ADVERTISEMENT

ആംസ്റ്റർഡാം∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റുകളായ ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാം ഇക്കുറി പ്രീക്വാർട്ടർ കാണാതെ പുറത്ത്. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ സ്പാനിഷ് ക്ലബ് വലൻസിയയോടേറ്റ അപ്രതീക്ഷിത തോൽവിയാണ് അയാക്സിന്റെ പുറത്താകലിനു കാരണമായത്. വിജയത്തോടെ വലൻസിയ നോക്കൗട്ടിൽ പ്രവേശിച്ചു. അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ വിജയിച്ച ലിവർപൂൾ, നാപ്പോളി, ബൊറൂസിയ ഡോർട്മുണ്ട് ടീമുകളും നോക്കൗട്ടിലേക്കു മുന്നേറി. ഗ്രൂപ്പ് ജിയിൽ സമനിലയിൽ പിരിഞ്ഞ ലയോണും ആർബി ലെയ്പ്സിഗും പ്രീക്വാർട്ടറിലെത്തി.

അതേസമയം, അവസാന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ ബാർസിലോനയോടു തോറ്റ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ തുടർച്ചയായ രണ്ടാം വർഷവും നോക്കൗട്ട് കാണാതെ പുറത്തായി. അവസാന മത്സരത്തിൽ 3–0ന് ജയിച്ച പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തേക്കുള്ള വഴികണ്ടു.

∙ അയാക്സിന് ‘വലൻസിയ പാര’

അവസാന മത്സരത്തിൽ ജയിച്ചാൽ പ്രീക്വാർട്ടർ പ്രതീക്ഷയുണ്ടായിരുന്ന അയാക്സ്, അപ്രതീക്ഷിത തോൽവി വഴങ്ങിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത്. കഴിഞ്ഞ സീസണിൽ റയൽ മഡ്രിഡ്, യുവെന്റസ് തുടങ്ങിയ വന്മരങ്ങളെ വീഴ്ത്തിയാണ് അയാക്സ് സെമിയിലേക്കു മുന്നേറിയത്. ഇക്കുറി അയാക്സിന്റെ തട്ടകത്തിൽ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു ജയിച്ച വലൻസിയ ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീക്വാർട്ടറിലേക്കു മുന്നേറി. ആദ്യപകുതിയിൽ റോഡ്രിഗോ (24) നേടിയ ഗോളാണ് വലൻസിയയ്ക്ക് വിജയവും പ്രീക്വാർട്ടർ ബർത്തും സമ്മാനിച്ചത്.

rodrygo-goal-vs-ajax
അയാക്‌സിനെതിരെ വലൻസിയയുടെ വിജയഗോൾ നേടുന്ന റോഡ്രിഗോ.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഫ്രഞ്ച് ക്ലബ് ലില്ലെയെ വീഴ്ത്തി ഇംഗ്ലിഷ് വമ്പൻമാരായ ചെൽസിയും പ്രീക്വാർട്ടറിലേക്കു മുന്നേറി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ടാമി ഏബ്രഹാം (19), ആസ്പിലിക്യുയേറ്റ (35) എന്നിവരുടെ ഗോളുകളിൽ ആദ്യപകുതിയിൽ ചെൽസി 2–0ന് മുന്നിലായിരുന്നു. 78–ാം മിനിറ്റിൽ റെമിയിലൂടെ ലില്ലെ ഒരു ഗോൾ മടക്കിയെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല. ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ചെൽസിയും പ്രീക്വാർട്ടറിലേക്കു മുന്നേറി.

∙ 2 മിനിറ്റിൽ 2 ഗോൾ, ചെമ്പട നോക്കൗട്ടിൽ

ഗ്രൂപ്പ് ഇയിൽ റെഡ്ബുൾ സാൾസ്ബർഗിനെ വീഴ്ത്തി നിലവിലെ ചാംപ്യൻമാരായ ലിവർപൂളും നോക്കൗട്ടിലെത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം നബി കെയ്റ്റ (57), മുഹമ്മദ് സലാ (58) എന്നിവർ രണ്ടു മിനിറ്റിനിടെ നേടിയ ഇരട്ടഗോളുകളാണ് ലിവർപൂളിന് വിജയവും നോക്കൗട്ടിൽ സ്ഥാനവും ഉറപ്പാക്കിയത്. ഇതോടെ ആറു മത്സരങ്ങളിൽനിന്ന് 13 പോയിന്റുമായി ഗ്രൂപ്പ് ചാംപ്യൻമാരായാണ് ലിവർപൂളിന്റെ മുന്നേറ്റം.

tammy-abraham
ചെൽസിക്കായി ഗോൾ നേടിയ ടാമി ഏബ്രഹാമിന്റെ ആഹ്ലാദം.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബൽജിയത്തിൽനിന്നുള്ള കെആർസി ജെങ്കിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു തോൽപ്പിച്ച് നാപ്പോളിയും നോക്കൗട്ടിൽ സ്ഥാനമുറപ്പാക്കി. പോളണ്ട് താരം അർകാദിയൂസ് മിലിച്ചിന്റെ ഹാട്രിക്കാണ് നാപ്പോളിക്ക് അനായാസ ജയം ഉറപ്പാക്കിയത്. മൂന്ന്, 26, 38 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു മിലിച്ചിന്റെ ഹാട്രിക് ഗോളുകൾ. നാപ്പോളിയുടെ നാലാം ഗോൾ മെർട്ടെൻസ് 74–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടി. ഇതോടെ ആറു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ലിവർപൂളിനു പിന്നിൽ രണ്ടാമൻമാരായാണ് നാപ്പോളിയുടെ നോക്കൗട്ട് പ്രവേശം.

മത്സരത്തിൽ ജെങ്കിന്റെ ഗോൾവല കാത്ത മാർട്ടൻ വാൻഡെവൂർത്ത് ചാംപ്യൻസ് ലീഗിൽ ഗോൾകീപ്പറാകുന്ന പ്രായം കുറഞ്ഞ താരമായി. 17 വയസ്സും 287 ദിവസവും പ്രായമുള്ളപ്പോൾ ജെങ്കിനായി ചാംപ്യൻസ് ലീഗിൽ അരങ്ങേറിയ വാൻഡെവൂർത്ത്, 18 വയസ്സും 52 ദിവസ്സവും പ്രായമുള്ളപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ബെൻഫിക്കയുടെ ഗോൾവല കാത്ത മിലെ സ്‌വിലാറിന്റെ റെക്കോർഡാണ് തകർത്തത്. അതേസമയം, വൻവിജയത്തിനു പിന്നാലെ പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ നാപ്പോളി പുറത്താക്കി. ഈ വിജയത്തിനു തൊട്ടുമുൻപുള്ള ഒൻപതു മത്സരങ്ങളിൽ വിജയം നേടാനാകാതെ പോയതാണ് ആ‍ഞ്ചലോട്ടിക്കു വിനയായത്.

∙ ഇന്ററിന്റെ വഴിമുടക്കി ബാർസ

ചാംപ്യൻസ് ലീഗിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവുമായി അൻസു ഫാറ്റി റെക്കോർഡിട്ട മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ നോക്കൗട്ട് സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി സ്പാനിഷ് വമ്പൻമാരായ ബാർസിലോന. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്റർ മിലാനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാർസ തകർത്തത്. കാർലെസ് പെരെസ് (24), ഫാറ്റി (86) എന്നിവരാണ് ബാർസയ്ക്കായി ലക്ഷ്യം കണ്ടത്. ഇന്റർ മിലാന്റെ ആശ്വാസ ഗോൾ റൊമേലു ലുക്കാക്കു (44) നേടി.

ansu-fati-goal-celebration
ചാംപ്യൻസ് ലീഗിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിട്ട അൻസു ഫാറ്റിക്ക് (ഇടത്) സഹതാരത്തിന്റെ അഭിനന്ദനം.

ഗ്രൂപ്പ് എഫിൽനിന്ന് നേരത്തേതന്നെ യോഗ്യത ഉറപ്പാക്കിയ ബാർസ ഈ വിജയത്തോടെ ആറു മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി ഗ്രൂപ്പ് ചാംപ്യൻമാരായാണ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. ആറു മത്സരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി ഇന്റർ മിലാൻ തുടർച്ചയായ രണ്ടാം വർഷവും നോക്കൗട്ട് കാണാതെ പുറത്തായി. 85–ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ സ്പാനിഷ് താരമായി പതിനേഴുകാരൻ ഫാറ്റി, തൊട്ടടുത്ത മിനിറ്റിൽ ലൂയി സ്വാരസിന്റെ പാസിൽനിന്നാണ് ബാർസയുടെ വിജയഗോൾ കണ്ടെത്തിയത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്ലാവിയ പ്രേഗിനെ തകർത്ത ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബൊറൂസിയയുടെ ജയം. ഇംഗ്ലണ്ട് താരം ജോർഡൻ സാഞ്ചോ (10), ജൂലിയൻ ബ്രാൻഡ് (61) എന്നിവരാണ് ഗോളുകൾ നേടിയത്. സ്ലാവിയ പ്രേഗിന്റെ ആശ്വാസഗോൾ 43–ാം മിനിറ്റിൽ തോമസ് സൗസക് നേടി.

∙ ‘സമനില തെറ്റാതെ’ ലയോൺ, ലെയ്പ്സിഗ്

ഗ്രൂപ്പ് ജിയിലെ ആവേശപ്പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ ലയോണും ആർബി ലെയ്പ്സിഗും പ്രീക്വാർട്ടറിലേക്കു മുന്നേറി. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് സമനില പാലിച്ചത്. സെനിത് സെന്റ് പീറ്റേഴ്സ് ബർഗിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപ്പിച്ച പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക ഇതോടെ പുറത്തായി. ആറു മത്സരങ്ങളിൽനിന്ന് 11 പോയിന്റുള്ള ലെയ്പ്സിഗ് ഗ്രൂപ്പ് ചാംപ്യൻമാരായാണ് നോക്കൗട്ടിലെത്തിയത്. ലയോൺ എട്ടു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായും മുന്നേറി.

English Summary: UEFA Champions League 2019-20, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com