ADVERTISEMENT

ലണ്ടൻ∙ തകർപ്പൻ ഹാട്രിക്കുമായി ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന വിദേശതാരമെന്ന റെക്കോർഡിലേക്ക് അർജന്റീന താരം സെർജിയോ അഗ്യൂറോ കുതിച്ചുകയറിയ ആവേശപ്പോരിൽ ആസ്റ്റൺ വില്ലയെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർസിറ്റി. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് സിറ്റി ആസ്റ്റൺ വില്ലയെ വീഴ്ത്തിയത്. 28, 57, 81 മിനിറ്റുകളിലായാണ് അഗ്യൂറോ ഹാട്രിക് നേടിയത്. റിയാദ് മെഹ്റസിന്റെ ഇരട്ടഗോളും (18, 24), ഗബ്രിയേൽ ജീസസിന്റെ ഗോളും (45+1) ചേരുമ്പോൾ സിറ്റിയുടെ ഗോൾപ്പട്ടിക പൂർണം. വില്ലയുടെ ആശ്വാസഗോൾ ഇൻജറി ടൈമിൽ എൽ ഗാസി നേടി.

വിജയത്തോടെ 22 മത്സരങ്ങളിൽനിന്ന് 47 പോയിന്റുമായി സിറ്റി ലെസ്റ്റർ സിറ്റിയെ മറികടന്ന് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി. മാത്രമല്ല, ഒന്നാമതുള്ള ലിവർപൂളുമായുള്ള വ്യത്യാസം 14 പോയിന്റാക്കി കുറയ്ക്കുകയും ചെയ്തു. ലിവർപൂൾ സിറ്റിയേക്കാൾ ഒരു മത്സരം കുറച്ചേ കളിച്ചിട്ടുള്ളൂ. പ്രീമിയർ ലീഗിലെ 12–ാം ഹാട്രിക്കുമായി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച അഗ്യൂറോ, ഇതിനിടെയാണ് പ്രീമിയർ ലീഗിലെ വിദേശകളായ ടോപ് സ്കോറർമാരിൽ ഫ്രാൻസിന്റെ തിയറി ഹെൻറിയെ മറികടന്ന് മുന്നിലെത്തിയത്. സ്വദേശ താരങ്ങളെക്കൂടി പരിഗണിച്ചാൽ ഫ്രാങ്ക് ലംപാർഡിനൊപ്പം 177 ഗോളുമായി നാലാം സ്ഥാനത്താണ് അഗ്യൂറോ. മുന്നിലുള്ളത് അലൻ ഷിയറർ (260), വെയ്ൻ റൂണി (208), ആൻഡി കോൾ (187) എന്നിവർ മാത്രം.

∙ റോണോ ഗോളിൽ യുവെന്റസ്

ഇറ്റാലിയൻ ലീഗിൽ ആദ്യ 10 മിനിറ്റിനുള്ളിൽ നേടിയ ഇരട്ടഗോളിൽ എഎസ് റോമയുടെ വെല്ലുവിളി മറികടന്ന് യുവെന്റസ് ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്ത്. മെരീഹ് ഡെമിറാൽ (മൂന്ന്) ക്രിസ്റ്റ്യാനോ റൊണാൾഡോ (10, പെനൽറ്റി) എന്നിവർ നേടിയ ഗോളുകളാണ് യുവെന്റസിന് വിജയം സമ്മാനിച്ചത്. പൗലോ ഡൈബാലയുടെ ഫ്രീകിക്കിൽനിന്നായിരുന്നു ഡെമിറാലിന്റെ ഗോളെങ്കിൽ, ഡൈബാലയെ വീഴ്ത്തിയതിനായിരുന്നു യുവെയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി. റോമയുടെ ആശ്വാസഗോൾ ഡീഗോ പെറോട്ടി 68–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നു നേടി.

ഈ വിജയത്തോടെ 19 കളികളിൽനിന്ന് 48 പോയിന്റുമായാണ് യുവെ ഒന്നാം സ്ഥാനം ഒറ്റയ്ക്ക് സ്വന്തമാക്കിയത്. യുവെയ്ക്കൊപ്പത്തിനൊപ്പം നിന്നിരുന്ന ഇന്റർമിലാന് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അറ്റലാന്റയ്‍ക്കെതിരെ പിണഞ്ഞ സമനിലയാണ് (1–1) തിരിച്ചടിയായത്. 19 മത്സരങ്ങളിൽനിന്ന് 46 പോയിന്റുമായി ഇന്റർ രണ്ടാമതാണ്.

∙ നെയ്മറിന് ഇരട്ടഗോൾ, സമനില തെറ്റാതെ പിഎസ്ജി

ഫ്രഞ്ച് ലീഗ് വണ്ണിൽ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ഇരട്ടഗോളുമായി മിന്നിയ മത്സരത്തിൽ സമനില തെറ്റാതെ പിഎസ്ജി. ലീഗിൽ ഒന്നാമൻമാരായ പിഎസ്ജിയെ മൊണാക്കോയാണ് സമനിലയിൽ തളച്ചത്. മൂന്നു ഗോളുകൾ വീതമടിച്ചാണ് ഇരു ടീമുകളും സമനിലയ്ക്കു സമ്മതിച്ചത്. മൂന്ന്, 42 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു നെയ്മറിന്റെ ഗോളുകൾ. ബല്ലോ ടൂറെയുടെ സെൽഫ് ഗോളാണ് (24) പിഎസ്ജിക്ക് മൂന്നാം ഗോൾ സമ്മാനിച്ചത്. മൊണാക്കോയ്‌ക്കായി ജെൽസൻ മാർട്ടിൻസ് (ഏഴ്), ബെൻ യെദ്ദര്‍ (13), സ്ലിമാനി (70) എന്നിവരും ലക്ഷ്യം കണ്ടു.

സമനിലയിൽ കുരുങ്ങിയെങ്കിലും 19 കളികളിൽനിന്ന് 46 പോയിന്റുമായി പിഎസ്ജി തന്നെയാണ് ലീഗിൽ മുന്നിൽ. ഇത്രയും കളികളിൽനിന്ന് 29 പോയിന്റുള്ള മൊണാക്കോ എട്ടാം സ്ഥാനത്താണ്.

English Summary: English Premier League, French League One, Italian Serie A - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com