ADVERTISEMENT

സ്റ്റോക്കോം ∙ അടുത്ത മത്സരം വരെ കാത്തിരിക്കാൻ വയ്യ എന്ന് അവസാന നിമിഷം സ്പെയിനു തോന്നി. ഇൻജറി ടൈമിലെ ഗോളിൽ സ്വീഡനെ 1–1 സമനില പിടിച്ച് മുൻ ചാംപ്യൻമാർ യൂറോകപ്പ് ഫുട്ബോളിനു യോഗ്യത നേടി. 92–ാം മിനിറ്റിൽ പകരക്കാരൻ റോഡ്രിഗോ മൊറീനോയാണ് സ്പെയിന്റെ ടിക്കറ്റ് ഉറപ്പാക്കിയ ഗോൾ നേടിയത്. 

  50–ാം മിനിറ്റിൽ മാർക്കസ് ബെർഗിന്റെ ഗോളിൽ സ്വീഡൻ മുന്നിലെത്തിയിരുന്നു. യൂറോയ്ക്ക് യോഗ്യത നേടുന്ന ആറാമത്തെ ടീമാണ് സ്പെയിൻ. ബൽജിയം, ഇറ്റലി, പോളണ്ട്, റഷ്യ, യുക്രെയ്ൻ എന്നിവർ നേരത്തേ യോഗ്യത നേടിയിരുന്നു. 

   യൂറോപ്പിലെ 12 രാജ്യങ്ങളിലെ 12 നഗരങ്ങളിലാണ് അടുത്ത വർഷം യൂറോ കപ്പ് ഫുട്ബോൾ.  രണ്ടാം പകുതിയിൽ ഗോൾകീപ്പർ ഡേവിഡ് ഡ‍ി ഗിയ പരുക്കേറ്റ് പുറത്തു പോയത് സ്പെയിനു തിരിച്ചടിയായി. എന്നാൽ സ്പെയിനെക്കാളേറെ അതു ബാധിക്കുന്നത് ഡി ഗിയയുടെ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെയായിരിക്കും. ഈ വാരം ലിവർപൂളിനെതിരെ ഡി ഗിയയുടെ കാവൽ അവർക്കുണ്ടാവില്ല.

∙ അയർലൻഡിനു മരണക്കളി

ഡി ഗ്രൂപ്പ് മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് 2–0നു തോറ്റ അയർലൻഡിന് അവസാന മത്സരത്തിൽ ഡെൻമാർക്കിനെതിനെതിരെ ജയം അനിവാര്യമായി. ജയത്തോടെ സ്വിസ്സുകാരുടെ പ്രതീക്ഷകളും സജീവമായി. 12 പോയിന്റോടെ അയർലൻഡും ഡെൻമാർക്കുമാണ് ഗ്രൂപ്പിൽ മുന്നിൽ.

സ്വിറ്റ്സർലൻഡ് ഒരു പോയിന്റ് പിന്നിൽ. എന്നാൽ ഐറിഷുകാർക്ക് ഡെൻമാർക്കിന് എതിരെ മത്സരം മാത്രമേ ബാക്കിയുള്ളൂ. സ്വിറ്റ്സർലൻഡിന് രണ്ടു കളികളുണ്ട്. 73–ാം മിനിറ്റിൽ സീമസ് കോൾമാൻ ചുവപ്പു കാർഡ് പുറത്തായതും അയർലൻഡിന് തിരിച്ചടിയായി.

∙ ചരിത്രത്തിനരികെ ഫിൻലൻഡ് 

ടീമു പുക്കിയുടെ ഇരട്ടഗോളിൽ അർമീനിയയെ 3–0നു തോൽപിച്ച ഫിൻലൻഡ് ആദ്യ യൂറോപ്യൻ ചാംപ്യൻഷിപ്പിന് അരികെയെത്തി. ജെ ഗ്രൂപ്പിൽ ഇറ്റലിക്കു (24) പിന്നിൽ രണ്ടാം സ്ഥാനത്താണ് ഫിൻലൻഡ് (15) ഇപ്പോൾ. അടുത്ത കളിയിൽ ലിച്ചെൻസ്റ്റെയ്നെ തോൽപ്പിച്ചാൽ ഫിന്നിഷുകാർക്ക് യോഗ്യത നേടാം.

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നോർവിച്ച് സിറ്റിയുടെ താരമായ പുക്കിക്ക് ഇതോടെ എട്ടു കളികളിൽ 7 ഗോളുകളായി. ലിച്ചെൻസ്റ്റെയ്നെ 5–0നു തകർത്ത ഇറ്റലി സമ്പൂർണ വിജയത്തിന്റെ റെക്കോർഡ് കാത്തു. അവരുടെ എട്ടാം വിജയമാണിത്. കളിയിൽ ആൻഡ്രിയ ബെലോട്ടി ഇരട്ടഗോൾ നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com