ADVERTISEMENT

ജിദ്ദ ∙ ഇത്തവണ സ്പാനിഷ് സൂപ്പർ കപ്പിൽ കളിക്കാൻ അവസരം കിട്ടിയതിന് റയൽ മഡ്രിഡ് ബാർസിലോനയോടു നന്ദി പറയണം! കഴിഞ്ഞ സീസൺ സ്പാനിഷ് ലീഗിലെയും കോപ്പ ഡെൽ റെയിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്കായിരുന്നു ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം.

ലാ ലിഗയിലെ ആദ്യ രണ്ടു സ്ഥാനക്കാരെന്ന നിലയിൽ ബാർസയും അത്‌‌ലറ്റിക്കോ മഡ്രിഡും യോഗ്യത നേടി. കോപ്പ ഡെൽ റെ  ഫൈനൽ കളിച്ചത് വലെൻസിയയും ബാർസയും. ബാർസ രണ്ടു വട്ടം വന്നതിനാൽ ലീഗിലെ മൂന്നാം സ്ഥാനക്കാർക്കു വഴിയൊരുങ്ങി. റയൽ മഡ്രിഡ് തന്നെ! 

റയലും ബാർസയും പക്ഷേ ഫൈനലിൽ മാത്രമേ കണ്ടുമുട്ടുകയുള്ളൂ. സെമിഫൈനലിൽ ഇന്ന് റയൽ വലെൻസിയയെയും നാളെ ബാർസ അത്‌ലറ്റിക്കോയെയും നേരിടും.

മത്സരങ്ങളെല്ലാം സൗദി അറേബ്യൻ നഗരമായ ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ. പ്രാദേശിക സമയം രാത്രി 10നാണ് (ഇന്ത്യൻ സമയം രാത്രി 12.30) സെമിഫൈനലുകൾ.

ഫൈനൽ ‍ഞായറാഴ്ച രാത്രി 9ന് (ഇന്ത്യൻ സമയം രാത്രി 11.30). റയലും ബാർസയും ജയിച്ചാൽ ‘എൽ ക്ലാസിക്കോ ഫൈനലിനു’ കളമൊരുങ്ങും. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ ഏറെയുള്ള ജിദ്ദ ചാംപ്യൻഷിപ്പിനായി തയാറായിക്കഴിഞ്ഞു. 

പ്രീ–സീസണല്ല, മിഡ് സീസൺ 

മുൻപ് പ്രീ–സീസൺ ടൂർണമെന്റായിട്ടാണ് സ്പാനിഷ് സൂപ്പർ കപ്പ് നടന്നിരുന്നത്. എന്നാൽ ടീമുകൾക്കു തിരക്കായതിനാൽ ജനുവരിയിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

ലാ ലിഗ, കോപ്പ ഡെൽ റെ ജേതാക്കൾ തമ്മിലുള്ള ഫൈനൽ മത്സരം എന്നതു മാറ്റി നാലു ടീമുകളെ ഉൾപ്പെടുത്തി സെമി ഫൈനലുകൾ നടത്താനും തീരുമാനിച്ചു.

ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതിന്റെ ആത്മവിശ്വാസം ബാർസയ്ക്കുണ്ടെങ്കിലും കഴിഞ്ഞ വാരം എസ്പന്യോളിനെതിരെ അവസാന നിമിഷം സമനില വഴങ്ങേണ്ടി വന്ന നിരാശയുമുണ്ട്.

ഗെറ്റാഫെയെ കഴിഞ്ഞ കളിയിൽ 3–0നു തകർത്തു വിട്ട റയൽ പോയിന്റ് നിലയിൽ ബാർസയ്ക്കൊപ്പം തന്നെയുണ്ട്. ഗോൾ ശരാശരിയിൽ ബാർസ മുന്നിൽ.

 അത്‌ലറ്റിക്കോ ലീഗിൽ ഇവർക്കു പിന്നിൽ മൂന്നാം സ്ഥാനത്തുണ്ട്.  വലെൻസിയ ആറാമതാണ്. ഏദൻ ഹസാഡ്, കരിം ബെൻസേമ, ഗാരെത് ബെയ്ൽ എന്നിവർ പരുക്കിന്റെ പിടിയിലായത് റയലിനു തിരിച്ചടിയാണ്. 

ബാർസിലോന 13 തവണ

ബാർസിലോനയാണ് സ്പാനിഷ് സൂപ്പർ കപ്പ് കൂടുതൽ വട്ടം നേടിയത്; 13 തവണ. റയൽ മഡ്രിഡ് രണ്ടാമത് (10). കൂടുതൽ ഗോളുകൾ നേടിയത് ലയണൽ മെസ്സി (13). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com