ADVERTISEMENT

മഡ്രിഡ്∙ സൂപ്പർതാരം ലയണൽ മെസ്സി ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ സെൽറ്റ വിഗോയ്ക്ക‌െതിരെ ബാർസിലോനയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാർസയുടെ വിജയം. 23 (പെനൽറ്റി), 45+1, 48 മിനിറ്റുകളിലായാണ് മെസ്സി ഹാട്രിക് പൂർത്തിയാക്കിയത്. സെർജി ബുസ്ക്വെറ്റ്സിന്റെ (85) അവരുടെ നാലാം ഗോൾ. ലൂക്കാസ് ഒലാസയുടെ (42) വകയാണ് അവരുടെ ആശ്വാസ ഗോൾ. ഇതോടെ, ലാലിഗയിൽ 34 ഹാട്രിക്കുമായി മെസ്സി മുൻ റയൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി.

അതേസമയം, ലീഗിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ റയൽ മഡ്രി‍ഡ് ഐബറിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. ഇരട്ടഗോളുമായി തിളങ്ങിയ ഫ്രഞ്ച് താരം കരിം ബെൻസേമയാണ് റയലിന് ആവേശജയം സമ്മാനിച്ചത്. 17, 29 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. ക്യാപ്റ്റൻ സെർജിയോ റാമോസ് (29, പെനൽറ്റി), വാൽവർദെ (61) എന്നിവരാണ് റയലിന്റെ ഗോൾപട്ടിക പൂർത്തിയാക്കിയത്. വിജയത്തോടെ റയലിനും ബാർസയ്ക്കും 12 മത്സരങ്ങളിൽനിന്ന് 25 പോയിന്റു വീതമുണ്ടെങ്കിലും ഗോൾശരാശരിയിൽ ബാർസയാണ് മുന്നിൽ.

∙ ഇംഗ്ലണ്ടിൽ ആർസനലിനു ഷോക്ക്!

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കരുത്തരായ ആർസനലിന്റെ കഷ്ടകാലം തുടരുന്നു. ഇക്കുറി ലെസ്റ്റർ സിറ്റിയാണ് ആർസനലിനെ വീഴ്ത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലെസ്റ്ററിന്റെ വിജയം. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ജെയ്മി വാർഡി (68), മാഡിസൻ (75) എന്നിവരാണ് ലെസ്റ്ററിനായി ഗോൾ നേടിയത്.

വിജയത്തോടെ ലെസ്റ്ററ്‍ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 12 കളികളിൽനിന്ന് 26 പോയിന്റുള്ള ചെൽസിയും ഒപ്പമുണ്ടെങ്കിലും ഗോൾശരാശരിയിലെ മികവാണ് ലെസ്റ്ററിനു തുണയായത്. 11 കളികളിൽനിന്ന് 31 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്.

ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ചെൽസി പോയിന്റ് പട്ടികയിൽ ലെസ്റ്ററിനൊപ്പമെത്തിയത്. ടാമി എബ്രാഹം (52), ക്രിസ്റ്റ്യൻ പുലിസിച്ച് (79) എന്നിവരുടെ വകയാണ് ചെൽസിയുടെ ഗോളുകൾ. സീസണിൽ തുടർച്ചയായ ആറാം മത്സരമാണ് ചെൽസി ജയിക്കുന്നത്. 2016–17 സീസണിൽ കിരീടം ചൂടിയശേഷം ഇതാദ്യമായാണ് ചെൽസി തുടർച്ചയായി ആറു മത്സരങ്ങൾ ജയിക്കുന്നത്.

അതേസമയം, കരുത്തരായ ടോട്ടനം ഹോട്സ്‌പറിനെ ഷെഫീൽഡ് യുണൈറ്റഡ് സമനിലയിൽ (1–1) തളച്ചു. എവർട്ടൻ സതാംപ്ടണേയും (2–1), ന്യൂകാസിൽ യുണൈറ്റഡ് ബേൺമൗത്തിനെയും (2–1), ബേൺലി വെസ്റ്റ്ഹാമിനെയും (2–0) തോൽപ്പിച്ചു.

∙ ഫ്രാൻസിൽ പിഎസ്ജി മുന്നോട്ട്

ഫ്രഞ്ച് ലീഗ് വണ്ണിൽ പാരിസ് സെന്റ് ജർമന്റെ വിജയക്കുതിപ്പു തുടരുന്നു. ഇക്കുറി അർജന്റീന താരങ്ങളുടെ കരുത്തിൽ ബ്രെസ്റ്റിനെയാണ് അവർ തകർത്തത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം. എയ്ഞ്ചൽ ഡി മരിയ (39), മൗറോ ഇക്കാർഡി (85) എന്നിവരാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്. ബ്രെസ്റ്റിന്റെ ആശ്വാസഗോൾ ഗ്രാൻഡ്സിറിന്റെ (72) വകയാണ്. വിജയത്തോടെ 13 മത്സരങ്ങളിൽനിന്ന് 30 പോയിന്റുമായാണ് പിഎസ്ജി ഒന്നാം സ്ഥാനത്തു തുടരുന്നത്.

∙ ജർമനിയിൽ ‘ലെവനാ’ണ് താരം

ജർമൻ ബുന്ദസ്‌ലിഗയിൽ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവിസ്കി തന്നെ താരം. ഈ സീസണിൽ ഗോളടിച്ചുകൂട്ടുന്ന പതിവ് ഇക്കുറിയും തുടർന്ന ലെവൻഡോവിസ്കിയുടെ മികവിൽ ബൊറൂസിയ ഡോർട്മുണ്ടിനെ ബയേൺ മ്യൂണിക് തകർത്തു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബയണിന്റെ വിജയം. ലെവൻഡോവിസ്കി ഇരട്ടഗോൾ നേടി. 17, 76 മിനിറ്റുകളിലായിരുന്നു ലെവൻഡോവിസ്കിയുടെ ഗോളുകൾ. ഗ്‌നാബ്രി (47), മാറ്റ് ഹമ്മൽസ് (80, സെൽഫ് ഗോൾ) എന്നിവരാണ് ബയണിന്റെ സ്കോറർമാർ. ജയിച്ചെങ്കിലും 11 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബയൺ. ആർബി ലെയ്പ്സിഗിനും 21 പോയിന്റാണെങ്കിലും അവർക്ക് ഗോൾശരാശരിയിലുള്ള മുൻതൂക്കം രണ്ടാം സ്ഥാനം സമ്മാനിച്ചു.

English Summary: English Premier League 2019, Spanish La Liga, Live Football Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com