ADVERTISEMENT

കൊൽക്കത്ത ∙ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബംഗ്ലദേശിനെതിരെ സമനില വഴങ്ങിയതിൽ വലിയ നിരാശയെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ‘‘സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ആവേശത്തിനൊപ്പം നിൽക്കുന്ന കളി കാഴ്ച വയ്ക്കാൻ ഞങ്ങൾക്കായില്ല..’’– 88–ാം മിനിറ്റിൽ ഡിഫൻഡർ ആദിൽ ഖാൻ നേടിയ ഗോളിൽ ഇന്ത്യ 1–1 സമനില പിടിച്ച മത്സരത്തിനു ശേഷം ഛേത്രി പറഞ്ഞു.

യോഗ്യതാ റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്കും ഇതോടെ തിരിച്ചടിയേറ്റു. ഇ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ. ആദ്യ രണ്ടു സ്ഥാനക്കാർ മാത്രമേ അടുത്ത ഘട്ടത്തിലേക്കു മുന്നേറൂ. നവംബർ 14ന് അഫ്ഗാനിസ്ഥാനെതിരെ എവേ മൈതാനത്താണ് ഇന്ത്യയുടെ അടുത്ത മത്സരം.

കഴിഞ്ഞ കളിയിൽ ഏഷ്യൻ ചാംപ്യൻമാരായ ഖത്തറിനെ ദോഹയിൽ ഇന്ത്യ ഗോളില്ലാ സമനിലയിൽ പിടിച്ചതിന്റെ ആവേശത്തിൽ അര ലക്ഷത്തിലേറെ പേരാണ് ബംഗ്ലദേശിനെതിരെ മത്സരം കാണാനെത്തിയത്. കാണികളുടെ എണ്ണത്തിൽ മത്സരം റെക്കോർഡ് കുറിക്കുകയും ചെയ്തു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കണക്കു പ്രകാരം 53,286 പേരാണ് സോൾട്ട് ലേക്കിൽ കളി കാണാനെത്തിയത്.

2022 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇതുവരെയുള്ള മത്സരങ്ങളിൽ രണ്ടാം സ്ഥാനം. സെപ്റ്റംബറിൽ ജക്കാർത്തയിൽ നടന്ന ഇന്തൊനീഷ്യ–മലേഷ്യ മത്സരമാണ് ഒന്നാമത്– 54,659 പേർ. എന്നാൽ അനൗദ്യോഗിക കണക്ക് പ്രകാരം 61,486 പേർ ഇന്ത്യ–ബംഗ്ലദേശ് മത്സരം കാണാനെത്തിയതായി പറയപ്പെടുന്നു. അങ്ങനെയെങ്കിൽ ഒന്നാം സ്ഥാനം സോൾട്ട് ലേക്കിനു തന്നെ. ഏറ്റവും കൂടുതൽ കാണികളെത്തിയ ആദ്യ 10 മൽസരങ്ങളിൽ മൂന്നും കംബോഡിയയുടെ ഹോം മത്സരങ്ങളാണ്. ടെഹ്റാനിൽ ഇറാനെതിരെ 14–0ന്റെ തോൽവി ഏറ്റുവാങ്ങിയതൊന്നും കംബോഡിയൻ ടീമിന്റെ ആരാധക പിന്തുണ കുറച്ചില്ല! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com