ADVERTISEMENT

കോഴിക്കോട് ∙ മെഗാഹിറ്റ് തമിഴ് സിനിമയിലെ നായകൻ ‘ബിഗിൽ’ ആയി നടൻ വിജയ് സ്റ്റേഡിയത്തിൽ അവതരിച്ചിരുന്നെങ്കിൽ എന്ന് തമിഴ്നാട് ടീം ആശിച്ചുകാണും. അതല്ലാതെ കേരളത്തിന്റെ ആക്രമണം തടയാൻ ഒരു രക്ഷയുമുണ്ടായിരുന്നില്ല. തമിഴ്നാടിനെ 6–0ന് കീഴടക്കി കേരളം മിസോറമിലെ ഐസോളിൽ ജനുവരിയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനു യോഗ്യത നേടി. എം.എസ്.ജിതിൻ 2 ഗോളുകളും ജിജോ ജോസഫ്, പി.വി.വിഷ്ണു, എമിൽ ബെന്നി, മൗസൂഫ് നൈസാൻ എന്നിവർ ഓരോ ഗോൾ വീതവും നേടി. കഴിഞ്ഞ തവണ യോഗ്യതാ റൗണ്ടിൽ പുറത്തായതിന്റെ സങ്കടം തീർക്കുന്ന പ്രകടനമാണ് ഇക്കുറി കേരളം നടത്തിയത്.

സന്തോഷ കേരളം

തുടക്കം മുതൽ കേരളം ആക്രമണം അഴിച്ചുവിട്ടു. വിങ്ങുകൾ മാറിമാറിക്കളിച്ച ലിയോൺ അഗസ്റ്റിന്റെയും എം.എസ്.ജിതിന്റെയും നേതൃത്വത്തിൽ തുടരെത്തുടരെ റെയ്ഡുകൾ. തുടക്കത്തിൽ വി.വി.ശ്രീരാഗിന്റെ ഹെഡർ ബാറിനു മുകളിലൂടെ പറന്നതു സന്ദർശകർക്കു ഭാഗ്യമായി. തൊട്ടുപിന്നാലെ ബോക്സിനു പുറത്തു കിട്ടിയ ഫ്രീകിക്കിൽ ജിജോ ജോസഫിന്റെ നിലംപറ്റെയുള്ള ഷോട്ട് തമിഴ്നാട് ഗോളി ദിനേഷ് ജെറോം തട്ടിയകറ്റി. ഒൻപതും പത്തും മിനിറ്റുകളിലായി 3 മികച്ച അവസരങ്ങൾ നിർഭാഗ്യംകൊണ്ട് ഗോളായില്ല. കോർണറിലെ കൂട്ടപ്പൊരിച്ചിലിൽ വിബിൻ തോമസിന്റെ ഗോളെന്നുറച്ച ശ്രമം ഗോൾവരയിൽനിന്ന് തമിഴ്നാട് പ്രതിരോധ താരം എസ്.ശക്തിവേൽ തട്ടിയകറ്റി.24–ാം മിനിറ്റിൽ ഗാലറി കാത്തിരുന്ന നിമിഷം. 3 പേരെ വെട്ടിച്ചു മുന്നേറിയ ജിജോയുടെ പാസിൽനിന്ന് വിഷ്ണുവിന്റെ അനായാസ ഗോൾ.

സുന്ദരഗോൾ

രണ്ടാം ഗോളിന്റെ ഫുൾ ക്രെഡിറ്റ് ജിതിന്. തമിഴ്നാട് പ്രതിരോധ താരങ്ങളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് 32–ാം മിനിറ്റിൽ തൊടുത്ത ഷോട്ടിനു ഗോളിക്കും മറുപടിയുണ്ടായില്ല. ലിയോണും വിഷ്ണുവും 2 തുറന്ന അവസരങ്ങൾ നഷ്ടമാക്കിയതിനു പിന്നാലെ ജിതിന്റെ 2–ാം ഗോൾ. വലതുവിങ്ങിൽനിന്ന് വെട്ടിച്ചുകയറി ഗോൾമുഖത്തെ അവസാന പ്രതിരോധ താരത്തെയും പിന്നെ ഗോളിയെയും മറികടന്ന് ഒട്ടും തിടുക്കമില്ലാതെയുള്ള മനോഹര ഫിനിഷ്. മത്സരത്തിലെ ഏറ്റവും സുന്ദര മുഹൂർത്തം! വിഷ്ണുവിനെ പിൻവലിച്ച് എമിൽ ബെന്നിയെ കളത്തിലിറക്കിയാണു കേരളം ഇടവേളയ്ക്കു കയറിയത്. തമിഴ്നാടിന്റെ മികച്ച ഒരു ഗോൾശ്രമത്തിന് 56–ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു.

ഗോൾ മഴ

69–ാം മിനിറ്റിൽ ലിയോൺ വലകുലുക്കിയെങ്കിലും ഓഫ്സൈഡായി. പിന്നാലെ, 3 താരങ്ങളെ സുന്ദരമായി കബളിപ്പിച്ച് എമിൽ ബെന്നി തൊടുത്ത ഷോട്ട് പോസ്റ്റിനു തൊട്ടരികിലൂടെ പോയി. പകരക്കാരനായി ഇറങ്ങിയ മൗസൂഫ് നൈസാന്റെ വകയായിരുന്നു കേരളത്തിന്റെ 4–ാം ഗോൾ. 82–ാം മിനിറ്റിലെ ലോങ് റേഞ്ചർ ഗോളിയുടെ ഗ്ലവ്വിൽ ഉരസി വലയിൽ കയറി. 5 മിനിറ്റിനകം ജിജോയുടെ അതിവേഗ മുന്നേറ്റവും ലക്ഷ്യംകണ്ടു. ഫൈനൽ വിസിലിനു തൊട്ടുമുൻപ് ഡ്രിബിൾ ചെയ്തു മുന്നേറിയ എമിൽ ബെന്നി പട്ടിക തികച്ചു (6–0).

ക്യാംപ് കൊച്ചിയിൽ

കേരളത്തിന്റെ പരിശീലന ക്യാംപ് രണ്ടാഴ്ചയ്ക്കകം കൊച്ചിയിൽ തുടങ്ങും. ഇപ്പോഴത്തെ 20 അംഗ ടീമിൽ ആവശ്യമെങ്കിൽ ഇനിയും മാറ്റം വരാം.

ബിനോ ജോർജ്

കേരള പരിശീലകൻ

English Summary: Kerala vs Tamilnadu match in Santhosh Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com