ADVERTISEMENT

ലണ്ടൻ ∙ കളി പഠിപ്പിച്ച കുട്ടികൾ തന്നെ ആശാനെ വീഴ്ത്തി! ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫഡിലേക്കുള്ള തിരിച്ചുവരവിൽ മുൻ പരിശീലകൻ ഹോസെ മൗറീഞ്ഞോ തോൽവി രുചിച്ചു. മൗറീഞ്ഞോയുടെ പുതിയ ക്ലബായ ടോട്ടനം ഹോട്സ്പറിനെ 2–1നാണ് യുണൈറ്റ‍ഡ് വീഴ്ത്തിയത്. രണ്ടു ഗോളുകളും നേടിയത് പണ്ട് മൗറീഞ്ഞോയ്ക്കു കീഴിൽ യുണൈറ്റഡ് ടീമിൽ മിന്നിത്തിളങ്ങിയ മാർക്കസ് റഷ്ഫോഡ്. ദെലെ അലിയാണ് ടോട്ടനമിന്റെ ഗോൾ നേടിയത്.

ജയത്തോടെ യുണൈറ്റ‍ഡ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്കു കയറി. ടോട്ടനം എട്ടാമതാണ്. എവർട്ടനെ 5–2നു തകർത്ത ലിവർപൂൾ എട്ടു പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. ക്രിസ്റ്റൽ പാലസിനെ 2–0നു തോൽപ്പിച്ച ലെസ്റ്റർ രണ്ടാം സ്ഥാനത്ത്. ബൺലക്കെതിരെ 4–1 ജയവുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാമത്. തുടർതോൽവികളിൽ നിന്നു തിരിച്ചുവന്ന ചെൽസി ആസ്റ്റൺ വില്ലയെ 2–1നു തോൽപ്പിച്ചു.

ഓൾഡ് ട്രാഫഡിൽ ആറാം മിനിറ്റിൽ തന്നെ റഷ്ഫോഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. പ്രയാസമേറിയ ആംഗിളിൽ നിന്നുള്ള ഷോട്ട് ടോട്ടനം ഗോൾകീപ്പർ പൗളോ ഗസനിഗയ്ക്ക് തൊടാൻ കിട്ടിയെങ്കിലും തടുക്കാനായില്ല. എന്നാൽ കളിയുടെ ഗതിക്കെതിരായി 39–ാം മിനിറ്റിൽ ദെലെ അലി ടോട്ടനമിനെ ഒപ്പമെത്തിച്ചു. എന്നാൽ പത്തു മിനിറ്റിനുള്ളിൽ യുണൈറ്റഡ് ലീഡ് തിരിച്ചുപിടിച്ചു. മൂസ സിസോക്കോ റഷ്ഫോഡിനെ വീഴ്ത്തിയതിന് ടോട്ടനമിനു പെനൽറ്റി. റഷ്ഫോഡ് വീണ്ടും ഗസനിഗയെ നിസ്സഹായനാക്കി.

എവർട്ടനെതിരെ ദിവോക് ഒറിഗിയുടെ ഇരട്ടഗോളുകളാണ് ലിവർപൂളിന് മികച്ച ജയം നൽകിയത്. റോബർട്ടോ ഫിർമിനോ, മുഹമ്മദ് സലാ എന്നിവർ പുറത്തിരുന്ന കളിയിൽ ഷെർദാൻ ഷാക്കിരി, സാദിയോ മാനെ, ജോർജിനിയോ വിനാൾദം എന്നിവരും ലിവർപൂളിനായി സ്കോർ ചെയ്തു. ലീഗിലെ തുടർച്ചയായ ഏഴാം ജയമാണ് വാറ്റ്ഫഡിനെതിരെ ലെസ്റ്റർ കുറിച്ചത്. സ്ട്രൈക്കർ ജയ്മി വാർഡി തുടരെ ഏഴാം മത്സരത്തിൽ ഗോൾ നേടുകയും ചെയ്തു.

English Summary: Manchester United defeats Tottenham Hotspur F.C

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com