sections
MORE

വരയിൽവച്ച് റൊണാൾഡോയുടെ ഗോൾ ‘മോഷ്ടിച്ച്’ റാംസെ; പിന്നാലെ ക്ഷമാപണം

ramsey-goal-vs-lokomotiv-moscow
റൊണാൾഡോയുടെ ഫ്രീകിക്ക് ഗോൾലൈനിൽവച്ച് തട്ടി അകത്തിടുന്ന റാംസെ. മത്സരത്തിനിടെ റൊണാൾഡോയുടെ പ്രതികരണം.
SHARE

മോസ്കോ∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ ‘മോഷ്ടിച്ചതിന്’ ക്ഷമചോദിച്ച് സഹ താരം ആരോൺ റാംസെ രംഗത്ത്. കഴിഞ്ഞ ദിവസം ലോക്കോമോട്ടീവ് മോസ്കോയ്‌ക്കെതിരെ നടന്ന ഗ്രൂപ്പ് തല മത്സരത്തിലാണ് റൊണാൾഡോയുടെ ഗോൾ ഗോൾവരയ്ക്കരികെ വച്ച് റാംസെ ‘മോഷ്ടിച്ചത്’. ഇതോടെ മത്സരത്തിന്റെ നാലാം മിനിറ്റിൽ യുവെന്റസ് നേടി ഗോൾ റാംസെയുടെ പേരിൽ കുറിക്കപ്പെടുകയും ചെയ്തു. മത്സരത്തിൽ ലോക്കോമോട്ടീവ് മോസ്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച യുവെന്റസ് പ്രീക്വാർട്ടറിൽ സ്ഥാനമുറപ്പിക്കുകയും ചെയ്തു. യുവെന്റസിൽ എത്തിയതു മുതൽ ഫ്രീകിക്കുകൾ ഗോളിലെത്തിക്കുന്നതിൽ കടുത്ത പ്രതിസന്ധി നേരിടുന്ന റൊണാൾഡോയ്ക്ക്, ആ ദുഷ്പേരു മായിക്കാനുള്ള അവസരം കൂടിയാണ് റാംസെയുടെ ‘ഇടപെടലിൽ’ നഷ്ടമായത്.

ലോക്കോമോട്ടീവിനെതിരായ മത്സരത്തിന്റെ നാലാം മിനിറ്റിലാണ് റൊണാൾഡോയുടെ പേരിൽ കുറിക്കപ്പെടേണ്ടിയിരുന്ന ഫ്രീകിക്ക് ഗോൾ ഗോൾലൈനിനരികെ റാംസെ ‘ചൂണ്ടിയത്’. മത്സരത്തിന്റെ തുടക്കത്തിൽ യുവെന്റസിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം. ലോക്കോമോട്ടിവ് ബോക്സിനു വെളിയിൽ ഇടതുപാർശ്വത്തിൽ ലഭിച്ച ഫ്രീകിക്ക് എടുത്തത് പതിവുപോലെ റൊണാൾഡോ.

താരം തൊടുത്തുവിട്ട പന്ത് സാമാന്യം ഉയർന്ന് ഗോൾപോസ്റ്റിനരികെ താഴ്ന്നിറങ്ങുമ്പോൾ പന്തിനു മുന്നിൽ പ്രതിരോധം തീർത്ത് മോസ്കോ ഗോൾകീപ്പർ ഗ്വിൽഹേം ഉണ്ടായിരുന്നു. എന്നാൽ, പന്തു കൈപ്പിടിയിലൊതുക്കാനുള്ള ഗോളിയുടെ ശ്രമം പാളി. കയ്യിൽനിന്നു ചോർന്ന പന്ത് ഗോൾലൈനിലേക്കു നീങ്ങുമ്പോഴായിരുന്നു റാംസെയുടെ രംഗപ്രവേശം. അനായാസം ഗോളാകുമായിരുന്ന പന്തിനെ ഗോൾലൈനിൽ വച്ച് റാംസെ തട്ടി അകത്തിട്ടു. റൊണാൾഡോയുടെ പേരിൽ കുറിക്കപ്പെടേണ്ടിയിരുന്ന ഗോൾ ഇതോടെ റാംസെയുടെ പേരിലായി.

