ADVERTISEMENT

പാരിസ് ∙ സൂപ്പർ താരങ്ങളായ നെയ്മറെയും കിലിയൻ എംബപ്പെയെയും സാക്ഷിയാക്കി ഫ്രഞ്ച് ലീഗ് കപ്പിൽ മൗറോ ഇകാർദിയുടെ കിടിലൻ ഹാട്രിക്. അർജന്റീന താരത്തിന്റെ ഹാട്രിക്കിൽ സെന്റ് എറ്റീനെ 6–1നു തകർത്ത് പിഎസ്ജ് ലീഗ് കപ്പ് സെമിഫൈനലിൽ കടന്നു.

നെയ്മർ, എംബപ്പെ എന്നിവരും പാരിസ് ക്ലബ്ബിനായി ഗോൾ നേടി. ഒരു ഗോൾ എറ്റീൻ ഗോൾകീപ്പർ ജോസ്സി മോളിന്റെ സെൽഫ് ഗോൾ. യൊഹാൻ കബായെയാണ് എറ്റീന്റെ ആശ്വാസ ഗോൾ നേടിയത്.

നെയ്മർ, എംബപ്പെ, ഇകാർദി, ഡി മരിയ എന്നിവരെയെല്ലാം അണിനിരത്തി ‘ഫുൾ സ്ട്രെങ്ത്’ ടീമിനെയാണ് പിഎസ്ജി കോച്ച് തോമസ് ടൂഷൽ ഇറക്കിയത്. രണ്ടാം മിനിറ്റിൽ തന്നെ ഇകാർദി ടീമിന്റെ അക്കൗണ്ട് തുറന്നു. 

31–ാം മിനിറ്റിൽ ഡിഫൻഡർ വെസ്‌ലി ഫൊവാന ചുവപ്പു കാർഡ് പുറത്തായതോടെ എറ്റീന്റെ അവസ്ഥ പരിതാപകരമായി. ആളെണ്ണം മുതലെടുത്ത പിഎസ്ജി ആദ്യ പകുതിയിൽ തന്നെ 3–1നു മുന്നിലെത്തി. 39–ാം മിനിറ്റിൽ ഒരു ചിപ് ഷോട്ടിലൂടെ നെയ്മറാണ് പിഎസ്ജിയുടെ രണ്ടാം ഗോൾ നേടിയത്.

44–ാം മിനിറ്റിൽ മോളിന്റെ മേൽത്തട്ടി മറ്റൊരു പന്ത് കൂടി ഗോൾവര കടന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ടാം ഗോൾ നേടിയ ഇകാർദി 57–ാം മിനിറ്റിൽ ഹാട്രിക്കും തികച്ചു. രണ്ടു ഗോളുകൾക്കും സഹായിച്ചത് എംബപ്പെ. പത്തു മിനിറ്റിനു ശേഷം ഇകാർദി പ്രത്യുപകാരം ചെയ്തു.

ഇകാർദിയുടെ പാസിൽ നിന്ന് കുതിച്ചു കയറിയ എംബപ്പെയുടെ ക്ലോസ് റേഞ്ച് ഫിനിഷ്. ബ്രെസ്റ്റിനെ 3–1നു മറികടന്ന് ലയോണും സെമിയിലെത്തി. 

ലെസ്റ്ററിന് സമനില

ലണ്ടൻ ∙ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ രണ്ടാം സെമിയിലെ ആദ്യപാദ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച് ആസ്റ്റൻ വില്ല (1–1). 

    28–ാം മിനിറ്റിൽ ഫ്രഡി ഗിൽബർട്ടിലൂടെ മുന്നിലെത്തിയ വില്ല, അട്ടിമറി ജയത്തിലേക്കെത്തുമെന്നു തോന്നിച്ചെങ്കിലും 74–ാം മിനിറ്റിൽ കെലെച്ചി ഇഹെനാച്ചോയിലൂടെ ഗോൾ മടക്കിയ ലെസ്റ്റർ സമനില നേടി.  

   ഹാഫ് ടൈമിനു തൊട്ടുമുൻപായി ലീഡുയർത്താൻ ലഭിച്ച സുവർണാവസരം ഇസ്രൊ കോൻസ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ 29നു സ്വന്തം തട്ടകത്തിൽ നടക്കാനിരിക്കുന്ന രണ്ടാം പാദ സെമിയിലേക്കു വില്ലയ്ക്ക് ധൈര്യമായി വണ്ടി കയറാമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com