ADVERTISEMENT

കോഴിക്കോട് ∙ ഐഎസ്‍എൽ ഗ്ലാമറുള്ള കേരള ബ്ലാസ്റ്റേഴ്സോ ഐ ലീഗ് ഫേവറിറ്റുകളായ ഗോകുലം കേരളയോ– ആരാണ് കേമൻമാരെന്ന് ആരാധകർ തമ്മിൽ തർക്കം തുടങ്ങിയിട്ട് കാലം കുറച്ചായി. ചോദ്യത്തിന് ഉത്തരമാവുകയാണ്. 15ന് കേരള പ്രീമിയർ ലീഗിലെ (െകപിഎൽ) ഉദ്ഘാടന മത്സരത്തിൽ ഇരുടീമും നേർക്കുനേർ. 

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30ന് അങ്കം. ഏറ്റുമുട്ടുന്നത് റിസർവ് ടീമുകളാണെങ്കിലും ആവേശം ചോരില്ലെന്നുറപ്പ്.

രാജ്യത്തെ ഒന്നാം ഡിവിഷൻ ലീഗ് ടീം ആയതുകൊണ്ടുമാത്രം ബ്ലാസ്റ്റേഴ്സിന് കേരളത്തിന്റെ കൊമ്പൻമാരെന്ന സ്ഥാനം വകവച്ചുകൊടുക്കാനാവില്ല ഗോകുലം ആരാധകർക്ക്. സീസണിന്റെ തുടക്കത്തിൽത്തന്നെ ഡ്യുറാൻഡ് കപ്പ് നേടി കരുത്തറിയിച്ച ഗോകുലം തുടർന്ന് ബംഗ്ലദേശിലെ ഷെയ്ഖ് കമാൽ കപ്പിലും ഐ ലീഗിൽ ഇതുവരെയുള്ള മത്സരങ്ങളിലും പുറത്തെടുത്തത് നിലവാരമുള്ള ആക്രമണ ഫുട്ബോളാണ്.

ഐഎസ്എല്ലിൽ പ്രതീക്ഷ കൈവിടാത്ത ബ്ലാസ്റ്റേഴ്സിനു കെപിഎല്ലിൽ എങ്കിലും കരുത്തു തെളിയിക്കുക അഭിമാന പ്രശ്നമാണ്.         

മത്സരങ്ങൾ ഇങ്ങനെ

2 ഗ്രൂപ്പുകളിലായി 10 ടീമാണ് കെപിഎല്ലിൽ മത്സരിക്കുന്നത്. പ്രാഥമിക റൗണ്ടിൽ ഓരോ ടീമിനും 4 മത്സരം വീതം. ഗ്രൂപ്പ് എയിൽ ബ്ലാസ്റ്റേഴ്സിനും ഗോകുലത്തിനും പുറമേ ഗോൾഡൻ ത്രെഡ് എഫ്സി, കോവളം എഫ്സി, ലൂക്ക എഫ്സി എന്നിവരുണ്ട്.

ഗ്രൂപ്പ് ബിയിൽ കേരള പൊലീസ്, എഫ്സി കേരള, സാറ്റ് തിരൂർ, കോലഞ്ചേരി എംഎ കോളജ്, കണ്ണൂർ എഫ്സി ടീമുകളും. 15ന് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ സാറ്റ് തിരൂരും എംഎ കോളജും തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. എല്ലാ മത്സരങ്ങളും വൈകിട്ട് 3.30നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com