ADVERTISEMENT

മഡ്രിഡ്∙ ആറാം ബലോൻ ദ് ഓർ പുരസ്കാരം സ്പാനിഷ് ലാലിഗയിലെ 35–ാം ഹാട്രിക്കുമായി ആഘോഷിച്ച സൂപ്പർതാരം ലയണൽ മെസ്സിയുടെ മികവിൽ ബാർസിലോനയ്ക്ക് തകർപ്പൻ ജയം. മയ്യോർക്കയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാർസ തകർത്തത്. 17, 41, 83 മിനിറ്റുകളിലായാണ് മെസ്സി ഹാട്രിക്കുമായി റെക്കോർഡ് കുറിച്ചത്. അന്റോയ്ൻ ഗ്രീസ്മൻ (7), ലൂയി സ്വാരസ് (43) എന്നിവരുടെ വകയാണ് ബാർസയുടെ ശേഷിക്കുന്ന ഗോളു‍കൾ. ആന്റെ ബുഡിമിറാണ് (35, 64) മയ്യോർക്കയുടെ രണ്ടു ഗോളുകളും നേടിയത്.

കഴിഞ്ഞ ദിവസം ബലോൻ ദ് ഓർ പുരസ്കാരം സ്വീകരിച്ചശേഷം ആദ്യമായി കളത്തിലിറങ്ങിയ മെസ്സി, ഏറ്റവും കൂടുതൽ ലാലിഗ ഹാട്രിക്കുകളെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്തു. റൊണാൾഡോയുടെ പേരിൽ 34 ലാലിഗ ഹാട്രിക്കുകളാണുള്ളത്. ഈ വിജയത്തോടെ 15 മത്സരങ്ങളിൽനിന്ന് 34 പോയിന്റുമായി ബാർസ ഒന്നാം സ്ഥാനം തിരികെപ്പിടിച്ചു. ഇതോടെ, ബാർസയുടെ മത്സരത്തിനു തൊട്ടുമുൻപ് എസ്പാന്യോളിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനത്തേക്കു കയറിയ റയലിന്റെ നേട്ടത്തിന് അൽപായുസ്സ് മാത്രമായി.

റാഫേൽ വരാൻ, കരിം ബെൻസേമ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. വിയ്യാറയലിനോട് ഗോളില്ലാ സമനില വഴങ്ങിയ അത്‌ലറ്റിക്കോ മഡ്രിഡ് 6–ാം സ്ഥാനത്താണ്. സീസണിലെ 16 കളികളിൽ ആറെണ്ണം മാത്രമാണ് അത്‌ലറ്റിക്കോ ജയിച്ചത്. സെവിയ്യ (30), റയൽ സോസിഡാഡ് (26), അത്‌ലറ്റിക്കോ ബിൽബാവോ (26) ടീമുകളാണ് മൂന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ. മറ്റു മത്സരങ്ങളിൽ വലൻസിയ ലെവാന്തയെയും (4–2), ഗ്രനാഡ അലാവസിനെയും (3–0) തോൽപ്പിച്ചു.

English Summary: Lionel Messi beats Cristiano Ronaldo’s La Liga hat-trick record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com