ADVERTISEMENT

മഡ്രിഡ് ∙ ഒടുവിൽ ബാർസിലോന ആ തീരുമാനമെടുത്തു; പരിശീലകൻ ഏണസ്റ്റോ വാൽവെർദെയുമായി ഇനി മുന്നോട്ടു പോകുന്നില്ല. ഒപ്പം, മുൻതാരം ചാവി ഹെർണാണ്ടസ് പരിശീലകനായി എത്തുമെന്നുള്ള അഭ്യൂഹങ്ങൾക്കും വിരാമം. സ്പെയിൻകാരൻ തന്നെയായ ക്വിക്കെ സെറ്റിയനാണ് കറ്റാലൻ ക്ലബ്ബിന്റെ പുതിയ പരിശീലകൻ. 2022 ജൂൺ 30 വരെയാണ് അറുപത്തിയൊന്നുകാരനായ സെറ്റിയെനുമായുള്ള കരാർ. ലാ ലിഗയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ 5 കളികളിൽ ഒന്നിൽ മാത്രമാണു ബാർസ ജയിച്ചത്. സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ അത്‌ലറ്റിക്കോ മഡ്രിഡിനോട് തോറ്റു പുറത്താവുകയും ചെയ്തു.

ഇതോടെയാണ്, ആരാധകരിൽ പലർക്കും നേരത്തേതന്നെ താൽപര്യമില്ലാത്ത വാൽവെർദെയെ പുറത്താക്കാൻ ബാർസ മാനേജ്മെന്റ് തീരുമാനമെടുത്തത്. 2003ൽ ലൂയി വാൻ ഗാൾ പുറത്താക്കപ്പെട്ടതിനു ശേഷം സീസൺ മധ്യേ പുറത്തു പോകേണ്ടി വരുന്ന ആദ്യ ബാർസ പരിശീലകനാണ് അൻപത്തിയഞ്ചുകാരനായ വാൽവെർദെ. ചാവിയെ പിൻഗാമിയായി നീക്കങ്ങൾ നടന്നെങ്കിലും താൻ ഇപ്പോൾ സജ്ജനല്ല എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

∙ സ്റ്റൈലിസ്റ്റ് സെറ്റിയെൻ

മുൻ ബാർസ പരിശീലകരെപ്പോലെ സുന്ദരമായ കളിശൈലിക്കു പ്രാധാന്യം നൽകുന്ന പരിശീലകനാണ് സെറ്റിയെനും. ‘സെറ്റിയെൻ സ്പാനിഷ് ലീഗിലെ ഏറ്റവും പരിചയസമ്പന്നരായ പരിശീലകരിലൊരാളാണ്. പൊസഷൻ അടിസ്ഥാനമായുള്ള ആക്രമണ ഫുട്ബോളിന്റെ വക്താവാണ് അദ്ദേഹം. ആരാധകരെ ആനന്ദിപ്പിക്കാൻ അദ്ദേഹത്തിനാകും.’– പത്രക്കുറിപ്പിൽ ബാർസിലോന ക്ലബ് പുതിയ പരിശീലകനെ വിശേഷിപ്പിച്ചതിങ്ങനെ.

കളിക്കാലത്ത് സെൻട്രൽ മിഡ്ഫീൽഡറായിരുന്ന സെറ്റിയെൻ ക്ലബ് കരിയറിൽ റേസിങ് സറ്റാൻഡർ, അത്‌ലറ്റിക്കോ മഡ്രിഡ്, ലോഗ്രോനെസ്, ലെവാന്തെ എന്നിവയ്ക്കു വേണ്ടി കളിച്ചു. സ്പെയിനു വേണ്ടി 3 രാജ്യാന്തര മത്സരങ്ങളിൽ മാത്രമാണു ജഴ്സിയണിഞ്ഞത്. പിന്നീട് 2001ൽ റേസിങ് സറ്റാൻഡറിലൂടെ തന്നെ പരിശീലകനായി. 2017 മുതൽ 2019 വരെ റയൽ ബെറ്റിസിന്റെ പരിശീലകനായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ പരിശീലക മികവ് ശ്രദ്ധിക്കപ്പെടുന്നത്.

ആദ്യ സീസണിൽ ടീമിനെ ലാ ലിഗയിൽ 6–ാം സ്ഥാനത്തെത്തിച്ച അദ്ദേഹം ടീമിനെ യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലുമെത്തിച്ചു. കഴിഞ്ഞ സീസണിൽ ബാർസയെ നൂകാംപിൽ അട്ടിമറിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ ടീം. ഞായറാഴ്ച ഗ്രനഡയ്ക്കെതിരെയുള്ള കളിയാകും ബാർസ പരിശീലകനെന്ന നിലയിൽ സെറ്റിയെന്റെ ആദ്യ മത്സരം.

∙ വരുമാനത്തിൽ റയലിനെ കടന്ന് ബാർസ

സ്പാനിഷ് സൂപ്പർ കപ്പിൽ കിരീടം ചൂടിയെങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ റയൽ മഡ്രിഡ് ഇത്തവണ ബാർസിലോനയ്ക്കു പിന്നിലായി. ഡിലോയിറ്റ് ഫുട്ബോൾ മണി ലീഗിന്റെ പട്ടികയിലാണ് കഴിഞ്ഞ വർഷം 84 കോടി യൂറോ (ഏകദേശം 6610 കോടി രൂപ) വരുമാനവുമായി ബാർസ ഒന്നാമതെത്തിയത്. 80 കോടി യൂറോ എന്ന നേട്ടം പിന്നിടുന്ന ആദ്യ ക്ലബ്ബുമായി ബാർസ. 75.73 കോടി യൂറോയാണ് (ഏകദേശം 5957 കോടി രൂപ) റയലിന്റെ വരുമാനം.

മാഞ്ചസ്റ്റർ യുണൈറ്റ‍ഡ്, ബയൺ മ്യൂണിക്ക്, പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടനം, ചെൽസി, യുവെന്റസ് എന്നിവരാണ് ആദ്യ പത്തിലെ പിന്നീടുള്ളവർ. ആർസനൽ ഇതാദ്യമായി ആദ്യ പത്തിൽനിന്നു പുറത്തായി.

English Summary: Quique Setién is the new coach of FC Barcelona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com