ADVERTISEMENT

കോഴിക്കോട് ∙ ക്യാപ്റ്റൻ മാർക്കസ് ജോസഫിനു നന്ദി. പ്രതീക്ഷ തെറ്റിക്കാതെ ഗോളടിച്ചതിനു മാത്രമല്ല, സ്വന്തം നാടായ ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽനിന്ന് മിഡ്ഫീൽഡർ നതാനിയൽ ഗാർസ്യയെപ്പോലൊരു മിന്നൽ താരത്തെ കൊണ്ടുവന്നതിനും.

ഹീറോ ഐ– ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ മാർക്കസിന്റെയും ഗാർസ്യയുടെയും ചിറകിലേറി ഗോകുലം നടത്തിയ കടന്നാക്രമണത്തിൽ മണിപ്പൂർ ടീം നെറോക്ക എഫ്സി വീണത് 2–1ന്. 43–ാം മിനിറ്റിൽ ഹെൻറി കിസേക്കയും 49–ാം മിനിറ്റിൽ മാർക്കസും ഗോകുലത്തിനായി ലക്ഷ്യം കണ്ടു.

നെറോക്കയുടെ അപ്രതീക്ഷിത മറുപടി 88–ാം മിനിറ്റിൽ പ്രതിരോധ താരം ടാറിക് സാംപ്സൺ വക. ഗോളടിച്ചില്ലെങ്കിലും ഗാർസ്യയും ഗോകുലത്തിനായി തിളങ്ങി. മാർക്കസ് ആണ് പ്ലെയർ ഓഫ് ദ് മാച്ച്. ലീഗിലെ ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാനും ഐസോൾ എഫ്സിയും ഗോളില്ലാ സമനിലയിൽ പിരിഞ്ഞു. 

കിസേക്ക,മാർക്കസ് 

അടിയും തിരിച്ചടിയുമായി കളി മുറുകുന്നതിനിടെ കിട്ടിയ ലോങ് പാസ് നെറോക്ക ബോക്സിനു തൊട്ടുമുന്നിൽനിന്ന് പിടിച്ചെടുത്ത കിസേക്ക ഓഫ്സൈഡ് കെണി പൊട്ടിച്ചു.

ഡ്രിബിൾ ചെയ്ത് മനോഹരമായ ഫിനിഷ് (1–0). ഇടവേളയ്ക്കു തൊട്ടുമുൻപ് നൃത്തച്ചുവടുകളുമായുള്ള മാർക്കസിന്റെ നീക്കത്തിന് ഗാലറിയുടെ പ്രകമ്പനം. അതൊരു സൂചനയായിരുന്നു.

49–ാം മിനിറ്റിൽ വലതുവിങ്ങിലൂടെ സെബാസ്റ്റ്യൻ തൻമുവാൻസാങ്ങിന്റെ അതിവേഗ മുന്നേറ്റം. ക്രോസിൽ എത്തിപ്പിടിക്കാൻ കിസേക്കയ്ക്കു കഴിഞ്ഞില്ലെങ്കിലും മാർക്കസിന്റെ ഹെഡർ വലതുളച്ചു. ഗോൾ ആഘോഷത്തിന് ഡഗ് ഔട്ടിലെത്തി മുഖംമൂടി ധരിച്ച് പോസ് ചെയ്ത മാർക്കസിനും ൂട്ടുകാർക്കും റഫറിയുടെ മഞ്ഞക്കാർഡ്! 

പറന്ന് ഗാർസ്യ, മങ്ങി അമീരി

ബ്രസീൽ മുൻ സൂപ്പർ താരം റൊണാൾഡീഞ്ഞോയെ അനുസ്മരിപ്പിക്കുന്ന രൂപവും ചലനങ്ങളുമായി രണ്ടാം പകുതി മുഴുവൻ നതാനിയൽ ഗാർസ്യ പറന്നു കളിച്ചു. 2 സ്ട്രൈക്കർമാർക്കു പിന്നിൽ ഒറ്റയാൾ അറ്റാക്കിങ് മിഡ്ഫീൽഡർ ആയാണ് ഗാർസ്യ ഇറങ്ങിയത്.

എന്നാൽ മധ്യനിരയിൽ അഫ്ഗാൻ ദേശീയ താരം ഹാറൂൺ അമീരി തീർത്തും നിറംമങ്ങി. 75–ാം മിനിറ്റിൽ ഗോകുലം ബോക്സിനു പുറത്ത് അമീരി വരുത്തിയ പിഴവിൽ ഭാഗ്യം കൊണ്ടാണ് ഗോൾ വീഴാതെ പോയത്.

ഗോകുലം വിജയാലസ്യത്തിൽ നിൽക്കെ 88–ാം മിനിറ്റിൽ നെറോക്കയുടെ ഗോൾ. കോർണറിനെ തുടർന്ന് ഗോൾമുഖത്തു കിട്ടിയ പന്തിൽ ടാറിക് സാംപ്സണിന്റെ  ഓവർഹെഡ് കിക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com