ADVERTISEMENT

കോഴിക്കോട് ∙ ഗോളിനു ദാഹിച്ച് ആക്രമിച്ചു കയറുന്നതിനിടെ സ്വന്തം വല മറന്ന ഗോകുലം കേരളയെ 3–2നു തകർത്ത് ഐ ലീഗ് ഫുട്ബോളി‍ൽ ചെന്നൈ സിറ്റിയുടെ ആഘോഷം. ത്രില്ലർ പോരാട്ടം കണ്ട കോർപറേഷൻ സ്റ്റേഡിയം ഒട്ടും പ്രഫഷനലല്ലാത്ത റഫറിയിങ്ങിനും വേദിയായി.

അവസാന 10 മിനിറ്റിൽ 3 പേർ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി. ഗോകുലം ഗോൾകീപ്പർ വിഘ്നേശ്വർ  ഭാസ്കർ (വിക്കി) പരുക്കേറ്റ് ആശുപത്രിയിലുമായി. 

സ്പാനിഷ് താരം അഡോൾഫോ മിറാൻഡ (44’), പ്രവിറ്റോ രാജു (55’), ബി.ശ്രീറാം (77’) എന്നിവർ ചെന്നൈയ്ക്കായി ലക്ഷ്യംകണ്ടു. ഗോകുലത്തിന്റെ 2 ഗോളും രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മലയാളി താരം ഷിബിൽ മുഹമ്മദിന്റെ വക.

3 ഗോളിനു പിന്നിട്ടുനിന്നിട്ടും അവസാന നിമിഷങ്ങളിൽ 2 ഗോളടിച്ച് ആതിഥേയർ പിടിച്ചുകയറിയെങ്കിലും വൈകിപ്പോയിരുന്നു. തോൽവിയോടെ ലീഗിൽ ഗോകുലം 7–ാം സ്ഥാനത്തേക്കു വീണു. 

ഗോകുലത്തിന്റെ തകർപ്പൻ ആക്രമണവും കളിയുടെ ഗതിക്കെതിരെ ചെന്നൈ നേടിയ ഗോളുമായിരുന്നു ആദ്യ പകുതിയുടെ വിശേഷങ്ങൾ.

ഗോൾമുഖത്ത് പന്ത് പിടിച്ചുവച്ച് നഷ്ടമാക്കിയ ക്യാപ്റ്റൻ മാർക്കസ് ജോസഫിനും സ്ഥാനംതെറ്റി കയറിയെത്തിയ ഗോളി വിക്കിക്കും ഗോളിൽ ‘പങ്കു’ണ്ടായിരുന്നു.

രണ്ടാം പകുതിയിൽ ഗോകുലം ആക്രമിച്ചു കയറുന്നതിനിടെ 55–ാം മിനിറ്റിൽ പ്രവിറ്റോ രാജു ചെന്നൈയ്ക്കായിഗോൾ നേടി. 76–ാം മിനിറ്റിൽ വീണ്ടും ഗോകുലം ഞെട്ടി. ഷെം മാർടൺ എഗെനെ നീട്ടിയ പാസ് ബി.ശ്രീറാം ഫിനിഷ് ചെയ്തു (3–0). 

മാർക്കസ്– ഷിബിൽ കൂട്ടുകെട്ടാണ് ഗോകുലം മത്സരത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രതീതി സൃഷ്ടിച്ചത്. 79–ാം മിനിറ്റിൽ  മാർക്കസിന്റെ ക്രോസിൽനിന്ന് ഷിബിൽ അനായാസം ഫിനിഷ് ചെയ്തു. 89–ാം മിനിറ്റിലെ ഗോൾ മാർക്കസ് നീട്ടിയ ഫ്രീക്കിക്കിൽനിന്ന്. 

85–ാം മിനിറ്റിൽ ചെന്നൈ താരവുമായി കൂട്ടിയിടിച്ചു വീണ് പരുക്കേറ്റ വിക്കിയെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. 3 സബ്സ്റ്റിറ്റ്യൂഷനും തീർന്നതിനാൽ അഫ്ഗാൻ ഡിഫൻഡർ ഹാറൂൺ അമീരി ഗ്ലവ്വണിഞ്ഞു. 

പ്രഫഷനൽ ലീഗിനു ചേരാത്തവിധം ദയനീയമായിരുന്നു മത്സരത്തിലെ റഫറിയിങ്. ചെന്നൈയ്ക്ക് ത്രോ അനുവദിച്ചതിൽ കുപിതനായി പന്ത് വലിച്ചെറിഞ്ഞ മുഹമ്മദ് ഇർഷാദിനാണ് ആദ്യത്തെ മാർച്ചിങ് ഓർഡർ കിട്ടിയത്.

തൊട്ടുപിന്നാലെ തെറ്റായ കോർണർ വിളിച്ചതിന് പൊട്ടിത്തെറിച്ച ‘ഗോളി’ ഹാറൂൺ അമീരിക്ക് താക്കീത്.

2 മിനിറ്റിനകം, ഒറ്റയ്ക്കു മുന്നേറിയെത്തിയ ചെന്നൈ താരത്തെ കയറിവന്ന് വീഴ്ത്തിയ ഹാറൂണിനും ചുവപ്പ് കാർഡ്. ഫലത്തിൽ ഗോകുലം 8 പേരായി ചുരുങ്ങി. 

പിന്നാലെ ഗോകുലം താരങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനെന്നോണം ചെന്നൈയുടെ മലയാളി താരം മഷ്ഹൂർ ഷരീഫിനും മാർച്ചിങ് ഓർഡർ നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com