ചാംപ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് കൂടിയാണ് ഇതോടെ റൊണാൾഡോയ്ക്ക് നഷ്ടമായത്. നിലവിൽ 33 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടിയ റൊണാൾഡോ ഇക്കാര്യത്തിൽ ലയണൽ മെസ്സി, മുൻ റയൽ താരം കൂടിയായ സ്പെയിനിന്റെ റൗൾ ഗോൺസാലസ് എന്നിവർക്കൊപ്പമാണ്. ലോക്കോമോട്ടിവിനെതിരെ ഗോൾ നേടിയിരുന്നെങ്കിൽ എതിരാളികളുടെ എണ്ണം 34 ആക്കി ഉയർത്തി റെക്കോർഡ് റൊണാൾഡോയ്ക്ക് ഒറ്റയ്ക്ക് കയ്യടക്കമായിരുന്നു. മാത്രമല്ല, യുവെന്റസ് ജഴ്സിയിൽ സെറ്റ് പീസിൽനിന്ന് നേരിടുന്ന കടുത്ത ഗോൾവരൾച്ചയ്ക്കും അറുതിയായേനെ.

അതേസമയം, ഈ ഗോൾനേട്ടം റാംസെയ്ക്ക് ലോട്ടറിയായി. ആർസനൽ ജഴ്സിയിൽ 2015ൽ മൊണാക്കോയ്ക്കെതിരെ ഗോൾ നേടിയ ശേഷം ചാംപ്യൻസ് ലീഗിൽ റാംസെയുടെ ആദ്യ ഗോളാണിത്. എന്തായാലും മത്സരശേഷം റൊണാൾഡോയോടു താൻ ക്ഷമാപണം നടത്തിയതായി റാംസെ വെളിപ്പെടുത്തി. ‘പന്ത് ഗോൾകീപ്പറിന്റെ അടുത്താണെന്നാണ് ഞാൻ കരുതിയത്. ഗോളി ‍ഡൈവ് ചെയ്ത് പന്തു പിടിച്ചെടുക്കുമെന്ന് കരുതിയാണ് ഗോൾലൈനിനരികെ അതു തട്ടി അകത്തിട്ടത്. അപ്പോഴത്തെ തോന്നലനുസരിച്ചായിരുന്നു അത്. എന്തായാലും റൊണാൾഡോയുടെ ഉറച്ച ഗോളവസരം നഷ്ടമാക്കിയതിന് ഞാൻ മത്സരശേഷം അദ്ദേഹത്തോടു ക്ഷമ ചോദിച്ചു’ – റാംസെ റിപ്പോർട്ടർമാരോടു പറഞ്ഞു.

∙ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിൽ അനിഷ്ടം പ്രകടിപ്പിച്ച് റോണോ

മത്സരത്തിനിടെ പതിവില്ലാത്ത മറ്റൊരു കാഴ്ചയും കണ്ടു. മത്സരത്തിന്റെ 82–ാം മിനിറ്റിൽ റൊണാൾഡോയെ യുവെ പരിശീലകൻ മൗറീഷ്യോ സാറി സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. ‘പതിവുപോലെ’ തന്റെ അതൃപ്തി പരസ്യമാക്കിയാണ് റൊണാൾഡോ തിരിച്ചുകയറിയത്. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുമ്പോഴാണ് സാറി റൊണാൾഡോയെ പിൻവലിച്ച് അർജന്റീന താരം പൗലോ ഡൈബാലയെ കളത്തിലിറക്കിയത്.

സാറിയുടെ തീരുമാനത്തിൽ അനിഷ്ടം പ്രകടിപ്പിച്ച റൊണാൾഡോ അദ്ദേഹത്തിന് അടുത്തെത്തി എന്തോ പറയുകയും ചെയ്തു. പിന്നീട് തിരിഞ്ഞുനിന്ന് രണ്ടു വിരലുകൾ മാത്രം ഉയർത്തി എന്തോ ആംഗ്യവും കാട്ടി. അതേസമയം, യുവെന്റസ് ജഴ്സിയിൽ റൊണാൾഡോ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്നത് ഇതു മൂന്നാം തവണ മാത്രമാണ്. മൗറീഷ്യ സാറിക്കു കീഴിൽ ആദ്യവും. എന്തായാലും ഇൻജറി ടൈമിൽ പകരക്കാരൻ താരം ഡഗ്ലസ് കോസ്റ്റ നേടിയ ഗോളിൽ വിജയം പിടിച്ചെടുത്ത യുവെ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ ഉറപ്പാക്കിക്കഴിഞ്ഞു.

English Summary: Aaron Ramsey apologises to Cristiano Ronaldo for 'stealing' Juventus goal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA