ADVERTISEMENT

ഹർഘാട (ഈജിപ്ത്)∙ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരം ഇംഗ്ലിഷ് ക്ലബ് ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെയ്ക്ക്. ലിവർപൂളിൽ തന്റെ സഹതാരം കൂടിയായ ഈജിപ്തിന്റെ മുഹമ്മദ് സലാ, മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ വിങ്ങർ റിയാദ് മഹ്റെസ് എന്നിവരെ പിന്തള്ളിയാണ് സാദിയോ മാനെ ആഫ്രിക്കൻ ഫുട്ബോളർ പട്ടം ചൂടിയത്. കഴിഞ്ഞ സീസണിൽ എല്ലാ ടൂർണമെന്റുകളിൽനിന്നുമായി 30 ഗോളുകൾ കണ്ടെത്തിയ ഇരുപത്തിയേഴുകാരനായ മാനെയുടെ കൂടി മികവിലാണ് ലിവർപൂൾ യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളായത്.

കഴിഞ്ഞ മൂന്നു വർഷവും ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരത്തിന്റെ അവസാന മൂന്നുപേരിൽ ഇടംനേടിയ മാനെ, റിയാദ് മഹ്റെസ് പുരസ്കാരം നേടിയ 2016ൽ മുഹമ്മദ് സലായ്ക്കും പിന്നിൽ മൂന്നാമനായിരുന്നു. മുഹമ്മദ് സലാ പുരസ്കാരം നേടിയ കഴിഞ്ഞ രണ്ടു വർഷവും മാനെ രണ്ടാം സ്ഥാനത്തെത്തി. ഇതിനു പിന്നാലെയാണ് ഇക്കുറി പുരസ്കാര നേട്ടം. ഈ സീസണിൽ ഇതുവരെ ലിവർപൂളിനായി 15 ഗോളുകളാണ് മാനെയുടെ സമ്പാദ്യം. മാനെ ഉൾപ്പെടെയുള്ള താരങ്ങളുടെ മിന്നുന്ന ഫോമിന്റെ മികവിലാണ് പ്രീമിയർ ലീഗിൽ 13 പോയിന്റിന്റെ വ്യക്തമായ ലീഡുമായി ലിവർപൂൾ ഒന്നാം സ്ഥാനം നിലനിർത്തുന്നത്.

ഈജിപ്തിലെ ഹർഘാടയിൽ നടന്ന പ്രത്യേക ചടങ്ങിൽ മാനെ പുരസ്കാരം സ്വീകരിച്ചു. കഴിഞ്ഞ രണ്ടു വർഷം തുടർച്ചയായി ജേതാവായ മുഹമ്മദ് സലായും അവസാന ഘട്ടം വരെ മാനെയ്ക്ക് പുരസ്കാര നേട്ടത്തിൽ ഭീഷണി ഉയർത്തിയ റിയാദ് മഹ്റെസും ചടങ്ങിനെത്തിയില്ല. 2002ൽ എൽ ഹാദ്ജി ദിയൂഫിനു ശേഷം ആഫ്രിക്കൻ ഫുട്ബോളർ പട്ടം നേടുന്ന ആദ്യ സെനഗൽ താരം കൂടിയാണ് മാനെ.

English Summary: Mane beats Salah, Mahrez to CAF African Player of the Year award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com