ADVERTISEMENT

വാസ്കോ (ഗോവ)∙ ഇന്ത്യൻ ആരോസിന്റെ മുന ഒടിച്ച് മലബാർ പടയോട്ടം. ഇന്ത്യൻ കൗമാര, യുവ ദേശീയ നിരയുടെ ആവേശവുമായെത്തിയ ആരോസിനെ അവരുടെ തട്ടകത്തിൽ ഗോകുലം കേരള മുട്ടുകുത്തിച്ചത് 1–0ന്. 49–ാം മിനിറ്റിൽ യുഗാണ്ടൻ സൂപ്പർ താരം ഹെൻറി കിസേക്കയുടെ സൂപ്പർ ഫിനിഷിൽ കൂടെപ്പോന്നത് 3 പോയിന്റും ഐ ലീഗ് പട്ടികയിലെ ഒന്നാം സ്ഥാനവും.

ലീഗിലെ ആദ്യ 2 മൽസരങ്ങളിൽ കിസേക്കയുടെ രണ്ടാം ഗോളാണിത്. 76–ാം മിനിറ്റിൽ റഫറിയുടെ വിവാദ തീരുമാനത്തിലൂടെ പ്രതിരോധ താരം ആന്ദ്രെ എറ്റിയനെ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയിട്ടും ആക്രമണ ശൈലി മാറ്റാതിരുന്ന ‘ഗോകുലം സ്ട്രാറ്റജി’യുടെ വിജയമെന്നും മൽസരഫലത്തെ വിശേഷിപ്പിക്കാം. മറ്റൊരു മൽസരത്തിൽ ഐസോൾ എഫ്സിയെ 1–0ന് തോൽപിച്ച് നെറോക്ക എഫ്സി ലീഗിലെ ആദ്യ വിജയം കുറിച്ചു.

കളം പഠിച്ച് തുടക്കം

കളം പഠിച്ച് പതിയെ തുടങ്ങുക, നിർത്താതെ ആക്രമിക്കുക എന്ന കോച്ച് ഫെർണാണ്ടോ വരേലയുടെ വിജയമന്ത്രം തുടരെ രണ്ടാം മൽസരത്തിലും നടപ്പാക്കുകയായിരുന്നു ഗോകുലം. മറുവശത്ത് തുടക്കക്കാരുടെ എല്ലാ പകപ്പും പ്രകടമാക്കിയ ആരോസ് കൗമാരതാരങ്ങളുടെ മുന്നേറ്റങ്ങൾ ഗോകുലം പ്രതിരോധത്തിലെ വൻമരം ആന്ദ്രെ എറ്റിയനെയിലും ഇർഷാദിലും തട്ടി തിരിച്ചുപോയി.

ക്ലിനിക്കൽ കിസേക്ക

ആദ്യ മൽസരത്തിലെ ഗോളിനു സമാനമായി 49–ാം മിനിറ്റിൽ കിസേക്കയുടെ നിമിഷം. ജസ്റ്റിൻ ജോർജിൽനിന്നുള്ള പാസിനായി ആരോസ് ഡിഫൻഡർ ചാടിയെങ്കിലും കാലിലുരുമ്മി പന്ത് കിസേക്കയ്ക്ക്. ഇടത്തേ ബോക്സിനു പുറത്തുനിന്ന് ചുവടുവച്ച് തൊട്ടടുത്തെത്തിയതോടെ ഗോളി സമിക് മിത്രയ്ക്ക് അടിതെറ്റി. ഓടിയെത്തിയ പ്രതിരോധ താരങ്ങളെയും കാഴ്ചക്കാരാക്കി വലയിലേക്ക് കൃത്യം പ്ലേസിങ്.

ഗോൾ വീണതോടെ ആരോസ് കളിവേഗം കൂട്ടി. പ്രത്യാക്രമണത്തിൽ മാർക്കസിന്റെ ഗോളെന്നുറച്ച കിറുകൃത്യം ഹെഡർ സമിക് മിത്ര അസാമാന്യ മികവോടെ കുത്തിയകറ്റി. 

76ാം മിനിറ്റിൽ ഗോകുലത്തെ ഞെട്ടിച്ച് ചുവപ്പുകാർഡ്. ഗോകുലം ബോക്സിനു തൊട്ടുപുറത്ത് ഗോളിക്ക് മൈനസ് പാസ് കൊടുക്കാൻ ആവശ്യത്തിനു സമയമുണ്ടായിരുന്നെങ്കിലും എറ്റിയനെ കാര്യം നിസ്സാരമാക്കി ഡ്രിബ്ൾ ചെയ്യാൻ ശ്രമിച്ചു. 

പന്ത് റാഞ്ചിയ ആരോസ് താരം മുന്നോട്ടു കുതിക്കവേ കയ്യിൽ പിടിച്ച് എറ്റിയനെ വലിച്ചിടുകയായിരുന്നു. ഓടിയെത്തിയ റഫറി ചുവപ്പ് വീശിയതോടെ അവിശ്വസനീയതയോടെ പുറത്തേക്ക്. 

ഇൻജറി ടൈം ഉൾപ്പെടെ 10 പേരുമായി കളിച്ച അവസാന 18 മിനിറ്റിലെ കിസേക്കയുടെ പ്രകടനം ‘ക്ലാസിക്’ എന്നുതന്നെ പറയണം. പ്രതിരോധത്തിലേക്ക് ഓടിയിറങ്ങിയും ഗോളിലേക്ക് കുതിച്ചും അവസാന മിനിറ്റുകളിൽ ഗോകുലത്തിന്റെ ബാറ്ററിയായി കിസേക്ക. 

റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് മൽസരശേഷം ഗോകുലം കോച്ച് ഫെർണാണ്ടോ വരേല ആഞ്ഞടിച്ചു. തുടക്കത്തിൽ അനാവശ്യ ഓഫ്സൈഡും ഫൗളും വിളിച്ചെന്നും അവസാന നിമിഷം മാർക്കസിനെ ഫൗൾ ചെയ്തത് റഫറി കണ്ടില്ലെന്നും കോച്ച് ആരോപിച്ചു. 12ന് ശ്രീനഗറിൽ റിയൽ കശ്മീരുമായാണ് ഗോകുലത്തിന്റെ അടുത്ത മൽസരം.

English Summary: Gokulam Kerala beat Indian Arrows 1-0 in their second match of the I-League 2019-20 season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com