ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ 21 മത്സരങ്ങളിൽനിന്ന് 20–ാം ജയവുമായി ലിവർപൂൾ വിസ്മയക്കുതിപ്പു തുടരുന്നു. കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ തകർത്തത്. 37–ാം മിനിറ്റിൽ ബ്രസീലിയൻ താരം ഫിർമീനോയാണ് ചെമ്പടയുടെ വിജയഗോൾ നേടിയത്. ഇതോടെ 21 മത്സരങ്ങളിൽനിന്ന് 20 വിജയങ്ങൾ സഹിതം 61 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ ലീഡുയർത്തി. രണ്ടാമതുള്ള ലെസ്റ്റർ സിറ്റിയേക്കാൾ 16 പോയിന്റ് മുന്നിലാണ് ലിവർപൂൾ.

അതേസമയം, രണ്ടാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിക്ക് സതാംപ്ടണെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയത് തിരിച്ചടിയായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സതാംപ്ടൺ ലെസ്റ്ററിനെ തകർത്തത്. ഇതോടെ, ഇക്കഴിഞ്ഞ ഒക്ടോബോറിൽ എതിരില്ലാത്ത ഒൻപതു ഗോളുകൾക്ക് തോൽപ്പിച്ച നാണംകെടുത്തിയ ലെസ്റ്ററിനോട് മധുരപ്രതികാരം ചെയ്യാനും സതാംപ്ടണായി. ഡെന്നിസ് പ്രേറ്റ് 14–ാം മിനിറ്റിൽ നേടിയ ഗോളിൽ ലീഡ് നേടിയ ശേഷമാണ് തോല്‍വിയെന്നത് ലെസ്റ്ററിനും നിരാശയായി. സ്റ്റുവാർട്ട് ആംസ്ട്രോങ് (19), ഡാനി ഇങ്സ് (81) എന്നിവരാണ് സതാംപ്ടണായി ലക്ഷ്യം കണ്ടത്. 22 മത്സരങ്ങളിൽനിന്ന് 45 പോയിന്റുമായി രണ്ടാമതുണ്ടെങ്കിലും ഒരു കളി കുറച്ചുകളിച്ച മാഞ്ചസ്റ്റർ സിറ്റി ലെസ്റ്ററിനേക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണ്.

മറ്റൊരു മത്സരത്തിൽ കരുത്തരായ ആർസനലിനെ ക്രിസ്റ്റൽ പാലസ് സമനിലയിൽ കുരുക്കി. പിയറി–എമറിക് ഔബമെയാങ് 12–ാം മിനിറ്റിൽ നേടിയ ഗോളിൽ ലീഡ് നേടിയ ആർസനലിനെതിരെ, ജോർദാൻ ആയൂവിന്റെ (54) ഗോളിലാണ് ക്രിസ്റ്റൽ പാലസ് തളച്ചത്. 67–ാം മിനിറ്റിൽ ഔബമെയാങ് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയെങ്കിലും ആർസനൽ ‘സമനില’ കൈവിട്ടില്ല. ക്രിസ്റ്റൽ പാലസ് 29 പോയിന്റുമായി ഒൻപതാമതും ആർസനൽ 28 പോയിന്റുമായി 10–ാം സ്ഥാനത്തുമാണ്.

മറ്റു മത്സരങ്ങളിൽ ചെൽസി ബേൺലിയെയും (3–0), എവർട്ടൻ ബ്രൈറ്റനെയും (1–0), മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിച്ചിനെയും (4–0) തോൽപ്പിച്ചു. അതേസമയം, വൂൾവ്സും ന്യൂകാസിലും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ജോർജീഞ്ഞോ (27, പെനൽറ്റി), ടാമി ഏബ്രഹാം (38), ഹഡ്സൻ ഒഡോയ് (49) എന്നിവരുടെ ഗോളുകളിലാണ് ചെൽസി ബേൺലിയെ തകർത്തത്. 22 കളികളിൽനിന്ന് 39 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തു തുടരുന്നു. മാർക്കസ് റാഷ്ഫോർഡിന്റെ ഇരട്ടഗോളുകളുടെയും (27, 52–പെനൽറ്റി), ആന്തണി മാർഷ്യൽ (54), ഗ്രീൻവുഡ് (76) എന്നിവരുടെ ഗോളുകളുടെയും മികവിലാണ് യുണൈറ്റഡിന്റെ ജയം. 22 കളികളിൽനിന്ന് 34 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അവർ.

English Summary: Liverpool FC, Chelsea FC, Manchester United FC Win, EPL 2019-20 Latest Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com