ADVERTISEMENT

ഒരു ഹാട്രിക്; അത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എവിടെച്ചെന്നാലും നിർബന്ധമാണ്! കളിച്ച മണ്ണിലെല്ലാം ഹാട്രിക് നേടുന്ന ശീലം തുടർന്ന് ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം ഇറ്റാലിയൻ സെരി എ ഫുട്ബോളിലും തന്റെ ആദ്യ ഹാട്രിക് കുറിച്ചു.

കാഗ്ലിയാരിക്കെതിരെ യുവെന്റസ് 4–0നു ജയിച്ച കളിയിൽ നേടിയ മൂന്നു ഗോളുകൾ ഇറ്റാലിയൻ മണ്ണിൽ മുപ്പത്തിനാലുകാരനായ റോണോയുടെ ആദ്യ ഹാട്രിക്കായിരുന്നു. കരിയറിൽ 56–ാം ഹാട്രിക്കും.

ചിലെ താരം അലക്സിസ് സാഞ്ചെസിനു ശേഷം ഈ നൂറ്റാണ്ടിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, സെരി എ എന്നീ മൂന്നു ടോപ് ലീഗുകളിലും ഹാട്രിക് നേടുന്ന താരവുമായി ക്രിസ്റ്റ്യാനോ.

പ്രീമിയർ ലീഗിൽ മാ‍ഞ്ചസ്റ്റർ യുണൈറ്റഡിനും വേണ്ടിയും സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിനു വേണ്ടിയും റൊണാൾഡോ മുൻപ് ഹാട്രിക്കുകൾ നേടിയിട്ടുണ്ട്. ഇറ്റലിയിൽ ഉഡിനെസ്, ഇംഗ്ലണ്ടിൽ ആർസനൽ, സ്പെയിനിൽ ബാർസിലോന എന്നിവയ്ക്കു വേണ്ടിയാണ് ചിലെ താരമായ അലക്സിസ് സാഞ്ചെസ് ഹാട്രിക്കുകൾ നേടിയിട്ടുള്ളത്. 

മെസ്സി എത്ര? 

കരിയർ ഹാട്രിക്കുകളുടെ എണ്ണത്തിൽ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു തൊട്ടു പിന്നിലാണ്; 53 ഹാട്രിക്കുകൾ. ബാർസിലോനയ്ക്കു വേണ്ടി 47 ഹാട്രിക്കുകളും അർജന്റീനയ്ക്കു വേണ്ടി 6 ഹാട്രിക്കുകളും മെസ്സി നേടി. 

ക്രിസ്റ്റ്യാനോ ഹാട്രിക് 

രാജ്യാന്തര ഫുട്ബോൾ: 9

ക്ലബ് ഫുട്ബോൾ: 47

ഫിഫ ലോകകപ്പ്: 1

യുവേഫ നേഷൻസ് ലീഗ്: 1

ലോകകപ്പ് യോഗ്യതാ റൗണ്ട്: 4

യൂറോ യോഗ്യതാ റൗണ്ട്: 3

ക്ലബ് ലോകകപ്പ്: 1

യുവേഫ ചാംപ്യൻസ് ലീഗ്: 8

ഇംഗ്ലിഷ് പ്രീമിയർ ലീഗ്: 1

സ്പാനിഷ് ലീഗ്: 34

ഇറ്റാലിയൻ സെരി എ: 1

കോപ്പ ഡെൽ റെ: 2

∙ സമനിലയുമായി ടോട്ടനം തടിതപ്പി

ലണ്ടൻ ∙ ലൂക്കാസ് മൗറയുടെ സമനില ഗോളിൽ ടോട്ടനം ഹോട്സ്പർ തോൽക്കാതെ രക്ഷപ്പെട്ടു! ഇംഗ്ലണ്ടിലെ എഫ്എ കപ്പ് ഫുട്ബോൾ മൂന്നാം റൗണ്ടിലാണ്, സൂപ്പർ പരിശീലകൻ ഹൊസെ മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന ടോട്ടനം തടിതപ്പിയത്. രണ്ടാം ഡിവിഷൻ ടീം മിഡിൽസ്ബ്രോ ആയിരുന്നു ടോട്ടനത്തിന്റെ എതിരാളികൾ. ആഷ്‌ലി ഫെച്ചറുടെ ഗോളിലാണ് ടോട്ടനം ലീഡ് വഴങ്ങിയത്.

പരുക്കേറ്റ സ്ട്രൈക്കർ ഹാരി കെയ്ൻ ഇല്ലാതെ കളിക്കുന്ന ടോട്ടനത്തിന് കൂടുതൽ ഗോളുകൾ നേടാൻ അവസരമുണ്ടായിരുന്നു. എന്നാൽ, മിഡിൽസ്ബ്രോ ഗോളി തോമസ് മെയിയാസിന്റെ തകർപ്പൻ സേവുകൾ ടോട്ടനത്തിന്റെ പ്രതീക്ഷകൾ ചാമ്പലാക്കി. ഒൻപതു മാറ്റങ്ങളുമായി ഇറങ്ങിയ ചെൽസി ചാംപ്യൻഷിപ്പ് ക്ലബ് നോട്ടിങ്ങാം ഫോറസ്റ്റിനെ 2–0ന് തോൽപിച്ചു.

English Summary: Cristiano Ronaldo scored his first Serie A hat-trick as Juventus beat Cagliari.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com