ADVERTISEMENT

കോഴിക്കോട് ∙ ‘ജയന്റ് കില്ലർ’ എന്ന പേര് ഗോകുലത്തിൽനിന്ന് എടുത്തുമാറ്റാൻ നേരമായിരിക്കുന്നു. ശക്തരായ എതിരാളികളെ വീഴ്ത്തുന്ന കുഞ്ഞൻ ടീമുകൾക്കുള്ള വിശേഷണമാണത്. ഇന്നു തുടങ്ങുന്ന ഐ ലീഗ് 13–ാം സീസണിൽ ബാക്കി 10 ടീമുകളും ഏറ്റവും കൂടുതൽ ഭയക്കുന്നത്ര കരുത്തരായി നിൽക്കുന്ന ഗോകുലം കേരള എഫ്സിക്ക് ഇനി ഇരട്ടപ്പേര് വേറെ കണ്ടെത്തണം.

മണിപ്പുരിൽനിന്നെത്തിയ നെറോക്ക എഫ്സി ഗോകുലത്തിന്റെ തിണ്ണമിടുക്ക് അളക്കാൻ ഇന്നിറങ്ങുകയാണ്. ഫ്ലഡ്‌ലൈറ്റുകൾ പ്രഭ ചൊരിയുന്ന കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ കിക്കോഫ് രാത്രി 7ന്.

∙ താരസമ്പന്നം

കളിക്കാരുടെ പരുക്ക് ഗോകുലത്തിനു ചില്ലറ അലോസരമുണ്ടാക്കുന്നുണ്ട്. പക്ഷേ, ആക്രമണത്തിൽ വിശ്വസിക്കുന്ന പരിശീലകൻ ഫെർണാണ്ടോ സാന്റിയാഗോ വരേലയ്ക്ക് അതൊന്നും ഒരു പ്രശ്നമേയല്ല.

ക്യാപ്റ്റൻ മാർക്കസ് ജോസഫും ഹെൻറി കിസേക്കയും ഇറങ്ങുന്ന മുന്നേറ്റ നിരയിൽ മലയാളി താരം കെ.പി.രാഹുലും ‘പോക്കറ്റ് ഡൈനമിറ്റ്’ ലാൽ റൊമോവിയയും തളരാത്ത ആക്രമണത്തിനു കരുത്തുള്ളവർ. ഡ്യുറാൻഡ് കപ്പിൽ വിങ് ആക്രമണത്തിന്റെ അലകൾ തീർത്ത ഷിബിൽ മുഹമ്മദും മാലെംഗാൻബയും പരുക്കുമാറി തിരിച്ചെത്തുന്നു. അറ്റാക്കിങ് മിഡ്ഫീൽഡർ നതാനിയൽ ഗാർസ്യയും ഏതുനേരത്തും ഗോൾമുഖത്ത് ഭീഷണിയാകുന്ന താരം.

∙ യുവനിര

യുവത്വം തുടിക്കുന്ന ഗോകുലം ടീമിൽ 8 പേർ 21 വയസ്സിനു താഴെയുള്ളവരാണ്. മധ്യനിരയിലും പ്രതിരോധത്തിലുമുണ്ടായിരുന്ന വിടവുകൾ തീർക്കാൻ ടീം നടത്തിയ ഗവേഷണത്തെ ‘ഭാവനാപൂർണം’ എന്നുതന്നെ വിശേഷിപ്പിക്കാം.

അഫ്ഗാൻ ദേശീയ താരം ഹാറൂൺ അമീരി ഡിഫൻസീവ് മിഡ്ഫീൽഡിലും ആന്ദ്രെ എറ്റിനെയും മുഹമ്മദ് ഇർഷാദും പ്രതിരോധത്തിലും പാറപോലെ കരുത്തുള്ളവർ. ടൺ കണക്കിനു തൂക്കമുള്ള ഷോട്ടുകൾവരെ പറന്നുതടുക്കുന്ന ഗോൾകീപ്പർ സി.കെ.ഉബൈദ് കൂടിയാകുമ്പോൾ ഈ ടീം അത്രയെളുപ്പം തലകുനിക്കില്ലെന്നുറപ്പ്.

∙ നെറോക്കയോ?

കോച്ച് ഗിഫ്റ്റ് റയ്ഖന്റെ തന്ത്രങ്ങളിലാണു നെറോക്ക എഫ്സിക്കു പ്രതീക്ഷ. കഴിഞ്ഞ സീസണിൽ ഗോകുലത്തിന്റെ പരിശീലകനായിരുന്ന ഗിഫ്റ്റിന് ഇവിടുത്തെ ഗ്രൗണ്ടും ഗാലറിയും സാഹചര്യങ്ങളുമെല്ലാം നന്നായറിയാം.

ക്യാപ്റ്റനും ഗോൾകീപ്പറുമായ ട്രിനിഡാഡ് താരം മാർവിൻ ഡെവൺ ഫിലിപ്പിനെ മറികടക്കുക ഗോകുലത്തിനു വെല്ലുവിളിയാകും. നേർക്കുനേർ പോരാട്ടത്തിൽ ഇതുവരെ ഒരു കളി മാത്രമേ ഗോകുലത്തിനു ജയിക്കാനായിട്ടുള്ളൂ. കഴിഞ്ഞ സീസണിലെ 2 മത്സരങ്ങളും നെറോക്ക ജയിച്ചു. ഒരെണ്ണം സമനില.

∙ കോഴിക്കോട് തയാർ

കോർപറേഷൻ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകളിൽ ചിലതു പണിമുടക്കിയതോടെ ചെന്നൈയിൽനിന്നു പ്രത്യേകം ലൈറ്റുകൾ എത്തിച്ചിട്ടുണ്ട്. പെയിന്റ് ചെയ്ത് ഭംഗിയാക്കിയ സ്റ്റേഡിയവും പച്ചപ്പ് നിറഞ്ഞ ഗ്രൗണ്ടും ടെലിവിഷൻ കാഴ്ചയ്ക്കു പഴയതിനെക്കാൾ മിഴിവു കൂട്ടും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഗോകുലം ഓഫിസുകൾ വഴി ടിക്കറ്റ് വിൽപന തകൃതിയാണ്. ഗാലറിയിൽ സ്ത്രീകൾക്കു പ്രവേശനം സൗജന്യമാണ്. കുടുംബമായി എത്തുന്നവർക്കായി ഗാലറിയുടെ ഒരുഭാഗം ഒഴിച്ചിടുകയും ചെയ്യും.

∙ രാജ്യത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇപ്പോൾ ഗോകുലം. ഞങ്ങൾക്ക് ആ ബഹുമാനമുണ്ട്. ഇവിടെ ഗോകുലത്തിനെതിരെ കളിക്കുന്നതു വലിയ വെല്ലുവിളിയുമാണ്. പക്ഷേ എന്തു ചെയ്യാം, ഇത് ഫുട്ബോളാണ്. ഞങ്ങൾക്ക് ജയിച്ചേ തീരൂ. നിലനിൽപിന്റെ പ്രശ്നംകൂടിയാണത്. – ഗിഫ്റ്റ് റയ്ഖൻ (നെറോക്ക കോച്ച്)

∙ സ്റ്റേഡിയം നിറയുന്ന കാണികൾക്കു വിരുന്നൊരുക്കുന്ന ആക്രമണ ഫുട്ബോൾ ഗോകുലം ഉറപ്പുതരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് അതിവേഗം മാറ്റാവുന്ന തന്ത്രങ്ങളും ടീം ഫോർമേഷനും ഞങ്ങൾക്കുണ്ട്. നെറോക്ക അപകടകാരികളാണ്. – സാന്റിയാഗോ വരേല (ഗോകുലം കോച്ച്)

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com