ADVERTISEMENT

ബുക്കുറെസ്റ്റ്∙ നിലവിലെ യൂറോ ചാംപ്യൻമാരായ പോർച്ചുഗൽ, ലോക ചാംപ്യൻമാരായ ഫ്രാൻസ്, മുൻ ലോക ചാംപ്യൻമാരായ ജർമനി എന്നിവരെ ‘മരണഗ്രൂപ്പി’ലാക്കി യൂറോപ്പ് 2020 ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ്. 2016ലെ യൂറോകപ്പിൽ ജർമനിയെ തോൽപ്പിച്ച് ഫൈനലിൽ കടന്ന ഫ്രാൻസ്, കലാശപ്പോരിൽ പോർച്ചുഗലിനോടു തോൽക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു ടീമുകളും ഇക്കുറി ഒരേ ഗ്രൂപ്പിലായത്. ഇക്കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഏറ്റുമുട്ടിയ ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകളും ഇക്കുറി ഒരേ ഗ്രൂപ്പിലാണ്. ഇവർക്കൊപ്പം ചെക്ക് റിപ്പബ്ലിക്കുമുണ്ട്. ഇതോടെ ഇത്തവണ യൂറോകപ്പിൽ ഗ്രൂപ്പ് ഘട്ടം മുതൽ തന്നെ ആവേശകരമായ പോരാട്ടങ്ങൾ ഉറപ്പായി.

24 ടീമുകളാണ് ഇക്കുറി യൂറോ കിരീടത്തിനായി മത്സരിക്കുന്നത്. യൂറോപ്പിലെ 12 നഗരങ്ങളിലായാണ് ടൂർണമെന്റ് നടക്കുക. യൂറോകപ്പിന്റെ 60–ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി ടൂർണമെന്റ് നടത്തുന്നത്. ഓരോ ഗ്രൂപ്പിൽനിന്ന് ആദ്യ രണ്ടു സ്ഥാനക്കാരും നാല് മികച്ച മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാർട്ടറിൽ കടക്കുക. 2020 ജൂൺ 12ന് റോമിൽ ഇറ്റലിയും തുർക്കിയും തമ്മിലാണ് ഉദ്ഘാടന മത്സരം.

മരണഗ്രൂപ്പായ എഫിൽ, ജർമനിക്ക് അവരുടെ മൂന്നു മത്സരങ്ങളും മ്യൂണിച്ചിൽ സ്വന്തം കാണികൾക്കു മുന്നിൽ കളിക്കാമെന്ന ആനുകൂല്യമുണ്ട്. ജൂൺ 16ന് ജർമനി ഫ്രാൻസിനേയും, 20ന് പോർച്ചുഗലിനേയും നേരിടും. പോർച്ചുഗൽ – ഫ്രാൻസ് മത്സരം ജൂൺ 24ന് ഹംഗറിയിലെ ബുഡാപെസ്റ്റിലാണ്. ജൂൺ 14ന് വെംബ്ലി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് – ക്രൊയേഷ്യ മത്സരം. ബൽജിയത്തിനാണ് ഇക്കുറി കോളടിച്ചത്. റഷ്യ, ഡെൻമാർക്ക്, ഫിൻലൻഡ് എന്നിവരുൾപ്പെട്ട ഗ്രൂപ്പിലാണ് ബൽജിയം. മുൻ ചാംപ്യൻമാരായ സ്പെയിനിന് പോളണ്ട്, സ്വീഡൻ എന്നിവർക്കൊപ്പം പ്ലേഓഫ് കളിച്ചെത്തുന്ന ഒരു ടീം കൂടി ഗ്രൂപ്പ് ഘട്ടത്തിൽ എതിരാളിയായി വരും.

യൂറോകപ്പ് ഗ്രൂപ്പുകൾ ഇങ്ങനെ:

ഗ്രൂപ്പ് എ: ഇറ്റലി, സ്വിറ്റ്സർലൻഡ്, തുർക്കി, വെയിൽസ്

ഗ്രൂപ്പ് ബി: ബൽജിയം, റഷ്യ, ഡെൻമാർക്ക്, ഫിൻലൻഡ്

 

ഗ്രൂപ്പ് സി: യുക്രെയ്ൻ, ഹോളണ്ട്, ഓസ്ട്രേലിയ, (ഐസ്‌ലൻഡ്, റുമാനിയ, ബൾഗേറിയ, ഹംഗറി/ജോർജിയ, നോർത്ത് മാസിഡോണിയ, കൊസോവോ, ബെലാറസ് എന്നീ ടീമുകളിൽനിന്ന് പ്ലേഓഫ് കളിച്ചെത്തുന്ന ടീമാണ് ഗ്രൂപ്പ് സിയിലെ നാലാം ടീം)

 

ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, (സ്കോട്‌ലൻഡ്, ഇസ്രയേൽ, നോർവെ, സെർബിയ ടീമുകളിൽനിന്ന് പ്ലേ ഓഫ് ജയിച്ചെത്തുന്ന ടീം)

 

ഗ്രൂപ്പ് ഇ: സ്പെയിൻ, പോളണ്ട്, സ്വീഡൻ (സ്ലോവാക്യ, ബോസ്നിയ–ഹെർസെഗോവിന, വടക്കൻ അയർലൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ് എന്നീ ടീമുകളിൽനിന്ന് ഒന്ന്)

 

ഗ്രൂപ്പ് എഫ്: പോർച്ചുഗൽ, ഫ്രാൻസ്, ജർമനി, (ഐസ്‌ലൻഡ്, റുമാനിയ, ബൾഗേറിയ, ഹംഗറി/ജോർജിയ, നോർത്ത് മാസിഡോണിയ, കൊസോവോ, ബെലാറസ് എന്നീ ടീമുകളിൽനിന്ന് പ്ലേഓഫ് കളിച്ചെത്തുന്ന ടീമാണ് ഗ്രൂപ്പ് സിയിലെ നാലാം ടീം)

മത്സരങ്ങളുടെ സമ്പൂർണ ഷെഡ്യൂളിന് ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: While last 2 world champions, France and Germany along with defending champions Portugal have been drawn in Group F, six third-placed teams can qualify for the Round of 16 of Euro 2020.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com