sections
MORE

എന്തുകൊണ്ട് മെസ്സിക്ക് ബലോൻ പുരസ്കാരം? കയ്യടിപ്പിക്കും ഈ ‘ലിയോ കണക്കുകൾ’!

messi-and-family-with-award
പുരസ്കാരവുമായി മെസ്സി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം.
SHARE

ബലോൺ ദ് ഓർ പുരസ്കാരത്തിൽ ലയണൽ ആന്ദ്രേസ് മെസ്സിയെന്ന പേര് ആദ്യം പതിഞ്ഞത് ഒരു പതിറ്റാണ്ട് മുൻപാണ്. കാലം അങ്ങനെ കാത്തുനിൽക്കാൻ ഇഷ്ടപ്പെടാത്ത ഫുട്ബോളിന്റെ ഭൂമികയിൽ ആദ്യനേട്ടത്തിന്റെ പത്താം പിറന്നാളാഘോഷമായി വീണ്ടും മെസ്സിയെത്തേടി വന്നിരിക്കുകയാണു ബലോൺ ദ് ഓർ. യൂറോപ്യൻ മൈതാനങ്ങളിലെ ഗെയിമിന്റെ സമവാക്യങ്ങൾ മാറിയിരിക്കാം. 10 വർഷം മുൻപുള്ള, കരുത്തുറ്റ ബാർസിലോന പോലും മാറിയിരിക്കുന്നു. ബലോൺ ദ് ഓർ പുരസ്കാരം പോലും മാറ്റങ്ങളുടെ ചൂടറിഞ്ഞു. പക്ഷേ മെസ്സി പഴയ മെസ്സി തന്നെയാണ്. വിസ്മയിപ്പിക്കുന്ന സ്ഥിരതയിൽ ഒരു ദശകം കടന്നു വീണ്ടും ബലോൺ ദ് ഓർ മുദ്രയിൽ മെസ്സി മുത്തം നൽകുമ്പോൾ എതിരാളികളെപ്പോലും കയ്യടിപ്പിക്കാൻ പ്രേരിപ്പിക്കും കളത്തിലെ ഈ ‘ലിയോ കണക്കുകൾ’.

∙ മെസ്സി @ 2019

മത്സരം – 44
ഗോൾ – 41
അസിസ്റ്റ് – 15
ഹാട്രിക് – 3
ബ്രേസ് – 7

∙ 3– കോപ്പയിലെ മെസ്സി

കോപ്പ അമേരിക്കയിൽ മാതൃരാജ്യത്തിനൊരു കിരീടം സമ്മാനിക്കുക എന്ന ദൗത്യം പൊലിഞ്ഞെങ്കിലും അർജന്റീനയെ സെമിഫൈനൽ വരെ നയിക്കാൻ മെസ്സിക്കായി. ചിലെയെ കീഴടക്കി കോപ്പയിലെ മൂന്നാം സ്ഥാനക്കാരായാണു മെസ്സിയുടെ ടീം മടങ്ങിയത്.

∙ 6 – ദ് ബെസ്റ്റ് മെസ്സി

സെപ്റ്റംബറിൽ ഫിഫ ദ് ബെസ്റ്റ് പുരസ്കാരം. ദേശീയ ടീം നായകരും പരിശീലകരും സ്പോർട്സ് ലേഖകരും ഫുട്ബോൾ ആരാധകരും ചേർന്നു ജേതാവിനെ തിരഞ്ഞെടുക്കുന്ന ഈ പുരസ്കാരം ആറാം തവണയാണ് മെസ്സിക്കു ലഭിച്ചത്. ഫിഫ ദ് ബെസ്റ്റ് എന്ന പേരിലായ േശഷം ഈ പുരസ്കാരം ആദ്യമായാണ് മെസ്സിയെത്തേടിയെത്തിയത്.

∙ 6 – യൂറോപ്പിന്റെ മെസ്സി

യൂറോപ്പിലെ വമ്പൻ ലീഗുകളിലെ ടോപ്സ്കോറർക്കുള്ള ഗോൾഡൻ ഷൂ നേട്ടത്തിലും മെസ്സി ഹാട്രിക് കുറിച്ച വർഷമാണിത്. 36 ഗോളുകളുമായി 72 പോയിന്റ് കുറിച്ചാണു കരിയറിലെ ആറാം സുവർണപാദുകം ഏറ്റുവാങ്ങിയത്.

∙ 6 – മെസ്സി @ പിച്ചീച്ചി

ലാ ലിഗയുടെ ഗോൾവേട്ടക്കാരനുള്ള പിച്ചീച്ചി പുരസ്കാരം തുടർച്ചയായ മൂന്നാം വർഷവും മെസ്സി സ്വന്തമാക്കി. 34 മത്സരങ്ങളിൽ നിന്നു 26 ഗോളുകളുമായാണു ലിയോ ആറാം പിച്ചീച്ചി സ്വന്തമാക്കി റെക്കോർഡ് നേട്ടത്തിനൊപ്പമെത്തിയത്.

