sections
MORE

ഗോളടി മികവിന് അംഗീകാരം; ‘ചെന്നൈ ഇതിഹാസം’ മെന്‍ഡോസ കൊളംബിയ ടീമിൽ!

steven-mendoza
മെൻഡോസ
SHARE

നടുക്കുന്ന ഓർമകളുടെ വെടിയൊച്ചകൾ മറന്ന് കൊളംബിയയുടെ ഷാർപ്പ് ഷൂട്ടർ ആകാൻ ഒരുങ്ങുകയാണ് സ്റ്റീവൻ മെൻഡോസ. മെൻഡോസയെ ഓർമയില്ലേ? ഇന്ത്യൻ മണ്ണിൽ ഐഎസ്എൽ പിച്ചവച്ചു തുടങ്ങിയ നാളുകളിൽ ചെന്നൈയുടെ നീലക്കുപ്പായത്തിൽ ഗോളുകൾ വർഷിച്ച അതേ സ്റ്റീവൻ മെൻഡോസ തന്നെ. ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെത്തേടി നാലു വർഷത്തിനിപ്പുറം കൊളംബിയയുടെ മഞ്ഞക്കുപ്പായത്തിന്റെ വിളിയെത്തിയിരിക്കുകയാണ്.

ബ്രസീലിയൻ ലീഗിലും യുഎസ് മേജർ ലീഗ് സോക്കറിലും ഫ്രഞ്ച് ലീഗിലുമായി ഗോളിനു നേർക്കു നിറയൊഴിച്ച മികവിനു മെൻഡോസയെത്തേടി ദേശീയ ടീമിന്റെ വിളിയെത്തുമ്പോൾ താരത്തിന്റെ മനസ്സിലും വെടിയൊച്ചയുടെ ഭീതി മുഴങ്ങുന്നുണ്ടാകും. രക്തക്കറയുടെ മണമുള്ള കൊളംബിയയിലെ തെരുവുകളിലൊന്നിൽ മെൻഡോസയുടെ നേർക്കു തോക്ക് ഉയർന്നിട്ടു അധിക നാളുകളായിട്ടില്ല. ആന്ദ്രേ എസ്കോബാറിന്റെ രക്തം വീണ മെഡെലിനിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. തോക്കിൻമുനയിൽ നിർത്തി മർദ്ദിച്ച് പണവും ആഭരണങ്ങളുമെല്ലാം കവർന്നെടുത്ത അക്രമികളിൽ നിന്നു ഭാഗ്യം കൊണ്ടാണ് മെൻഡോസ രക്ഷപെട്ടത്.

താരത്തെ പിടിച്ചുകുലുക്കിയ സംഭവം നടന്ന് ഒരു മാസം പോലും ആകും മുൻപേ മെൻഡോസയുടെ ഇളയ സഹോദരൻ ജയ്സൻ മെൻഡോസയ്ക്കും സമാനമായ അനുഭവം നേരിടേണ്ടിവന്നു. പക്ഷേ മെൻഡോസയ്ക്കു ലഭിച്ച ഭാഗ്യവും ദയയും സഹോദരനു ലഭിച്ചില്ല. കാലിയിലെ തെരുവിൽ ജൂനിയർ മെൻഡോസയുടെ ജീവനും കൊളംബിയയുടെ ശാപമായ തെമ്മാടിക്കൂട്ടം കവർന്നു. ഫുട്ബോളർ കൂടിയായ സഹോദരനു ഫ്രാൻസിൽ ഒരു ക്ലബ് കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണു സ്റ്റിവനെ ഞെട്ടിച്ച വാർത്തയെത്തുന്നത്. ഫ്രാൻസിലെത്തി ചേട്ടൻ മെൻഡോസയ്ക്കൊപ്പം മാസങ്ങളോളം താമസിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയതേയുണ്ടായിരുന്നുള്ളൂ ജയ്സൻ.

കുഞ്ഞനുജന്റെ വേർപാട് നൽകിയ ദു:ഖം മാറും മുൻപേയാണു മെൻഡോസയെ കോച്ച് കാർലോസ് ക്വിറോസ് ദേശീയ ടീമിലേക്കു ക്ഷണിച്ചത്. പെറു, ഇക്വഡോർ ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലേക്കാണു 27 കാരൻ സ്ട്രൈക്കറെത്തേടി സീനിയർ ടീമിന്റെ ആദ്യവിളിയെത്തുന്നത്. ബ്രസീലിലെ വിഖ്യാത ക്ലബ് കൊറിന്ത്യൻസിൽ നിന്നു വായ്പാടിസ്ഥാനത്തിൽ കളിക്കാനെത്തി 2015ൽ ചെന്നൈയ്ൻ എഫ്സിക്കു ഐഎസ്എൽ കിരീടം സമ്മാനിച്ച മെൻഡോസ യുഎസ് മേജർ ലീഗിൽ കളിക്കാനായാണ് ഇന്ത്യ വിട്ടത്. ഇന്ത്യൻ ലീഗിലെ ഗോൾഡൻ ബൂട്ടിന്റെ തിളക്കത്തിൽ ന്യൂയോർക്ക് സിറ്റിക്കു വേണ്ടി ബൂട്ടണിഞ്ഞ താരം പിന്നീടു ഫ്രഞ്ച് ലീഗ് വണ്ണിലെ അമീയൻസിൽ ചേർന്നു. കളിച്ച ലീഗിലെല്ലാം ഗോൾ കുറിച്ച മികവാണ് ഇന്നു ഹാമിഷ് റോഡ്രിഗസും യുവാൻ ക്വാഡ്രാഡോയും ഡേവിഡ് ഒസ്പിനയുമുള്ള കൊളംബിയൻ ടീമിൽ മെൻഡോസയ്ക്ക് ഇടംനേടിക്കൊടുത്തത്.

English Summary: Former Chennaiyin FC Striker Steven Mendoza to Play for Colombia National Team

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA