ADVERTISEMENT

ന്യോൺ (സ്വിറ്റ്സർലൻഡ്) ∙ യൂറോപ്യൻ ഫുട്ബോളിന്റെ ചക്രവർത്തിപ്പോരാട്ടത്തിന് ഇനി 16 ടീമുകൾ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരദിനമായ ബുധനാഴ്ച സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ, ഇറ്റാലിയൻ ക്ലബ് അറ്റലാന്റ എന്നിവരും മുന്നേറിയതോടെ ഇനി തോറ്റാൽ പുറത്താകുന്ന നേർക്കുനേർ പോരാട്ടങ്ങൾ.

മത്സരക്രമം നിർണയിക്കാനുള്ള നറുക്കെടുപ്പ് യുവേഫ ആസ്ഥാനമായ സ്വിസ് നഗരം ന്യോണിൽ തിങ്കളാഴ്ച നടക്കും. ഹോം ആൻഡ് എവേ രീതിയിലുള്ള ഇരുപാദ മത്സരങ്ങൾ ഫെബ്രുവരി 18–19, 25–26 ദിവസങ്ങളിലാണ്. ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ പോരാട്ടങ്ങൾക്കും ശേഷം ഫൈനൽ 2020 മേയ് 30ന് തുർക്കി നഗരമായ ഇസ്തംബൂളിലെ അത്താതുർക്ക് ഒളിംപിക് സ്റ്റേഡിയത്തിൽ. 

നറുക്കെടുപ്പ് എങ്ങനെ? 

പ്രീ–ക്വാർട്ടറിലേക്കു യോഗ്യത നേടിയ 16 ടീമുകളെ ഗ്രൂപ്പ് ചാംപ്യൻമാർ, രണ്ടാം സ്ഥാനക്കാർ എന്നീ അടിസ്ഥാനത്തിൽ രണ്ട് കുടുക്കകളിൽ പേരെഴുതി നിക്ഷേപിക്കും. 

ഗ്രൂപ്പ് ജേതാക്കൾ സീഡ് ചെയ്യപ്പെട്ട ടീമുകളാണ്. രണ്ടാം സ്ഥാനക്കാർ‌ അൺ സീഡഡ് ടീമുകളും. രണ്ടാം പാദം സ്വന്തം മൈതാനത്തു കളിക്കാം സീഡ് ചെയ്യപ്പെടുന്നതു കൊണ്ടുള്ള ഗുണം. ഇനി നറുക്കെടുപ്പ്.

രണ്ട് കുടുക്കകളിൽ നിന്നും ഓരോ ടീമുകളുടെ പേരെഴുതിയ പന്ത് നറുക്കിട്ടെടുക്കും. ഇവർ തമ്മിലാകും പ്രീ–ക്വാർട്ടർ പോരാട്ടം. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം മത്സരിച്ചവരോ ഒരേ രാജ്യത്തു നിന്നുള്ളതോ ആയ രണ്ടു ടീമുകൾ തമ്മിൽ മത്സരം വരില്ല. അതായത് രണ്ടു കുടുക്കകളിലാണെങ്കിലും ബാർസിലോനയും റയൽ മഡ്രിഡും തമ്മിൽ  പ്രീക്വാർട്ടറിൽ മത്സരം വരില്ല എന്നർഥം. 

ടീമുകൾ ഏതെല്ലാം?

ഗ്രൂപ്പ് ജേതാക്കൾ: ബാർസിലോന, ബയൺ മ്യൂണിക്ക്, യുവെന്റസ്, ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി, റെഡ്ബുൾ ലൈപ്സിഷ്, വലെൻസിയ

രണ്ടാം സ്ഥാനക്കാർ: അറ്റലാന്റ, അത്‌‌ലറ്റിക്കോ, ബൊറൂസിയ ഡോർട്ട്മുണ്ട്, ചെൽസി, ലയോൺ, നാപ്പോളി, റയൽ മഡ്രിഡ്, ടോട്ടനം.

പതിവുകാരായി അത്‌ലറ്റിക്കോ, പുത്തൻ വരവോടെ അറ്റലാന്റ് 

പാരിസ് ∙ പതിവുകാരായി അത്‌ലറ്റിക്കോ മഡ്രിഡും പുത്തൻ വരവുകാരായി അറ്റലാന്റയും യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീ–ക്വാർട്ടർ ഫൈനലിൽ. ലോക്കോമോട്ടീവ് മോസ്കോയ്ക്കെതിരെ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ അത്‌ലറ്റിക്കോ ജോവോ ഫെലിക്സ്, ഫെലിപ്പെ മൊണ്ടെയ്റോ എന്നിവരുടെ ഗോളിൽ 2–0ന് ജയിച്ചു കയറി.

യുക്രെയ്ൻ ക്ലബ് ഷക്തർ ഡൊണസ്കിനെ അവരുടെ മൈതാനത്ത് 3–0നു തകർത്ത അറ്റലാന്റ ചാംപ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ തന്നെ നോക്കൗട്ട് പ്രവേശം എന്ന നേട്ടം കൈവരിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്നു കളികളിലുമായി 11 ഗോളുകൾ വഴങ്ങി തോറ്റതിനു ശേഷമാണ് ഇറ്റാലിയൻ ക്ലബിന്റെ തിരിച്ചുവരവ്. 

ടോട്ടനമിനെ 3–1നു തോൽപിച്ച് ബയൺ മ്യൂണിക്ക് ബി ഗ്രൂപ്പിലെ സമ്പൂർണജയം പൂർത്തിയാക്കി. നേരത്തെ നോക്കൗട്ട് ഉറപ്പിച്ചിരുന്നതിനാൽ ടോട്ടനമിനും തോൽവി പ്രശ്നമായില്ല. നെയ്മർ, എംബപെ, കവാനി, ഇകാർദി, പാബ്ലോ സരാബിയ തുടങ്ങിയവരെല്ലാം ഗോൾ കണ്ടെത്തിയ കളിയിൽ പിഎസ്ജി 5–0ന് ഗലട്ടസറെയെ തകർത്തു വിട്ടു. 

ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ യുവെന്റസ് ജർമൻ ക്ലബ് ബയെർ ലെവർക്യുസനെ 2–0ന് തോൽപ്പിച്ചു. ഗോൺസാലോ ഹിഗ്വെയ്നാണ് ഒരു ഗോൾ നേടിയത്. ജയിച്ചാൽ മുന്നേറാമായിരുന്ന ഡൈനമോ സാഗ്രെബ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആദ്യം ലീഡ് നേടിയെങ്കിലും ഗബ്രിയേൽ ജിസ്യൂസിന്റെ ഹാട്രിക്കിൽ സിറ്റി തിരിച്ചടിച്ചു ജയിച്ചു (4–1). ഫിൽ ഫോഡനാണ് ഒരു ഗോൾ നേടിയത്. 

പൊരുതിക്കളിച്ച ക്ലബ് ബ്രൂഗെയെ 3–1നു വീഴ്ത്തി റയൽ മഡ്രിഡും ഗ്രൂപ്പ് ഘട്ടം വിജയത്തോടെ അവസാനിപ്പിച്ചു. റോഡ്രിഗോ, വിനീസ്യൂസ് ജൂനിയർ, ലൂക്ക മോഡ്രിച്ച് എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. നേരത്തെ തന്ന പുറത്തായവരുടെ മത്സരത്തിൽ ഒളിംപിയാക്കോസ് 1–0ന് റെഡ്സ്റ്റാർ ബൽഗ്രേഡിനെ തോൽപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com