ADVERTISEMENT

കോഴിക്കോട് ∙ പിൻനിരയിൽ പാറ പോലെ ആന്ദ്ര എറ്റിനെ, മിഡ്ഫീൽഡ് ജനറലായി നതാനിയൽ ഗാർസ്യ, ഫിനിഷ് ചെയ്യാൻ ഗോളടിയന്ത്രം മാർക്കസ് ജോസഫ്... റാപ് സംഗീതം പോലെ ഗ്രൗണ്ടിൽ ഊർജം നിറയ്ക്കുന്ന ഈ കരീബിയൻ ത്രയമാണു ഗോകുലം കേരളയുടെ ‘പവർ ഹൗസ്’. ഇരു ബോക്സുകൾക്കുമിടയിൽ കെട്ടിയ ഒത്തിണക്കത്തിന്റെ ഉരുക്കുനൂലിലൂടെ പന്ത് എതിർ ഗോൾവല തേടി പോകുന്ന കാഴ്ച അതിമനോഹരം.

കരീബിയൻ ദ്വീപ് രാജ്യമായ ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ നിന്നുള്ളവരാണു മൂന്നു പേരും. പ്രാദേശിക ക്ലബ്ബുകളിലും ദേശീയ ടീം ക്യാംപിലുമൊക്കെയായി വർഷങ്ങൾ നീണ്ട സൗഹൃദം ഇപ്പോൾ കോഴിക്കോട്ടും തുടരുന്നതിന്റെ ആവേശം ചില്ലറ കരീബിയൻ കുസൃതികളായി പുറത്തുകാണാം. ശനിയാഴ്ച ഐ ലീഗിലെ ആദ്യ മത്സരത്തിൽ ഗോൾ നേടിയപ്പോൾ മുഖംമൂടി വച്ച് നടത്തിയ ആഘോഷം അതിലൊന്ന്. കഴിഞ്ഞ ജനുവരിയിൽ ഗോകുലത്തിലെത്തിയ മാർക്കസ് ജോസഫ് (28) ആണ് ടീമിന്റെ ‘ട്രിനിഡാഡ് കണക്‌ഷൻ’ തുടങ്ങിവച്ചത്. പ്രതിരോധത്തിലേക്കുകരുത്തനെ അന്വേഷിച്ച ടീമിന് ആന്ദ്രെ എറ്റിനെയെ (29) ക്യാപ്റ്റൻ കൂടിയായ മാർക്കസ് ശുപാർശ ചെയ്തു. സ്കൂൾ കാലം മുതൽ എതിർ ടീമുകളിലായി കളിക്കുന്നവരാണ്; എറ്റിനെയുടെ മികവ് മാർക്കസിനെക്കാൾ നന്നായി മറ്റാർക്കറിയാൻ!

2 മാസമേ ആയുള്ളൂ നതാനിയൽ ഗാർസ്യ (26) ഗോകുലത്തിലെത്തിയിട്ട്. കാൽമുട്ടിനേറ്റ പരുക്കുകാരണം ദേശീയ ടീമിൽനിന്നു പുറത്തായി 8 മാസത്തോളം വിശ്രമം കഴിഞ്ഞുള്ള വരവാണ്. സെപ്റ്റംബർ 25നു ബെംഗളൂരു എഫ്സിയോടുള്ള സൗഹൃദ മത്സരത്തിനു തൊട്ടുമുൻപാണ് ഇന്ത്യയിൽ വിമാനമിറങ്ങിയത്. ‘സെറ്റ്’ ആകാൻ ആവശ്യത്തിന് സമയമെടുക്കാമായിരുന്ന ഗാർസ്യ പക്ഷേ തൊട്ടുപിന്നാലെ ബംഗ്ലദേശിലെ ഷെയ്ഖ് കമാൽ കപ്പിൽത്തന്നെ മിഡ്ഫീൽഡ് ജനറൽ സ്ഥാനം ഉറപ്പിച്ചു. പ്രാഥമിക റൗണ്ടിലെ മൂന്നിൽ 2 കളികളിലും പ്ലെയർ ഓഫ് ദ് മാച്ച്!

പന്തുമായി പോകുന്ന വഴി പൊടുന്നനെയുള്ള വെട്ടിത്തിരിച്ചിലുകളിൽ മുൻ ബ്രസീലിയൻ സൂപ്പർതാരം റൊണോൾഡീഞ്ഞോയെ അനുസ്മരിപ്പിക്കും ഗാർസ്യ. ‘ഡാൻസിങ് ഫീറ്റ്’ എന്നൊരു വിളിപ്പേരും ഇതുകൊണ്ട് കിട്ടി. മുടി കെട്ടുന്നതിലുമുണ്ട് റൊണോൾഡീഞ്ഞോ ടച്ച്. സെറ്റ്പീസുകളുടെ അപാരമായ കൃത്യതയും മറ്റൊരു സാമ്യം.

തെക്കുപടിഞ്ഞാറൻ ട്രിനിഡാഡിലെ ലാ ബ്രയ മേഖലയിൽനിന്നാണ് മാർക്കസും എറ്റിനെയും. ഒന്നര മണിക്കൂർ ‍‍ഡ്രൈവ് ചെയ്താൽ സാന്താ ഫ്ലോറയിൽ ഗാർസ്യയുടെ വീട്ടിലെത്താം. കൗമാരതാരങ്ങളായിരിക്കേ പോയിന്റ് ഫോർട്ടീൻ സിവിക് ക്ലബ്ബിൽ ഒരുമിച്ച് യാത്ര തുടങ്ങിയതാണ്. പിന്നീട് സെൻട്രൽ എഫ്സിയിലേക്ക് പോയതും മൂവരും ഒരുമിച്ചു തന്നെ.

∙ മാർക്കസിന് ലക്ഷ്യം 30

ഈ ഐലീഗ് സീസണിൽ 30 ഗോൾ നേടുമെന്നു പ്രഖ്യാപിച്ചാണു ക്യാപ്റ്റൻ മാർക്കസ് ജോസഫ് ബൂട്ട് കെട്ടുന്നത്. ആദ്യ മൽസരത്തിൽ ഒന്നടിച്ചുകഴിഞ്ഞു. മാർക്കസിന്റെ ഗോളെന്ന് ഉറച്ച 3 ശ്രമമെങ്കിലും നെറോക്ക എഫ്സിയുടെ ഭാഗ്യത്തിന് ഗോളാകാതെ പോവുകയും ചെയ്തു. ഇടതുവശത്തുനിന്ന് ആക്രമിച്ച് കയറുന്ന ശൈലിയാണ് മാർക്കസിനിഷ്ടം. ഗോളടിയിൽ മാത്രമല്ല അവസരമൊരുക്കാനും മിടുക്കൻ. മുന്നേറ്റത്തിൽ സഹതാരം ഹെൻറി കിസേക്കയെ തുറന്നു കളിക്കാൻ സഹായിക്കുന്നതിലായിരുന്നു നെറോക്കയ്ക്കെതിരായ മൽസരത്തിൽ മാർക്കസിന്റെ ശ്രദ്ധ.

English Summary: Three Men Army From Trinidad, The Strength of Gokulam Kerala FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com