ADVERTISEMENT

റിയാദ് ∙ സൗഹൃദ മത്സരത്തിനിടെ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി തന്നോട്ട് ‘മിണ്ടരുത്’ എന്നു പറഞ്ഞെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. റിയാദിലെ കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ അർജന്റീന 1–0നു ജയിച്ച മത്സരത്തിലാണ് മെസ്സിയും ടിറ്റെയും തമ്മിൽ നോക്കു കൊണ്ടും വാക്കു കൊണ്ടും കോർത്തത്. മത്സരത്തിൽ മെസ്സിയുടെ ഗോളിൽ അർജന്റീന 1–0നു ജയിച്ചിരുന്നു. 13–ാം മിനിറ്റിൽ ബ്രസീൽ താരം അലക്സ് സാന്ദ്രോ തന്നെ വീഴ്ത്തിയതിനു കിട്ടിയ പെനൽറ്റി വഴിയാണ് മെസ്സി ടീമിന്റെ വിജയഗോൾ നേടിയത്.

മെസ്സിയുടെ കിക്ക് ബ്രസീൽ ഗോൾകീപ്പർ‍ ആലിസൻ ബെക്കർ തട്ടിയകറ്റിയെങ്കിലും കാൽ‍ച്ചുവട്ടിൽ തന്നെ വന്നു വീണ പന്തിൽ റീബൗണ്ട് ഷോട്ടിൽ മെസ്സി ലക്ഷ്യം കണ്ടു. എട്ടാം മിനിറ്റിൽ ബ്രസീലിനു കിട്ടിയ പെനൽറ്റി കിക്ക് ഗബ്രിയേൽ ജിസ്യൂസ് പുറത്തേക്കടിച്ചു കളഞ്ഞിരുന്നു. കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീൽ 2–0നു ജയിച്ച ശേഷം ആദ്യമായാണ് ഇരുടീമും കണ്ടുമുട്ടുന്നത്.

മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ് ടിറ്റെ മെസ്സിയുമായുണ്ടായ പോരിനെക്കുറിച്ച് വിവരിച്ചത്. ‘ആദ്യ പകുതിയിൽ കാസെമിറോയെ ഫൗൾ ചെയ്‌തതിന് മെസ്സിക്ക് മഞ്ഞക്കാർഡ് നൽകണം എന്ന് ഞാൻ റഫറിയോടു വാദിക്കുകയായിരുന്നു. അപ്പോൾ മെസ്സി എന്നോടു മിണ്ടാതിരിക്കാൻ‍ ആംഗ്യം കാണിച്ചു. ഞാൻ തിരിച്ചും. അതവിടെ തീർന്നു..’– ടിറ്റെ പറഞ്ഞു. മത്സരത്തിലെ റഫറിയിങ് വളരെ മോശമായിരുന്നെന്നും ടിറ്റെ പറ​ഞ്ഞു. ‘അലക്സ് സാന്ദ്രോ മെസ്സിയെ ഫൗളൊന്നും ചെയ്തില്ല. പക്ഷേ റഫറി പെനൽറ്റി വിധിച്ചു.

ഇതു പോലെ കടുത്ത മത്സരങ്ങൾക്ക് കുറച്ചു കൂടി പരിചയസമ്പത്തുള്ള റഫറി വേണം. ഒരു ഇംഗ്ലിഷുകാരൻ റഫറി ആയിരുന്നെങ്കിൽ പെനൽറ്റി വിധിക്കില്ലായിരുന്നു..’’– ടിറ്റെ പറഞ്ഞു. ന്യൂസീലൻഡുകാരനായ മാത്യു കോംഗറായിരുന്നു മത്സരത്തിലെ റഫറി. കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിനിടെ സംഘാടകരെ വിമർശിച്ചതിനു കിട്ടിയ മൂന്നു മാസത്തെ വിലക്കിനു ശേഷമാണ് മെസ്സി അർജന്റീന ജഴ്സിയിൽ ഇറങ്ങിയത്. തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ തന്നെ മെസ്സി ടീമിന്റെ വിജയശിൽപിയായത് ആരാധകർക്ക് ആഹ്ലാദമായി.

മത്സരത്തിനു തൊട്ടുപിന്നാലെ മെസ്സിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബ്രസീൽ ക്യാപ്റ്റൻ തിയാഗോ സിൽവയും രംഗത്തെത്തിയിരുന്നു. ഇത്തരം പെരുമാറ്റം ഒഴിവാക്കണമെങ്കിൽ ‘വിദ്യാഭ്യാസം വേണം’ എന്നായിരുന്നു സിൽവയുടെ പ്രതികരണം. മത്സരത്തിൽ ‘സ്വയം റഫറി കളിക്കാനായിരുന്നു’ മെസ്സിയുടെ ശ്രമമെന്ന് സിൽവ കുറ്റപ്പെടുത്തി. മെസ്സി പലതവണ റഫറിയുമായി തർക്കിച്ചെങ്കിലും മഞ്ഞക്കാർഡ് നൽകുന്നതിനു പകരം ചിരിച്ചു തള്ളാനാണ് റഫറി ശ്രമിച്ചതെന്ന് സിൽവ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ താരങ്ങളോടുള്ള ഇഷ്ടം കളത്തിനു പുറത്തുവയ്ക്കണമെന്നും സിൽവ പരിഹസിച്ചു. എതിർ ടീമുമായി എത്രയൊക്കെ ശത്രുതയുണ്ടെങ്കിലും വിദ്യാഭ്യാസവും വിവരവുമാണ് ആദ്യം വരേണ്ടതെന്നും സിൽവ ചൂണ്ടിക്കാട്ടി.

മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ മത്സരം കാണാനെത്തിയിരുന്നു. 19ന് യുറഗ്വായ്ക്ക് എതിരെയാണ് അർജന്റീനയുടെ അടുത്ത സൗഹൃദ മത്സരം. ബ്രസീൽ അന്നു തന്നെ ദക്ഷിണ കൊറിയയെ നേരിടും.

English Summary: Lionel Messi Scores Winner On International Return And Silences Brazil Boss Tite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com