∙ 10– ക്യാപ്റ്റൻ മെസ്സി

സ്പാനിഷ് ലീഗിൽ ബാർസയെ 34 ാം കിരീടത്തിലേക്കു മുന്നിൽ നിന്നു നയിച്ചു മെസ്സി. താരത്തിന്റെ പത്താം ലാ ലിഗ നേട്ടം കൂടിയാണിത്. പോയ സീസണിൽ കോപ്പ ഡെൽറേ ഫൈനലിലും യുവേഫ ചാംപ്യൻസ് ലീഗ് സെമിഫൈനലിലും ബാർസയെത്തിയതും മെസ്സിയുടെ മികവിലാണ്.

∙ 12– യുവേഫയിലെ മെസ്സി

വൻകരാ പോരാട്ടങ്ങളിലെ ടോപ്പറും മറ്റാരുമല്ല. 10 മത്സരങ്ങളിൽ നിന്നു 12 ഗോളുകളോടെയാണു പോയ സീസൺ‍യുവേഫ ചാംപ്യൻസ് ലീഗിലെ ടോപ് സ്കോറർ നേട്ടം മെസ്സി സ്വന്തമാക്കിയത്. ലിവർപൂളിനെതിരായ മാജിക്കൽ ഫ്രീകിക്കിലൂടെ ലീഗിലെ ബെസ്റ്റ് ഗോളും ബാർസ താരം സ്വന്തം പേരിലാക്കി.

∙ 13– ഗോൾ മെസ്സിസ്റ്റ്

സ്പാനിഷ് ലാ ലിഗയിൽ ഗോളടിക്കാനും ഗോളടിപ്പിക്കാനും അറിയാമെന്നു മെസ്സി ഒരുവട്ടം കൂടി തെളിയിച്ച വർഷം. പോയ സീസണിൽ അസിസ്റ്റുകളുടെ എണ്ണത്തിലും മെസ്സിയാണ് ബെസ്റ്റ് – 13 അസിസ്റ്റ്. പാബ്ലോ സറാബിയയ്ക്കൊപ്പം ഈ നേട്ടം പങ്കുവയ്ക്കുകയായിരുന്നു ബാർസ നമ്പർ 10.

∙ 34 – മെസ്സി മാജിക്

യൂറോപ്യൻ പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ ക്ലബുകളുടെ വലയിൽ പന്തെത്തിച്ച താരം എന്ന നേട്ടവും മെസ്സിക്കു വഴിമാറിയ വർഷമാണിത്. 34 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോളടിച്ച് റൗളിനെയും ക്രിസ്റ്റ്യാനോയെയും പിന്തള്ളിയാണു മെസ്സിയുടെ റെക്കോർഡ് നേട്ടം.

∙ 34 – മെസ്സിട്രിക്സ്

ലാലിഗയിലെ ഹാട്രിക് റെക്കോർഡിലും മെസ്സിയുടെ പേര് പതിഞ്ഞു കഴിഞ്ഞു. പോയ മാസം സെൽറ്റയ്ക്കെതിരെ കുറിച്ച 34 ാം ഹാട്രിക് നേട്ടവുമായി ക്രിസ്റ്റ്യാനോയ്ക്കൊപ്പം പങ്കിടുകയാണ് മെസ്സി ആ റെക്കോർഡ്.

∙ 52 – മാസ്സ് മെസ്സി

ഫ്രീകിക്കുകളുടെ എണ്ണം അരശതകം കടന്ന വർഷം. അർജന്റീനയ്ക്കും ബാർസയ്ക്കുമായി 52 സെറ്റ് പീസ് ഗോളുകൾ നേടി കുതിക്കുന്ന മെസ്സിയുടെ ഫ്രീകിക്ക് ചാലഞ്ചിലെ എതിരാളികൾ ഇപ്പോൾ വ്യക്തികളല്ല, ടീമുകളാണെന്നു പറയേണ്ടിവരും.

∙ 346– വിന്നിങ് മെസ്സി

സ്പാനിഷ് ലാലിഗയുടെ ചരിത്രത്തിൽ ഏറ്റവുമധികം മത്സരങ്ങളിൽ വിജയം കണ്ടു കയറിയ താരം ഇപ്പോൾ മെസ്സിയാണ് – 346. ഇകർ കസ്സീയസിന്റെ (334) പേരിലായിരുന്ന റെക്കോർഡ് അടുത്തിടെയാണു മെസ്സി മറികടന്നത്.

∙ 496 – മിഷൻ മെസ്സി

ബാർസിലോനയുടെ വിജയചരിത്രത്തിലും മെസ്സി നായകനായ വർഷമാണിത്. ബാർസ നിറമണിഞ്ഞ് ഏറ്റവും കൂടുതൽ വിജയങ്ങൾ വരിച്ച താരമെന്ന ചാവിയുടെ റെക്കോർഡാണു മെസ്സി പിന്നിലാക്കിയത്. ഇതുവരെ 496 വിജയങ്ങൾ.

∙ 614 – മെസ്സി മെഷീൻ

എഫ്സി ബാർസിലോനയ്ക്കു വേണ്ടിയുള്ള മെസ്സിയുടെ ഗോൾ ശേഖരം 600 കടന്ന വർഷം. ബാർസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് എക്കാലത്തേയ്ക്കുമായി വഴിമാറ്റുകയാണു 614 ഗോളുകൾ കുറിച്ചുകഴിഞ്ഞ സൂപ്പർ താരം.

English Summary: Messi wins record sixth men's Ballon d'Or award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA