്നത്. 25 കളിക്കാരിൽ നിന്നു മികച്ച കോംപിനേഷൻ സാധ്യമാണെന്നും അദ്ദേഹം കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com