ADVERTISEMENT

ജിദ്ദ ∙ പോരാടാനൊരു ഫൈനലും നേടാനൊരു കിരീടവുമുണ്ടെങ്കിൽ ലോകത്തെ ചാംപ്യൻ ടീം റയൽ മഡ്രിഡ് തന്നെ! വലിയ മത്സരങ്ങളിൽ അടിപതറില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ച് സിനദിൻ സിദാന്റെ താരക്കൂട്ടത്തിന് സ്പാനിഷ് സൂപ്പർ കപ്പ് കിരീടം. ഫൈനലിൽ പതിവു പോലെ വീണത് അയൽക്കാരായ അത്‌ലറ്റിക്കോ മഡ്രിഡ്.

നിശ്ചിത സമയത്തും അധിക സമയത്തും ഗോളില്ലാതെ നിന്ന മത്സരം പെനൽറ്റി ഷൂട്ടൗട്ടിൽ റയൽ സ്വന്തമാക്കിയത് 4–1ന്. കളിയിലും ഷൂട്ടൗട്ടിലും അത്‌ലറ്റിക്കോ ആക്രമണങ്ങളെ ചെറുത്ത ഗോൾകീപ്പർ തിബോ കോർട്ടോ ഫുട്ബോൾ സുന്ദരമായ ഒരു കളിയാണെന്നു വിശ്വസിക്കുന്നവരുടെ ഹീറോ.

അത്‌ലറ്റിക്കോ താരം അൽവാരോ മൊറാത്തയെ പിന്നിൽ നിന്നു കാൽവച്ചു വീഴ്ത്തി റയലിന്റെ ആയുസ്സു നീട്ടിയെടുത്ത ഫെഡറിക്കോ വാൽവെർദെ ഫുട്ബോൾ ഏതു വിധേനയും ജയിക്കേണ്ട പോരാട്ടമാണെന്നു കരുതുന്നവരുടെ ഹീറോ. പരിശീലകനായുള്ള രണ്ടാം വരവിലും റയലിനെ കിരീടത്തിലേക്കു വഴികാട്ടിയ സിനദിൻ സിദാൻ ഫുട്ബോൾ എന്നത് പരിശീലകരുടെ തലയിൽ കൂടി വിരിയുന്ന ചതുരംഗമാണെന്നു കരുതുന്നവരുടെ ഹീറോ.

sergio-ramos-trophy
റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് കിരീടവുമായി.

വിളിച്ചു, വന്നു, ജയിച്ചു

തിങ്ങിഞ്ഞെരുങ്ങി വന്നെങ്കിലും,  നെഞ്ചു വിരിച്ചാണ് റയൽ ജിദ്ദയിൽനിന്നു മടങ്ങുന്നത്. കഴിഞ്ഞ ലാ ലിഗയിലെയും കോപ്പ ഡെൽ റെയിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്കു മാത്രമായിരുന്നു സൂപ്പർ കപ്പിന് യോഗ്യത. എന്നാൽ ബാർസിലോന ലാ ലിഗ ചാംപ്യൻമാരും കോപ്പ ഡെൽ റെ റണ്ണർ അപ്പുമായി ‘രണ്ടു വട്ടം’ യോഗ്യത നേടിയതിനാൽ  ലാ ലിഗ മൂന്നാം സ്ഥാനക്കാരായ റയലിനു വഴിയൊരുങ്ങി.   ബെൻസേമ,  ബെയ്ൽ,  ഹസാഡ് എന്നിവരെ പരുക്കു മൂലം ലഭ്യമല്ലാത്തതിനാൽ അഞ്ചംഗ മധ്യനിരയെയാണ് സിദാൻ വിന്യസിപ്പിച്ചത്. 

 റയൽ ഡിഫൻസിന്റെ അമാന്തം കൊണ്ട് രണ്ടു വട്ടം അത്‌ലറ്റിക്കോയ്ക്ക് അവസരം കിട്ടിയതാണ്. എന്നാൽ റാമോസ് ‘സമ്മാനിച്ച’ പാസ് ജോവ ഫെലിക്സ് അടിച്ചു പറത്തി. ഫെർലാൻഡ് മെൻഡിയിൽ നിന്നു കിട്ടിയ പന്ത് മൊറാത്ത വച്ചു താമസിപ്പിച്ച് നഷ്ടമാക്കുകയും ചെയ്തു.

സേവ് ദ് ഗോൾ!

ബോക്സിനുള്ളിൽ ‘സേവ് ദ് ഗോൾ’ എന്ന പോസ്റ്റർ ഉയർത്തിപിടിച്ച പോലെ ഉറച്ചു നിന്ന ഗോൾകീപ്പർമാരാണ് കളിയെ നിശ്ചിതസമയത്തിനപ്പുറം നീട്ടിയത്. കീറോൺ ട്രിപ്പിയറുടെ ആകാശപ്പാസിൽ നിന്നുള്ള പന്തിനെ മൊറാത്ത കൃത്യതയോടെ ഗോളിലേക്കു ലക്ഷ്യം വച്ചെങ്കിലും റയൽ ഗോൾകീപ്പർ തിബോ തട്ടിയകറ്റി. അധികസമയത്ത് മൊറാത്തയുടെ മറ്റൊരു ശ്രമവും കോർട്ടോ കാലു കൊണ്ടു തട്ടിയകറ്റി. അത്‌ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്കും മോശമാക്കിയില്ല. ലൂക്ക മോഡ്രിച്ചിന്റെ ഒരു മഴവിൽ ഷോട്ടും മരിയാനോ ഡയസിന്റെ ഫോളോഅപ്പും ഒബ്ലാക്ക് തടഞ്ഞിട്ടു. 

എന്നാൽ കളി നിർണയിച്ച നിമിഷം ഇതൊന്നുമായിരുന്നില്ല. 115–ാം മിനിറ്റിൽ സോൾ നിഗ്വേസ് നൽകിയ പന്തുമായി ഗോളിലേക്കു  കുതിക്കുകയായിരുന്ന മൊറാത്തയെ വാൽവെർദെ ബോക്സിനു തൊട്ടുപുറത്തുവച്ച്   വീഴ്ത്തി. യുറഗ്വായ് താരത്തിന് ചുവപ്പു കാർഡ്. 

ഫ്രീകിക്ക് മുതലെടുക്കാൻ‌ അത്‌ലറ്റിക്കോയ്ക്കായില്ല. കളി ഷൂട്ടൗട്ടിലേക്ക്.   സോൾ നിഗ്വേസിന്റെ ആദ്യ കിക്ക് പോസ്റ്റിൽത്തട്ടിത്തെറിച്ചു. തോമസ് പാർട്ടെയുടെ രണ്ടാം കിക്ക് കോർട്ടോ സേവ് ചെയ്തു.

റയലിന്റെ ആദ്യ മൂന്നു കിക്കുകളും ഡാനി കർവഹാൽ, റോഡ്രിഗോ, ലൂക്ക മോഡ്രിച്ച് എന്നിവർ ലക്ഷ്യത്തിലെത്തിച്ചു. അത്‌ലറ്റിക്കോയുടെ മൂന്നാം കിക്കിൽ ട്രിപ്പിയർ ലക്ഷ്യം കണ്ടെങ്കിലും കളിയുടെ വിധി സെർജിയോ റാമോസിന്റെ കാൽക്കൽ‌ വന്നു നിന്നു. സിംഹഹൃദയമുള്ള ക്യാപ്റ്റനു പിഴച്ചില്ല. ഗോൾ. റയലിനു 11–ാം സ്പാനിഷ് സൂപ്പർ കപ്പ്!

spanish-league
അത്‌ലറ്റിക്കോ താരം മൊറാത്തയെ റയൽ താരം വാൽവെർദെ (ഇടത്) ബോക്സിനു തൊട്ടുപുറത്ത് വീഴ്ത്തിയപ്പോൾ.

9 ഫൈനലുകളിൽ ഒൻപതിലും സിദാൻ

റയൽ മഡ്രിഡ് പരിശീലകനായുള്ള 9 ഫൈനലുകളിൽ ഒൻപതിലും സിനദിൻ സിദാൻ വിജയം കണ്ടു. 3 ചാംപ്യൻസ് ലീഗ്, 2 ക്ലബ് ലോകകപ്പ്, 2 യുവേഫ സൂപ്പർ കപ്പ്, 2 സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയാണിവ.

വാൽവെർദെ ചെയ്തത് ശരി: സിമിയോണി

അധിക സമയത്ത് അൽവാരോ മൊറാത്തയെ ഫൗൾ ചെയ്തു വീഴ്ത്തി തന്റെ ടീമിന്റെ ജയം തടഞ്ഞെങ്കിലും റയൽ താരം ഫെഡറിക്കോ വാൽവെർദെയോട് തനിക്കു പരിഭവമില്ലെന്ന് അത്‌ലറ്റിക്കോ മഡ്രിഡ് പരിശീലകൻ ഡിയേഗോ സിമിയോണി. ‘‘സ്വന്തം ടീമിന്റെ ജയം ആഗ്രഹിക്കുന്ന ഏതൊരു കളിക്കാരനും ചെയ്യേണ്ടതാണ് വാൽ‌വെർദെ ചെയ്തത്.

ഇക്കാര്യം വാൽവെർദെയോട് നേരിട്ടു ഞാൻ പറഞ്ഞു. ആ ഫൗളിലാണ് റയൽ കളി ജയിച്ചത്. ഫൈനലിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം അദ്ദേഹത്തിനു നൽകിയതിലും തെറ്റില്ല.’’– മത്സരശേഷം സിമിയോണി പറഞ്ഞു.

English Summary: Real Madrid Vs Atletico Madrid, Spanish Super Cup Final, Live Upadates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com